Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രത്യേക വ്യവസായ മേഖല; കരടുനിയമത്തിന് മന്ത്രിസഭാ അംഗീകാരം

industyr

ദോഹ ∙ പ്രത്യേക വ്യവസായ മേഖലകളെ സംബന്ധിച്ച കരടുനിയമത്തിനു പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.

ഒരു പ്രത്യേക പ്രദേശത്തു വ്യാവസായികാവശ്യത്തിനു മാത്രമായി അനുവദിക്കുന്ന ഭൂമി, അതിലുള്ള നിർമിതികൾ, അതിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന മറ്റുസൗകര്യങ്ങൾ എന്നിവ മൊത്തത്തിലാണു വ്യവസായമേഖല എന്നു കരടുനിയമത്തിൽ നിർവചിച്ചിരിക്കുന്നത്‌. ഊർജ വ്യവസായ മന്ത്രിയുടെ ശുപാർശയിൽ മന്ത്രിസഭയ്‌ക്കാണു പ്രത്യേക വ്യവസായ മേഖലകൾ സംബന്ധിച്ചു തീരുമാനമെടുക്കാൻ അവകാശമുള്ളത്. ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ചാവണം വ്യവസായ മന്ത്രി ഇതു സംബന്ധിച്ച ശുപാർശ മന്ത്രിസഭയ്‌ക്കു സമർപ്പിക്കാൻ. സർക്കാർ ഉടമസ്‌ഥതയിലുള്ള ഭൂമിയാണു വ്യവസായമേഖലകൾക്കായി നൽകുക.

അവയുടെ ഉടമസ്‌ഥാവകാശം സർക്കാരിൽത്തന്നെ നിക്ഷിപ്‌തമായിരിക്കും. ഈ ഭൂമിയിലുള്ള പ്രകൃതിവിഭവങ്ങളുടെ ഉടമസ്‌ഥാവകാശവും സർക്കാരിനാവും. വ്യവസായ മേഖലകൾക്കായുള്ള ഭൂമിയിൽ നിലവിലുള്ള പാട്ടക്കാർക്ക്‌ അവരുടെ നഷ്‌ടത്തിനനുസരിച്ചു മതിയായ നഷ്‌ടപരിഹാരം നൽകാനും കരടുനിയമത്തിൽ‌ വ്യവസ്‌ഥയുണ്ട്. ബന്ധപ്പെട്ട അധികൃതരുടെയും വ്യവസായമന്ത്രാലയത്തിന്റെയും അനുമതിയില്ലാത്ത ഒരു കമ്പനിയും വ്യവസായമേഖലയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. മന്ത്രിസഭ അംഗീകരിച്ച നിയമം ഉപദേശകസമിതിയായ ശൂറകൗൺസിലിന്റെ പരിഗണനയ്‌ക്കു കൈമാറി. വിശദ ചർച്ചകളുടെയും പഠനത്തിന്റെയും അടിസ്‌ഥാനത്തിലുള്ള ശുപാർശകളോടെ കരടുനിയമം ശൂറാകൗൺസിൽ മന്ത്രിസഭയ്‌ക്കുതന്നെയാണു കൈമാറുക.

ശൂറാകൗൺസിൽ ശുപാർശകൾകൂടി കണക്കിലെടുത്ത്‌ മന്ത്രിസഭ നിയമത്തിന്‌ അന്തിമരൂപം നൽകും. തുടർന്ന്‌ ഇതു നടപ്പാക്കാനുള്ള ശുപാർശയോടെ കരടുനിയമം അമീറിന്റെ പരിഗണനയ്‌ക്കു സമർപ്പിക്കും. അമീർ അംഗീകരിച്ച്‌ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുമ്പോഴാണു നിയമം പ്രാബല്യത്തിലാവുക.

ഖത്തർ ഇലക്‌ട്രിസിറ്റി ആൻഡ്‌ വാട്ടർ കോർപറേഷന്‌ (കഹ്‌റാമ) വൈദ്യുത, കുടിവെള്ള പ്ലാന്റ്‌ നിർമാണത്തിനായി ഭൂമി അനുവദിക്കാനുള്ള മന്ത്രിതല ഉത്തരവിനും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. കപ്പലുകളുടെ നിയന്ത്രണം സംബന്ധിച്ച 2004ലെ രാജ്യാന്തര കരാറായ ബല്ലാസ്‌റ്റ്‌ വാട്ടർ ആൻഡ്‌ സെഡിമെന്റ്‌സും മന്ത്രിസഭായോഗം അംഗീകരിച്ചു. ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.