Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൂറിസം മേഖലയിലെ സുസ്ഥിര വികസനം: ഖത്തറിനെ അഭിനന്ദിച്ച് യുഎൻഡബ്ല്യുടിഒ

tourist

ദോഹ ∙ ടൂറിസം മേഖലയിലെ സുസ്ഥിര വികസനം മുൻനിർത്തി ഖത്തർ നടപ്പാക്കുന്ന പദ്ധതികളെ അഭിനന്ദിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓർഗനൈസേഷൻ (യുഎൻഡബ്ല്യുടിഒ). ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്നതിനു പര്യാപ്തമായ നടപടികളാണു ഖത്തർ സ്വീകരിക്കുന്നതെന്നു യുഎൻഡബ്ല്യുടിഒ സെക്രട്ടറി ജനറൽ താലേബ് റിഫായ് പറഞ്ഞു. ചൈനയിൽ യുഎൻഡബ്ല്യുടിഒയുടെ ജനറൽ അസംബ്ലി യോഗത്തിൽ ഖത്തർ ടൂറിസം അതോറിറ്റി (ക്യുടിഎ) ചീഫ് ടൂറിസം ഡവലപ്മെന്റ് ഓഫിസർ ഹസ്സൻ അൽ ഇബ്രാഹിമും താലേബ് റിഫായും കൂടിക്കാഴ്ച നടത്തി.

ടൂറിസം മേഖലയിൽ ഖത്തർ നടപ്പാക്കുന്ന പുതിയ പദ്ധതികളെ കുറിച്ച് ക്യുടിഎ അധികൃതർ റിഫായോടു വിശദീകരിച്ചു. 27നു ദോഹയിൽ ലോക ടൂറിസം ദിനാഘോഷം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും ചർച്ച ചെയ്തു. ചൈന നാഷനൽ ടൂറിസം അഡ്മിനിസ്ട്രേഷന്റെ അംഗീകൃത വിനോദ സഞ്ചാര കേന്ദ്രമെന്ന പദവി ലഭിച്ചതിനു റിഫായ് ക്യുടിഎയെ അഭിനന്ദിച്ചു. ഇതുമൂലം ഖത്തറിലേക്കു കൂടുതൽ ചൈനീസ് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ചൈനയിൽ പ്രതിനിധി ഓഫിസ് തുറക്കാനും സാധിക്കും. ചൈനയ്ക്കും ഖത്തറിനുമിടയിൽ ടൂറിസം മേഖലയിൽ ബന്ധങ്ങൾ ശക്തമാക്കാൻ ഇതു വഴിതെളിക്കുമെന്നും റിഫായ് പറഞ്ഞു.

ഖത്തറിന്റെ ദേശീയ ടൂറിസം നയരേഖ 2030ൽ തനിക്കു പൂർണ ആത്മവിശ്വാസമുണ്ട്. 2014ൽ പ്രഖ്യാപിച്ച ആദ്യത്തെ ടൂറിസം നയരേഖയുടെ ഉറച്ച അടിത്തറയിൽനിന്നുകൊണ്ടുതന്നെയാവും ഈ നയരേഖയും തയാറാക്കുകയെന്നു താൻ പ്രതീക്ഷിക്കുന്നുവെന്നും റിഫായ് പറഞ്ഞു. ദോഹയിൽ 27നു നടക്കുന്ന ലോക ടൂറിസം ദിനാഘോഷത്തിലാണു ഖത്തറിന്റെ പുതിയ ടൂറിസം നയരേഖ അവതരിപ്പിക്കുക. ഖത്തറിന്റെ ടൂറിസം വികസനത്തിനു യുഎൻഡബ്ല്യുടിഒ സെക്രട്ടറി ജനറലെന്ന നിലയിൽ റിഫായ് നൽകുന്ന പിന്തുണയ്ക്കു ഹസ്സൻ അൽ ഇബ്രാഹിം നന്ദി പറഞ്ഞു. ഏറെ പ്രധാന്യത്തോടെയാണു ഖത്തർ ലോക ടൂറിസം ദിനാഘോഷത്തിന് ആതിഥ്യം വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ അടുത്ത അഞ്ചു വർഷത്തേക്കുള്ള പദ്ധതികൾ ആഘോഷ വേളയിൽ അവതരിപ്പിക്കും. അറബ് ആതിഥേയ മര്യാദകൾ അനുഭവിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.