Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയോധികരുടെ മനുഷ്യാവകാശം: മുന്തിയ പരിഗണനയെന്ന്‌ ഖത്തർ

old-man

ദോഹ ∙ മുതിർന്ന വ്യക്‌തികളുടെ മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാരും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളും നൽകുന്നത് മുന്തിയ പരിഗണനയെന്ന്‌ ഖത്തർ. ഇതിനായി പ്രത്യേക നിയമങ്ങൾ പാസാക്കുകയും വയോജന ശാക്‌തീകരണ, സംരക്ഷണ കേന്ദ്രം (ഇഷാൻ) പോലുള്ള സ്‌ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും യുഎന്നിലെ ഖത്തർ പെർമനന്റ്‌ മിഷൻ ഫസ്‌റ്റ്‌ സെക്രട്ടറി മഹ അൽ മുദാദി പറഞ്ഞു.

ജനീവയിൽ യുഎൻ മനുഷ്യാവകാശ സമിതിയുടെ 36-ാമതു പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കവേയാണ്‌ അവർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്‌. തിങ്കളാഴ്‌ച ആരംഭിച്ച സമ്മേളനം ഈ മാസം 29 വരെ നീളും. സാങ്കേതിക വിദ്യകളും സ്വയംനിയന്ത്രിത ചലനോപകരണങ്ങളും വയോധികരെ പരാശ്രയമോ വിവേചനമോ ഇല്ലാതെ അന്തസ്സായി ജീവിക്കാൻ ഏറെ സഹായിക്കുന്നുണ്ട്‌. വിവരസാങ്കേതികത അവർക്ക് കുടുംബാംഗങ്ങളുമായും സമൂഹവുമായും അടുത്തിടപഴകാനും സഫലമായി ജീവിക്കാനും സൗകര്യമൊരുക്കുന്നു.

സാധാരണ ചുറ്റുപാടിൽ നിന്നു മുതിർന്നവരെ ഒറ്റപ്പെടുത്താനോ അവഗണിക്കാനോ സാങ്കേതിക സൗകര്യങ്ങൾ ആരും ഉപയോഗിക്കരുതെന്നും മറിച്ച് സ്‌നേഹവും അലിവും പകർന്നു കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുഖ്യധാരയിൽ അവരെ നിലനിർത്താനേ ഇവ ഉപയോഗിക്കാവൂ എന്നും മഹ നിർദേശിച്ചു. മുതിർന്നവർക്കു മക്കളുടെയും കൊച്ചുമക്കളുടെയും സഹായത്തോടെ വിവരസാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിനു ഖത്തർ ഗതാഗത വാർത്താവിനിമയ മന്ത്രാലയം വസ്‌ല എന്ന പേരിൽ ഐസിടി പരിശീലന പദ്ധതി നടപ്പാക്കുന്ന കാര്യവും അവർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.