Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷത്തിമർപ്പിൽ വീണ്ടും സ്‌കൂളിലേക്ക്‌

back-to-school വേനൽക്കാല അവധിക്കുശേഷം സ്കൂളുകൾ ഇന്നു തുറക്കുന്നു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ‘സ്കൂളിലേക്കു മടങ്ങാം’ പ്രചാരണ പരിപാടിയിൽ വിദ്യാർഥികൾ.

ദോഹ ∙ എഴുപതു ദിവസത്തിലേറെ നീണ്ട മധ്യവേനൽ അവധിക്കുശേഷം ഖത്തറിലെ സ്‌കൂളുകൾ ഇന്നു തുറക്കുന്നു. പൊതുമേഖലാ (സർക്കാർ) സ്‌കൂളുകളിൽ ഇന്നു പുതിയ വിദ്യാഭ്യാസ വർഷം തുടങ്ങുമ്പോൾ സിബിഎസ്‌ഇ സിലബസിലുള്ള ഇന്ത്യൻ സ്‌കൂളുകളിൽ ഇതു രണ്ടാംടേമിന്റെ ആരംഭമാണ്‌.

എങ്കിലും ഇന്ത്യൻ വിദ്യാർഥി സമൂഹവും പുതിയ വിദ്യാഭ്യാസ വർഷത്തിന്റെ ആഹ്ലാദവും പ്രസരിപ്പും ഉൾക്കൊണ്ടാണ്‌ ഇന്നു സ്‌കൂളുകളിലേക്കെത്തുന്നത്‌. കിന്റർഗാർട്ടൻ മുതൽ പ്ലസ്‌ടു വരെയുള്ള ക്ലാസുകളിലായി മൂന്നുലക്ഷത്തോളം കുട്ടികളാണ്‌ ഇന്ന്‌ സ്‌കൂളുകളിലേക്ക്‌ എത്തുന്നത്‌. സ്വദേശി, അറബ്‌ വിദ്യാർഥികൾ പെരുന്നാൾ ആഘോഷത്തിന്റെയും മലയാളി വിദ്യാർഥികൾ പെരുന്നാളിന്റെയും ഓണത്തിന്റെയും ആഘോഷവേളകൾ പിന്നിട്ടാണ്‌ സ്‌കൂളിലേക്കെത്തുന്നത്‌ എന്നതിനാൽ പൊതുവേ കുട്ടികൾ ഉൽസാഹത്തിമർപ്പിലാണ്‌.

സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി മാളുകൾ ബാക്ക്‌ ടു സ്‌കൂൾ പ്രമോഷൻ പ്രഖ്യാപിച്ചിരുന്നതിനാൽ പുതിയ യൂണിഫോമും പുത്തൻ ബാഗുമായി തികച്ചും പുതുമോടിയോടെയാണ്‌ കുട്ടികളെത്തുക. പൊതുമേഖലയിൽ (വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ) 189 സ്‌കൂളുകളും സ്വകാര്യമേഖലയിൽ 245 സ്‌കൂളുകളുമാണ്‌്‌ ഖത്തറിൽ ഉള്ളത്‌. ഇന്ത്യൻ സ്‌കൂളുകളിൽ പഠനത്തിന്റെ തുടർച്ചയായതിനാൽ കുട്ടികൾക്ക്‌ അവധിക്കാല പ്രോജക്‌ടുകളും ഗൃഹപാഠങ്ങളുമായി ചെയ്‌തുതീർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. ഒന്നാംടേം പരീക്ഷ കഴിഞ്ഞ ഇന്ത്യൻ സ്‌കൂളുകളിൽ അതിന്റെ റിസൾട്ടാണ്‌ കുട്ടികളെ കാത്തിരിക്കുന്നത്‌. പരീക്ഷ ഇനിയും കഴിയാത്ത സ്‌കൂളുകളിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന പരീക്ഷയ്‌ക്കുള്ള ഊർജിത തയാറെടുപ്പിലാണ്‌ കുട്ടികൾ.

എന്നാൽ രക്ഷിതാക്കളെ സംബന്ധിച്ച്‌ ആഘോഷവേളകൾക്കു തൊട്ടുപിന്നാലെ സ്‌കൂൾ തുറക്കുന്നത്‌ ചെലവ്‌ കൂട്ടുകയാണ്. കുട്ടികളുടെ സ്‌കൂൾ ഫീസ്‌ ഉടൻ അടയ്‌ക്കണമെന്നതാണ്‌ ഇവരെ സമ്മർദ്ദത്തിലാക്കുന്നത്‌. പല ഇന്ത്യൻ സ്‌കൂളുകളിലും ട്യൂഷൻ ഫീസും ട്രാൻസ്‌പോർട്ടേഷൻ ചാർജും വർധിപ്പിക്കാൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്‌. അതിനാൽ രണ്ടാംടേം ഫീസിനൊപ്പം രക്ഷിതാക്കൾ ഒന്നാംടേം ഫീസിന്റെ കുടിശിക കൂടി നൽകേണ്ടതുണ്ട്‌. രണ്ടു കുട്ടികളുള്ള രക്ഷിതാവിനു സ്‌കൂൾ ട്യൂഷൻ ഫീസ്‌ ഇനത്തിൽ ചുരുങ്ങിയത്‌ 5,000 റിയാലെങ്കിലും ഈമാസം അധികം കണ്ടെത്തേണ്ടിവരും.

അറബ്‌ മേഖലയിൽ ഓരോ കുടുംബവും തങ്ങളുടെ വരുമാനത്തിന്റെ 25% കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കിവയ്‌ക്കേണ്ടി വരുന്നു എന്നാണ്‌ ഏകദേശ കണക്ക്‌. സ്‌കൂൾ തുറക്കലിനു മുന്നോടിയായി അഷ്‌ഗാലും സിവിൽ ഡിഫൻസും സ്‌കൂൾ കെട്ടിടങ്ങളിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. പൊതുമേഖലാ സ്‌കൂൾ വിദ്യാർഥികളെ സ്‌കൂളിലെത്തിക്കുന്നതും തിരിച്ചുകൊണ്ടുപോകുന്നതും മോവാസലാത്തിന്റെ കർവ ബസുകളിലാണ്‌. കിന്റർഗാർടൻ, പ്രൈമറി വിദ്യാർഥികൾക്കായി പ്രത്യേക സുരക്ഷാസംവിധാനങ്ങളുള്ള ബസുകളാണ്‌ കർവ നിരത്തിലിറക്കുന്നത്‌. ഇന്ത്യൻ സ്‌കൂളുകളുടെ ബസുകളും അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കി പൂർണ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്‌.

പൊതുമേഖലാ സ്‌കൂളുകളിലേക്കുള്ള പാഠപുസ്‌തകങ്ങളെല്ലാം നേരത്തെതന്നെ സ്‌കൂൾ സ്‌റ്റോറുകളിൽ എത്തിച്ചിരുന്നു. ഇന്ത്യൻ സ്‌കൂളുകളിൽ എസ്‌എൽ, ടിഎൽ (രണ്ടും മൂന്നും ഉപഭാഷാ പുസ്‌തകങ്ങൾ) ഒന്നാംടേമിൽ ആവശ്യത്തിനു ലഭിച്ചിരുന്നില്ല. ഈ പരാതിക്കും പരിഹാരമായിട്ടുണ്ട്‌. ഖത്തറിലെ ഫിലിപ്പീനി സ്‌കൂളുകൾ മധ്യവേനൽ അവധികഴിഞ്ഞ്‌ നേരത്തേ തുറന്നിരുന്നു.

ഗതാഗതക്കുരുക്ക്‌ ഒഴിവാകുമെന്ന പ്രതീക്ഷയിൽ അധികൃതർ ‌

ദോഹ ∙ സ്‌കൂൾ തുറക്കുന്നതോടെ രാവിലെയും ഉച്ചയ്‌ക്കും കടുത്ത ഗതാഗതക്കുരുക്കാണ്‌ മുൻപൊക്കെ അനുഭവപ്പെട്ടിരുന്നത്‌. എന്നാൽ ഇക്കുറി അതിനു മാറ്റമുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ്‌ അഷ്‌ഗാൽ അധികൃതരും സ്‌കൂളുകളും രക്ഷിതാക്കളും. പെരുന്നാൾ ആഘോഷത്തിനു മുന്നോടിയായി ദോഹയിലും പരിസരങ്ങളിലുമായി ഒട്ടേറെ പുതിയ പാതകൾ ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടുണ്ട്‌. പലതും മൂന്നു മുതൽ ആറുവരി വരെ ഗതാഗതം സാധ്യമാക്കുന്നതാണ്‌.

ഏറെ സ്‌കൂളുകൾ ഉള്ളതും കടുത്ത ഗതാഗതക്കുരുക്ക്‌ അനുഭവപ്പെട്ടിരുന്നതുമായ ന്യൂ സലാത്തയിലെ റോഡ്‌ വികസനം പൂർണമായതിനാൽ ഇവിടെ വലിയ കുരുക്കുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ്‌ അധികൃതർ. എന്നാൽ എഫ്‌ റിങ്‌ റോഡിലും വക്രയിൽ പുതിയതായി തുറന്ന ഭാഗത്തുമൊക്കെ റോഡിൽ ചില ലെയ്‌നുകൾ അടച്ച്‌ വീണ്ടും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നുച്ചയോടെയേ ഇവിടങ്ങളിലെ യഥാർഥ സ്‌ഥിതി വ്യക്‌തമാകൂ. മെഡിക്കൽ കമ്മിഷൻ പരിസരത്തും നിർമാണജോലികളുള്ളതിനാൽ ഇവിടെയും കുരുക്കിനു സാധ്യതയുണ്ട്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.