Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദോഹ മെട്രോ: അസംബ്ലി യൂണിറ്റ് ഇനി ഇവിടെ

metro-rail-main പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ താനി സന്ദർശിച്ചപ്പോൾ. ഗതാഗത, കമ്യൂണിക്കേഷൻസ് മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി സമീപം.

ദോഹ ∙ ദോഹ മെട്രോ റെയിലിന് ആവശ്യമായ ബിൽഡിങ് ഓട്ടമേഷൻ ആൻഡ് കൺട്രോൾ സിസ്റ്റം (ബിഎസിഎസ്) അസംബ്ലി യൂണിറ്റ് ദുബായിൽ നിന്ന് ദോഹയിലേക്കു മാറ്റി സ്ഥാപിച്ചു. ഓരോ സ്റ്റേഷനും ആവശ്യമായ ബിഎസിഎസ് പാനലുകൾ കൂട്ടിച്ചേർക്കുകയും (അസംബ്ലി) അതിന്റെ പ്രവർത്തന ക്ഷമത പരിശോധിക്കുകയും ചെയ്യുന്നത് ഈ കേന്ദ്രത്തിലാണ്.

മെട്രോ റെയിലിന്റെ ജീവനാഡിയെന്നു വിശേഷിപ്പിക്കാവുന്നതാണു ബിഎസിഎസ്. പുതിയ ബിഎസിഎസ് കേന്ദ്രം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ താനി സന്ദർശിച്ചു. ഗതാഗത, കമ്യൂണിക്കേഷൻസ് മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി, ഖത്തർ റെയിൽ എംഡിയും സിഇഒയുമായ അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബഈ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. പ്രവർത്തനത്തിൽ ഉന്നത നിലവാരം ഉറപ്പു വരുത്താനുള്ള ഖത്തർ റെയിലിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്ന തരത്തിലാണു മെട്രോയുടെ നിർമാണം പുരോഗമിക്കുന്നത്.

കൃത്യസമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനുള്ള ഖത്തർ റെയിലിന്റെ പ്രതി‍ജ്ഞാബദ്ധത വ്യക്തമാക്കുന്നതാണു ബിഎസിഎസ് കേന്ദ്രം ദുബായിൽ നിന്നു ദോഹയിലേക്കു മാറ്റാനുള്ള തീരുമാനമെന്ന് ഖത്തർ റെയിൽ ട്വീറ്റ് ചെയ്തു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെല്ലുവിളികൾ പോലും നേരിടാനുള്ള ഖത്തർ റെയിൽ മാനേജ്മെന്റിന്റെ കഴിവ് വ്യക്തമാക്കുന്നതാണു ബിഎസിഎസ് കേന്ദ്രം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനമെന്ന് ഗതാഗത, കമ്യൂണിക്കേഷൻ മന്ത്രി ജാസിം സെയ്ഫ് അൽ സുലൈത്തി പറഞ്ഞു. പെട്ടെന്നുള്ള തീരുമാനവും, ലോജിസ്റ്റിക്സ് വെല്ലുവിളികളും മറികടക്കാൻ ഖത്തർ റെയിലിനു കഴിഞ്ഞു. മറ്റു കാരണങ്ങളാൽ പദ്ധതി വൈകുമോയെന്ന സംശയം ഒഴിവാക്കാൻ ഖത്തർ റെയിൽ സംഘത്തിന്റെ കഠിനാധ്വാനം മൂലം കഴിഞ്ഞു.

ഏതു വെല്ലുവിളിയും തരണം ചെയ്യാവുന്നതാണെന്നാണ് ഇതു തെളിയിക്കുന്നത്. ഈ പദ്ധതിക്കു പിന്നിൽ ആത്മാർപ്പണത്തോടെ പ്രവർത്തിക്കുന്ന എല്ലാവരെയും താൻ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിഎസിഎസിന്റെ ഇൻസ്റ്റലേഷനും പരിശോധനകളും ദോഹയിൽ തന്നെ നടക്കുന്നതിനാൽ പദ്ധതി കൃത്യ സമയത്തു പൂർത്തിയാക്കുന്നതിനെ അപ്രതീക്ഷിതമായ മറ്റു കാരണങ്ങൾ ബാധിക്കില്ലെന്ന് ഉറപ്പു വരുത്താൻ സാധിക്കുമെന്ന് ഖത്തർ റെയിൽ എംഡിയും സിഇഒയുമായ അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബഈ പറഞ്ഞു. ബിഎസിഎസിന്റെ ‘ടെസ്റ്റിങ് ഹബ്ബാ’യാണ് ഈ കേന്ദ്രം പ്രവർത്തിക്കുക. പരിശോധന വിജയകരമായി പൂർത്തിയാക്കിയാൽ ബിഎസിഎസ് പാനലുകളും കംപോണന്റുകളും അഴിച്ചു മാറ്റും.

അതിനുശേഷം ഇത് മെട്രോ സ്റ്റേഷനിലെത്തിച്ച് അന്തിമമായി ഇൻസ്റ്റാൾ ചെയ്യും. ബിഎസിഎസ് കേന്ദ്രം ദോഹയിലേക്കു മാറ്റുന്നതു വളരെ വേഗത്തിലും കൃത്യവുമായാണു പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ബോക്സ് ബിഎസിഎസ് മെട്രോ റെയിലിൽ നിർണായകമായ സ്ഥാനമാണ് ബിൽഡിങ് ഓട്ടോമേഷൻ ആൻഡ് കൺട്രോൾ സിസ്റ്റത്തിനുള്ളത് (ബിഎസിഎസ്). പൂർണമായും ഓട്ടോമേറ്റഡ് ആയ ഈ സംവിധാനം മെട്രോ സ്റ്റേഷനിലെ ഇല്കട്രിക്കൽ, മെക്കാനിക്കൽ സംവിധാനങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും കൂടി ചേർന്ന ഈ സംവിധാനം ദോഹ മെട്രോയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിലും നിർണായകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.