Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷാ കോൺഫറൻസ്‌ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

website പ്രഥമ സുരക്ഷാ കോൺഫറൻസിന്റെ വെബ്‌സൈറ്റ്‌ പൊതുസുരക്ഷാവിഭാഗം ഡയറക്‌ടർ ജനറൽ മേജർ ജനറൽ സാദ്‌ ബിൻ ജാസിം അൽ ഖുലൈഫി ഉദ്‌ഘാടനം ചെയ്യുന്നു.

ദോഹ ∙ നവംബറിൽ നടക്കുന്ന പ്രഥമ സുരക്ഷാ കോൺഫറൻസിന്റെ വെബ്‌സൈറ്റ്‌ പൊതുസുരക്ഷാവിഭാഗം ഡയറക്‌ടർ ജനറൽ മേജർ ജനറൽ സാദ്‌ ബിൻ ജാസിം അൽ ഖുലൈഫി ഉദ്‌ഘാടനം ചെയ്‌തു. 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ്‌ ഫുട്‌ബോൾ മൽസരങ്ങൾക്കു സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണു സുരക്ഷാ കോൺഫറൻസ്‌ നടത്തുന്നത്‌.

ഇന്റർപോളിന്റെ സഹകരണത്തോടെ ഫിഫ ലോകകപ്പ്‌ മൽസരങ്ങളുടെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്‌ ലഗസിയാണു കോൺഫറൻസ്‌ സംഘടിപ്പിക്കുന്നത്‌. ഖത്തറിലെ സുരക്ഷാ ഉദ്യോഗസ്‌ഥർക്കു രാജ്യാന്തര കായികമാമാങ്കങ്ങൾ ഏറ്റവും സുരക്ഷിതമായി നടത്തുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകുന്നതിന്‌ 2012ൽ ഒപ്പിട്ട കരാറിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇന്റർപോളിന്റെ മേൽനോട്ടത്തിൽ ദോഹയിൽ സുരക്ഷാ കോൺഫറൻസ്‌ നടത്തുന്നത്‌. മുമ്പു വലിയ രാജ്യാന്തര കായികമേളകൾക്കു വേദിയായിട്ടില്ലാത്തതിനാൽ ഖത്തറിലെ സുരക്ഷാ ഉദ്യോഗസ്‌ഥർക്കു കോൺഫറൻസ്‌ ഏറെ വിലപ്പെട്ട പ്രായോഗിക പരിശീലനമാണു സമ്മാനിക്കുകയെന്ന്‌ സ്‌റ്റേഡിയം പ്രോജക്‌ട്‌ വിഭാഗം ജനറൽ ഡയറക്‌ടർ ക്യാപ്‌റ്റൻ ഫലേഹ്‌ അൽ ദോസരി പറഞ്ഞു.

സുരക്ഷാ കോൺഫറൻസിന്റെ ഭാഗമായി ശിൽപശാലകൾ‍, ചർച്ചാ സമ്മേളനങ്ങൾ സ്‌റ്റേഡിയങ്ങൾക്കു സംരക്ഷണം ഒരുക്കുന്നതിനുള്ള പ്രായോഗിക പരിശീലനങ്ങൾ എന്നിവ നടക്കും. ഖത്തർ ആഭ്യന്തരമന്ത്രാലയവും ഇന്റർപോളുമായുള്ള സഹകരണത്തിലെ ശ്രദ്ധേയ അധ്യായമായി നവംബറിലെ സുരക്ഷാ കോൺഫറൻസ്‌ മാറുമെന്ന്‌ പൊലീസ്‌ സേവനവിഭാഗം എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ ടിം മോറിസ്‌ പറഞ്ഞു. നവംബറിലെ കോൺഫറൻസ്‌ തുടക്കം മാത്രമാണെന്നും ലോകകപ്പ്‌ മൽസരങ്ങൾ തീരുംവരെ സുരക്ഷാ പരിശീലനങ്ങൾ തുടരുമെന്നും ആഭ്യന്തരമന്ത്രാലയ ആസ്‌ഥാനത്തു നടന്ന ചടങ്ങിൽ ഇന്റർപോൾ ഡയറക്‌ടർ മേജർ ജനറൽ അബ്‌ദുൽ അസിസ്‌ അബ്‌ദുല്ല അൽ അൻസാരി, പബ്ലിക്‌ റിലേഷൻസ്‌ ഡയറക്‌ടർ ബ്രിഗേഡിയർ അബ്‌ദുല്ല ഖലീഫ അൽ മുഫ്‌താഹ്‌ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.