Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധൈര്യമായി കഴിക്കാം ഖത്തറിലെ മുട്ടകൾ!

eggs

ദോഹ ∙ അണുബാധിതമോ മലീമസമോ കൃത്രിമമോ ആയ മുട്ടകളൊന്നും ഖത്തറിൽ വിൽക്കുന്നില്ലെന്ന്‌ ആരോഗ്യമന്ത്രാലയം. വിഷാംശം കലർന്ന കൃത്രിമ മുട്ടകൾ ഒരു യൂറോപ്യൻ രാജ്യം ഉൽപാദിപ്പിക്കുന്നതായി വാർത്ത വന്ന സാഹചര്യത്തിലാണു മന്ത്രാലയത്തിന്റെ വിശദീകരണം.

ഇതു സംബന്ധിച്ച വാർത്തകൾ വിശദമായി നിരീക്ഷിക്കുന്നുണ്ടെന്നും എന്നാൽ വാർത്തയിൽ പരാമർശിക്കുന്ന രാജ്യത്തുനിന്ന്‌ ഖത്തറിലേക്ക്‌ മുട്ട ഇറക്കുമതിയില്ലെന്നും മന്ത്രാലയം വ്യക്‌തമാക്കി. ഈ മേയ്‌ മുതൽ ജൂലൈ വരെ ആറു അറബ്‌ രാജ്യങ്ങളിലേക്കും മൂന്നു യൂറോപ്യൻ രാജ്യങ്ങളിലേക്കും ഒരു കിഴക്കനേഷ്യൻ രാജ്യത്തേക്കുമായി 1,550 ടൺ മുട്ട ഈ യൂറോപ്യൻ രാജ്യം കയറ്റുമതി ചെയ്‌തുവെന്നാണ്‌ ഇതുസംബന്ധിച്ച വാർത്തകളിൽ പറയുന്നത്‌.

ഖത്തർ ഇറക്കുമതി ചെയ്യുന്ന മുട്ടകൾ കൃത്യമായ ഇടവേളകളിൽ ലാബ്‌ പരിശോധനയ്‌ക്കു വിധേയമാക്കുന്നുണ്ട്‌. ആരോഗ്യമന്ത്രാലയത്തിന്റെ സെൻട്രൽ ഫുഡ്‌ ലാബുകളിലാണ്‌ പരിശോധന. ഇതുവരെ നടത്തിയ ഒരു പരിശോധനയിലും ആരോഗ്യത്തിനു ഹാനികരമാകുന്ന ഒന്നും ഖത്തറിലെ മുട്ടകളിൽ കണ്ടെത്തിയിട്ടില്ലെന്ന്‌ മന്ത്രാലയം വിശദീകരിക്കുന്നു. ഭക്ഷ്യവസ്‌തുക്കളിലെ വിഷാംശം കണ്ടുപിടിക്കുന്നതിൽ ലോകോത്തര നിലവാരത്തിലുള്ള പരിശോധനകളാണ്‌ ഖത്തറിലെ ലാബുകളിൽ നടക്കുന്നത്‌. ലോകത്തിലെ തന്നെ മികച്ച 15 ലാബുകളിലൊന്നാണ്‌ ഖത്തറിലേത്‌.

വളരെ നേരിയ അളവിലുള്ള വിഷാംശംപോലും ഖത്തറിലെ ഫുഡ്‌ ലാബുകൾ കണ്ടെത്തും. 372 തരം വിഷാംശങ്ങൾ ഇവയ്‌ക്കു കണ്ടെത്താനാകും. വാർത്തയിൽ പറയുന്നതല്ലാത്ത ചില യൂറോപ്യൻ രാജ്യങ്ങളിൽനിന്നു ഖത്തറിലേക്ക്‌ മുട്ടയെത്തുന്നുണ്ട്‌. പുതിയ വാർത്തകളുടെ പശ്‌ചാത്തലത്തിൽ ഇവ ഉടൻ ശേഖരിച്ച്‌ പരിശോധിക്കുമെന്നും മന്ത്രാലയം വ്യക്‌തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.