Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർബിറ്റൽ ഹൈവേയും ട്രക്ക് റൂട്ടും റെഡി; ഇനി രാജകീയ യാത്ര

Ashgal പുതിയ ഓർബിറ്റൽ ഹൈവേയുടെയും ട്രക്ക് റൂട്ടിന്റെയും ആദ്യഘട്ടം ഗതാഗതത്തിനു തുറക്കുന്ന ചടങ്ങിൽ ഗതാഗത – കമ്യൂണിക്കേഷൻസ് മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി, നഗരസഭാ – പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹി തുടങ്ങിയവർ.

ദോഹ ∙ പുതിയ ഓർബിറ്റൽ ഹൈവേയുടെയും ട്രക്ക് റൂട്ടിന്റെയും ആദ്യഘട്ടം ഗതാഗതത്തിനു തുറന്നുകൊടുത്തു. ഹമദ് തുറമുഖത്തുനിന്ന് അൽ ഷമാൽ റോഡ് വരെ നീളുന്ന 125 കിലോമീറ്റർ വരുന്ന പാതയിലൂടെയാണു ഗതാഗതം ആരംഭിച്ചത്. മീസൈദിൽനിന്നു ദോഹയിൽ വരാതെ‌ അൽഖോറിലേക്കു പോകാൻ പുതിയ റോഡിലൂടെ യാത്ര ചെയ്താൽ മതി. ഹമദ് തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം എളുപ്പമാക്കാനും ഇതു സഹായിക്കും.

ഹമദ് തുറമുഖത്തെ ജി റിങ് റോഡ് വഴി ഇൻഡസ്ട്രിയൽ ഏരിയ, സൽവ റോഡ്, ദുഖാൻ ഹൈവേ, അൽ ഷമാൽ റോഡ് എന്നിവയിലേക്കു ബന്ധിപ്പിച്ച് ലുസൈൽ സിറ്റിയിലും അൽ ഖോറിലും എത്തിച്ചേരാൻ പുതിയ പാത തുറക്കുന്നതിലൂടെ കഴിയും. ലക്ഷ്യമിട്ടതിലും നേരത്തേയാണു പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ഓർബിറ്റൽ റോഡിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്.

Orbital-Highway

2022ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്ന വിവിധ സ്റ്റേഡിയങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഓർബിറ്റൽ ഹൈവേയ്ക്കുണ്ട്. അൽ റയ്യാൻ സ്റ്റേഡിയം, അൽ ഖോർ സ്റ്റേഡിയം, ലുസൈൽ സ്റ്റേഡിയം തുടങ്ങിയവയുമായെല്ലാം ഓർബിറ്റൽ റോഡ് നേരിട്ടു ബന്ധിപ്പിക്കുന്നുണ്ട്. ഇരുവശങ്ങളിലേക്കും ഏഴുവരി പാതയാണിത്. അഞ്ചു പാതകൾ ചെറുവാഹനങ്ങൾക്കും രണ്ടെണ്ണം ട്രക്കുകൾക്കും. മണിക്കൂറിൽ 10,000 ചെറുവാഹനങ്ങൾക്കും 4000 ട്രക്കുകൾക്കും റോഡിലൂടെ സഞ്ചരിക്കാൻ സാധിക്കും.

ഗതാഗത – കമ്യൂണിക്കേഷൻസ് മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി, നഗരസഭാ – പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അബ്ദുല്ല അൽ തവാദി, അഷ്ഗാൽ പ്രസിഡന്റ് ഡോ. സഅദ് ബിൻ ഹമദ് അൽ മുഹന്നദി, അസിസ്റ്റന്റ് പ്രസിഡന്റ് അബ്ദുല്ല ഹമദ് അൽ അത്തിയ എന്നിവരുടെ സാന്നിധ്യത്തിലാണു റോഡ് ഗതാഗതത്തിനു തുറന്നത്.

അഷ്ഗാലിന്റെ നേതൃത്വത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കാൻ ബദൽ മാർഗങ്ങൾ ഏർപ്പെടുത്തിയെന്ന് അൽ മുഹന്നദി പറഞ്ഞു. ആവശ്യത്തിനുള്ള നിർമാണ സാമഗ്രികൾ ലഭ്യമാക്കിയിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള സാധനങ്ങൾ കുവൈത്ത്, ഒമാൻ, തുർക്കി, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നു ലഭ്യമാക്കുന്നുണ്ട്. പദ്ധതികളെല്ലാം കൃത്യമായി മുന്നോട്ടു പോകുകയാണെന്നും അൽ മുഹന്നദി പറഞ്ഞു.

ഹമദ് തുറമുഖത്തുനിന്ന് അൽഖോറിലേക്കും തിരിച്ചും സ്വതന്ത്രമായി ഗതാഗതം നടത്താൻ ഓർബിറ്റൽ റോഡ് സജ്ജമായതോടെ സാധിക്കും. ഇതുവഴി യാത്രാസമയം 50% കുറയ്ക്കാം. ഖത്തറിന്റെ റോഡ് ശൃംഖലയിൽ നിർണായകമായ സ്ഥാനമാകും ഇനി പുതിയ ഓർബിറ്റൽ ഹൈവേയ്ക്കും ട്രക്ക് റൂട്ടിനുമുണ്ടാകുക. രാജ്യത്തിന്റെ വടക്കൻ മേഖലയെയും തെക്കൻ മേഖലയെയും ഈ റോഡ് പരസ്പരം ബന്ധിപ്പിക്കും.

ഓർബിറ്റൽ ഹൈവേയെ ജി റിങ് റോഡ്, സൽവ റോഡ്, ദുഖാൻ ഹൈവേ, അൽ ഷമാൽ റോഡ് തുടങ്ങിയ റോഡുകളുമായി ബന്ധിപ്പിക്കാൻ 21 മൾട്ടിലവൽ ഇന്റർചെയ്ഞ്ചുകളാണു നിർമിച്ചിട്ടുള്ളത്. നിലവിലുള്ള റോഡുകൾ ഉപയോഗിക്കുമ്പോഴുള്ള യാത്രാസമയത്തെ പകുതിയോളമായി കുറയ്ക്കാൻ പുതിയ റോഡ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.