Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷയേകി വ്യോമയാന രംഗം

FRANCE-QATAR-AEROSPACE-AVIATION-AIRBUS

ദോഹ ∙ പ്രതിസന്ധിക്കിടയിലും മധ്യപൗരസ്ത്യ മേഖലയിലെ വ്യോമയാന രംഗം പ്രതീക്ഷ നൽകുന്നതാണെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) ഡയറക്ടർ ജനറലും സിഇഒയുമായ അലക്സാന്ദ്രേ ജൂനിയക്. ഏറ്റവും വേഗത്തിലും ഉയരത്തിലും വളർച്ചകൈവരിക്കുന്നതാണു മധ്യപൗരസ്ത്യ മേഖലയിലെ വ്യോമയാനരംഗമെന്നു ഖത്തർ സ്കൈ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വ്യോമയാനരംഗത്തിന്റെ ഭാവി വളരെയധികം പ്രതീക്ഷ നൽകുന്നതാണ്. ജനങ്ങൾ പറക്കാൻ ആഗ്രഹിക്കുന്നവരാണ്. 2016ൽ 380 കോടി യാത്രക്കാരായിരുന്നുവെങ്കിൽ 2035ൽ 720 കോടി യാത്രക്കാരെയാണു പ്രതീക്ഷിക്കുന്നത്. ഇനിയും കൂടുതൽ ശക്തമായാൽ 2015ലേതിനേക്കാൾ മൂന്നിരട്ടി യാത്രക്കാർ 2035ലുണ്ടാവും. ആഗോള സാമ്പത്തിക രംഗത്തിനു പ്രധാനമായും സംഭാവനകൾ നൽകുന്ന മേഖലകളിലൊന്നാണു വ്യോമയാന മേഖല. 2.7 ട്രില്യൻ ഡോളറാണ് വ്യോമയാന മേഖലയിൽനിന്ന് ആഗോള സാമ്പത്തിക മേഖലയ്ക്കുള്ള സംഭാവന. ആഗോള ജിഡിപിയുടെ 3.5% വരുമിത്. ആഗോളതലത്തിൽ 62.7 മില്യൻ തൊഴിലും ഇതു സൃഷ്ടിക്കുന്നു.

സുരക്ഷ, സുസ്ഥിര വികസനം എന്നിവയാണ് വ്യോമയാന മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ. സുരക്ഷയുടെ കാര്യത്തിൽ ആഗോള നിലവാരം കാത്തുസൂക്ഷിക്കാനുള്ള എല്ലാ നടപടികളും അയാട്ട സ്വീകരിച്ചിട്ടുണ്ട്. അയാട്ട ഓപ്പറേഷനൽ സേഫ്റ്റ് ഓഡിറ്റ് (ഐഒഎസ്എ) ഈ മേഖലയിൽ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ അയാട്ട എയർലൈനുകളും ഇതിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അയാട്ടയിൽ അംഗമല്ലാത്തവർ പോലും ഐഒഎസ്എ ഉപയോഗിക്കുന്നുണ്ടെന്നും ജൂനിയക് പറഞ്ഞു. എന്നാൽ, സുരക്ഷയിലുള്ള ഭീഷണി വളരെയധികം വർധിച്ചുവരികയാണ്. പറക്കുകയെന്നതു സുരക്ഷിതമായ കാര്യമാണ്. പക്ഷേ, വിമാനത്തിനുള്ളിൽനിന്നു ഭീഷണിയുണ്ടാവാം. വിമാനത്താവളങ്ങളിൽ ഭീഷണിയുണ്ടാവാം.

സംഘർഷ മേഖലകളിലൂടെ പറക്കുന്നത്, സൈബർ സുരക്ഷ എന്നിവയും വെല്ലുവിളികളാണ്. വിമാനത്താവളങ്ങളിലെ പരിശോധന ഏറ്റവും പ്രധാനപ്പെട്ടതാണ്. സുരക്ഷ മുൻനിർത്തി സ്മാർട്ട് സെക്യൂരിറ്റി പ്രോഗ്രാം സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, അതു മാത്രം പോരാ. എവിടെനിന്നെല്ലാം ഭീഷണിയുണ്ടാവുമെന്നതിനെ കരുതിയിരിക്കുകയെന്നത് ഏറെ നിർണായകമാണ്, ജൂനിയക് പറഞ്ഞു. കാർബൺ പുറം തള്ളുന്നതു കുറയ്ക്കാൻ വ്യോമയാന മേഖല പ്രതിജ്ഞാബദ്ധമാണ്. 2050 ആകുമ്പോഴേക്കും കാർബൺ പുറംതള്ളുന്നതു 2005ലെ തോതിലേക്കു കുറയ്ക്കാനാണു തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ അയാട്ട എല്ലാ ഏജൻസികൾക്കും പൂർണ പിന്തുണ നൽകും.

മധ്യ പൗരസ്ത്യ മേഖലയിൽ 24 ലക്ഷം തൊഴിലുകളും 16000 കോടി ഡോളറിന്റെ സാമ്പത്തിക ഇടപാടുകളുമാണു വ്യോമയാന മേഖലയിലുണ്ടാവുന്നത്. അടുത്ത രണ്ടു ദശാബ്ദങ്ങളിൽ പ്രതിവർഷം 4.6% വീതം ഇവിടെ വളർച്ച കൈവരിക്കും. അതേസമയം, ആഗോളതലത്തിലെ ശരാശരി വളർച്ച 3.5 ശതമാനമാണ്. എന്നാൽ, മധ്യപൗരസ്ത്യ മേഖലയിൽ ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായിട്ടുണ്ട്. അടിസ്ഥാന സൗകര്യം തന്നെയാണ് അതിൽ പ്രധാനപ്പെട്ടത്. വിമാനത്താവളങ്ങളുടെ വികസനത്തിന്റെ കാര്യത്തിൽ വലിയ മുന്നേറ്റമാണു മേഖലയിൽ ഉണ്ടായിട്ടുള്ളത്.

ഈ സമീപനം തുടരേണ്ടതുണ്ട്. എയർ ട്രാഫിക് മാനേജ്മെന്റിലെ ആധുനികീകരണമാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അടുത്തിടെ ഒരു പഠനം കണ്ടെത്തിയതു ഗൾഫ് മേഖലയിൽ വിമാനങ്ങളുടെ ശരാശരി വൈകൽ സമയം 29 മിനിറ്റാണ്. ഇത് 2025 ആകുമ്പോഴേക്കും ഇരട്ടിയാവും. വിലകൂടിയ സാങ്കേതികവിദ്യയല്ല ആവശ്യം, മറിച്ച് പരസ്പര സഹകരണം വർധിപ്പിക്കുകയെന്നതാണെന്നു ജൂനിയക് പറഞ്ഞു.

 

ഖത്തറിൽ റജിസ്റ്റർ ചെയ്ത വിമാനങ്ങളുടെ എണ്ണം 340

ദോഹ ∙ ഖത്തറിൽ റജിസ്റ്റർ ചെയ്ത വിമാനങ്ങളുടെ എണ്ണം 340 ആയി. ഇതിൽ 191 യാത്രാ, ചരക്കു വിമാനങ്ങൾ, 52 സ്വകാര്യ വിമാനങ്ങൾ, 50 ഹെലികോപ്റ്ററുകൾ, 20 പരിശീലന വിമാനങ്ങൾ, 20 ബിസിനസ് വിമാനങ്ങൾ, ഏഴു സർക്കാർ വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2011ൽ 208, 2012ൽ 232, 2013ൽ 259, 2014ൽ 284, 2015ൽ 319 എന്നിങ്ങനെയായിരുന്നു ഖത്തറിൽ റജിസ്റ്റർ ചെയ്ത വിമാനങ്ങളുടെ എണ്ണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.