Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക പെട്രോളിയം കോൺഗ്രസ് ഇസ്തംബുളിൽ തുടങ്ങി

oil

ദോഹ ∙ ലോക പെട്രോളിയം കോൺഗ്രസ് തുർക്കിയിലെ ഇസ്തംബുളിൽ ആരംഭിച്ചു. ഖത്തർ ഊർജ വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിൻ സലേഹ് അൽ സദയുടെ നേതൃത്വത്തിലുള്ള സംഘമാണു ഖത്തറിനെ പ്രതിനിധീകരിച്ചു കോൺഗ്രസിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച വരെ തുടരുന്ന കോൺഗ്രസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും പ്രതിനിധികളുമടക്കം അയ്യായിരത്തോളം പേർ പങ്കെടുക്കുന്നുണ്ട്.

പരമ്പരാഗത – പാരമ്പര്യേതര ഊർജ സ്രോതസുകളെ കുറിച്ചുള്ള വട്ടമേശ സമ്മേളനങ്ങൾ, ശിൽപശാലകൾ, സാങ്കേതിക സെമിനാറുകൾ എന്നിവ കോൺഗ്രസിന്റെ ഭാഗമായി നടക്കും. എണ്ണ, പ്രകൃതി വാതക വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണു കോൺഗ്രസ് ചർച്ച ചെയ്യുക. ഊർജ ഉൽപാദകരെയും ഉപഭോക്താക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്വാഭാവിക പാലമാണു തുർക്കിയെന്ന് പ്രസിഡന്റ് തയ്യിബ് എർദോഗൻ പറഞ്ഞു. ഊർജത്തിന്റെ സിൽക്ക് റോഡെന്നാണു തുർക്കി വിശേഷിപ്പിക്കപ്പെടുന്നത്. ഊർജത്തിനു വേണ്ടി പുറംരാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുമെന്നും ആഭ്യന്തര സ്രോതസുകൾ ഉപയോഗപ്പെടുത്തി സുസ്ഥിര വികസനം ഉറപ്പു വരുത്തുമെന്നും എർദോഗൻ പറഞ്ഞു.

ലോക സമാധാനവും അഭിവൃദ്ധിയും കൈവരിക്കുന്നതിൽ ഊർജ സ്രോതസ്സിന്റെ പങ്കിനെ മുൻനിർത്തിയുള്ള ചർച്ചകൾ നടക്കണമെന്ന് തുർക്കി ഊർജ, പ്രകൃതിവിഭവ മന്ത്രി ബെരറ്റ് അൽബയ്റാക് പറഞ്ഞു. എന്നാൽ, തർക്കങ്ങളിലും ദാരിദ്ര്യത്തിലുമുള്ള ഊർജത്തിന്റെ പങ്കാണ് കൂടുതൽ ചർച്ച ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ വികസനത്തിന് ഉചിതമായ നിരക്കിൽ ഊർജമെത്തിക്കുകയെന്നതാണ് എണ്ണ രംഗത്തു പ്രവർത്തിക്കുന്നവരുടെ കടമയെന്ന് ലോക പെട്രോളിയം കൗൺസിൽ പ്രസിഡന്റ് ജോസഫ് ടോത്ത് പറഞ്ഞു. എണ്ണയും പ്രകൃതിവാതകവും ഇനിയും ദശാബ്ദങ്ങളോളം ലോകത്തെ പ്രമുഖ ഊർജ സ്രോതസ്സുകളായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.