Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിശുസുരക്ഷ: അറബ്‌ മേഖലയിൽ ഒന്നാം സ്‌ഥാനം ഖത്തറിന്‌

x-default

ദോഹ ∙ അറബ്‌ മേഖലയിൽ കുട്ടികൾക്ക്‌ ഏറ്റവും അനുയോജ്യമായ ജീവിത സാഹചര്യമുള്ളത്‌ ഖത്തറിൽ. എട്ടു വ്യത്യസ്‌ത മാനദണ്ഡങ്ങൾ അടിസ്‌ഥാനമാക്കി 172 രാജ്യങ്ങളെ ഉൾപ്പെടുത്തി തയാറാക്കിയ സേവ്‌ ദ്‌ ചിൽഡ്രൻ-യുഎസ്‌ റിപ്പോർട്ടാണ്‌ ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. അറബ്‌ മേഖലയിൽ ഒന്നാംസ്‌ഥാനവും ആഗോള റാങ്കിങ്ങിൽ 34-ാം സ്‌ഥാനവുമാണ്‌ ഖത്തറിന്‌.

അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്‌, പോഷകാഹാരക്കുറവു മൂലമുള്ള വിളർച്ചയും വളർച്ചാവൈകല്യങ്ങളും, സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം, ബാലവേല, കൗമാരവിവാഹം, കൗമാരപ്രസവ നിരക്ക്‌, സംഘർഷം മൂലം പലായനം ചെയ്യേണ്ടിവരുന്ന കുട്ടികളുടെ എണ്ണം, ബാല ആത്മഹത്യകൾ എന്നിവയാണ്‌ ഓരോ രാജ്യത്തേയും ശിശുസുരക്ഷാ നിലവാരം കണക്കാക്കാൻ ആധാരമാക്കുന്നത്‌. ആഗോള റാങ്കിൽ 38-ാമതുള്ള കുവൈത്ത്‌ ആണ്‌ അറബ്‌ മേഖലയിൽ രണ്ടാം സ്‌ഥാനത്തുള്ളത്‌. മേഖലയിൽ മൂന്നാംസ്‌ഥാനം ഒമാനാണ്‌ (ആഗോള റാങ്ക്‌ 43).

രാജ്യാന്തര റാങ്കിങ്ങിൽ 47-ാമതുള്ള സൗദി അറേബ്യയാണ്‌ മേഖലയിലെ നാലാം സ്‌ഥാനക്കാർ. അറബ്‌ മേഖലയിൽ കുട്ടികൾക്ക്‌ ഏറ്റവും അരക്ഷിതമായ രാജ്യം സിറിയയാണ്‌. ആഭ്യന്തരസംഘർഷമാണ്‌ കാരണം. സംഘർഷഭരിതമായ തെക്കൻ സുഡാൻ, സൊമാലിയ, ഇറാഖ്‌, യെമൻ, സുഡാൻ എന്നിവയാണ്‌ അരക്ഷിതത്വത്തിൽ സിറിയയ്‌ക്കു തൊട്ടുപിന്നാലെയുള്ളത്‌. സംഘർഷങ്ങളും മറ്റുംമൂലം പോയവർഷം ലോകത്തൊട്ടാകെ 2.80 കോടി കുട്ടികൾക്കാണ്‌ നിർബന്ധപൂർവം പലായനം ചെയ്യേണ്ടിവന്നതെന്ന്‌ റിപ്പോർട്ട്‌ വ്യക്‌തമാക്കുന്നു. ഇതിൽ 1.7 കോടി കുട്ടികൾ ജനിച്ച രാജ്യംവിട്ടോടാൻ നിർബന്ധിതരായവരാണ്‌. ഒരു കോടി കുട്ടികൾ അഭയാർഥിക്യാമ്പുകളിൽ കഴിയുന്നു.

ലോകത്ത്‌ കുട്ടികൾക്ക്‌ ഏറ്റവും അരക്ഷിതമായ രാജ്യം നൈജർ ആണെന്നാണ്‌ റിപ്പോർട്ട്‌ വ്യക്‌തമാക്കുന്നത്‌. സുരക്ഷിതത്വത്തിൽ നോർവേയും സ്ലൊവേനിയയും ഒന്നാംസ്‌ഥാനം പങ്കിടുകയാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.