Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യോമ ഉപരോധത്തിനെതിരെ പരസ്യവുമായി ഖത്തർ എയർവേയ്സ്

Qatar-Airways-Logo-2

ദോഹ∙ അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ വ്യോമ ഉപരോധത്തിനെതിരെ പരസ്യവുമായി ഖത്തർ എയർവേയ്സ്. ‘ആകാശത്തിന് അതിരുകളില്ല, ചക്രവാളങ്ങളേയുള്ളൂ’ എന്ന ഖത്തർ എയർവേയ്സിന്റെ പരസ്യം ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യാതയെന്നത് അതിർത്തികൾക്കും മുൻവിധികൾക്കും അപ്പുറത്തേക്കു സഞ്ചരിക്കുന്ന ഒന്നാണെന്ന് ഒരു മിനിറ്റ് ദൈർഘ്യമുള്ള പരസ്യം ഓർമിപ്പിക്കുന്നു.

യൂ ട്യൂബിലൂടെയാണു പരസ്യം പുറത്തു വിട്ടത്. എയർലൈൻ എന്ന നിലയിൽ തങ്ങൾ അതിർത്തികളിൽ വിശ്വസിക്കുന്നില്ല; ആളുകളെ ഒരുമിപ്പിക്കുന്നതിലാണു വിശ്വസിക്കുന്നത്. കാണാൻ ഇഷ്ടമുള്ളതു കാണാനും, കാണാൻ ഇഷ്ടമുള്ളവരെ കാണാനുമാണു യാത്ര. യാത്ര ചെയ്യുകയെന്നത് എല്ലാവരുടെയും അവകാശമാണ്. ഈ ലോകം എല്ലാവരുടേതുമാണെന്നും പരസ്യം ഓർമിപ്പിക്കുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തർ എയർവേയ്സിനു വ്യോമ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതു മൂലം ഈ രാജ്യങ്ങളുടെ വ്യോമമേഖലയിലൂടെ കഴിഞ്ഞ 14 ദിവസമായി ഖത്തർ എയർവേയ്സ് പറക്കുന്നില്ല. ഈ രാജ്യങ്ങളിലെ 18 കേന്ദ്രങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഖത്തർ എയർവേയ്സിനു നിർത്തി വയ്ക്കേണ്ടതായും വന്നു.

വ്യോമ ഉപരോധം ഏർപ്പെടുത്തിയതിനെതിരെ ഖത്തർ എയർവേയസ് യുഎൻ സംഘടനയായ രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല. വ്യോമ ഉപരോധം ഏർപ്പെടുത്തിയതു രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നു ഖത്തർ എയർവേയ്സ് ആരോപിക്കുന്നു. ഈ രാജ്യങ്ങളിലേക്കുള്ളതൊഴികെ മറ്റു സർവീസുകളെല്ലാം സാധാരണ നിലയിലാണെന്നും ഖത്തർ എയർവേയ്സ് വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.