Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുർക്കി മന്ത്രിമാർ ദോഹയിൽ

turkey

ദോഹ ∙ ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകളുടെ ഭാഗമായി തുർക്കി മന്ത്രിമാർ ദോഹയിലെത്തി. തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗന്റെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രി മേവ്‌ലറ്റ് കാവുസോഗ്‌ലു, ധനമന്ത്രി നിഹാത്ത് സെയ്ബെക്കി എന്നിവരാണു ഖത്തറിലെത്തിയത്. ഖത്തർ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി, വാണിജ്യ മന്ത്രി ഷെയ്ഖ് അഹമ്മദ് ബിൻ ജാസിം അൽതാനി എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.

കാവുസോഗ്‌ലു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ദോഹയിലെ സന്ദർശനത്തിനു ശേഷം തുർക്കി മന്ത്രിമാർ സൗദി അറേബ്യയിലേക്കു പോകും. ഗൾഫ് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ശക്തമായ സഹായവുമായി രംഗത്തെത്തിയ രാജ്യമാണു തുർക്കി.

പാലുൾപ്പെടെ ഒട്ടേറെ ഭക്ഷ്യോൽപ്പന്നങ്ങൾ ഖത്തറിലെത്തിച്ചു പ്രതിസന്ധിയെ മറികടക്കാൻ വലിയ പിന്തുണയാണു തുർക്കി നൽകുന്നത്. ഖത്തറിലെ പൊതു വിതരണ സംവിധാനമായ അൽ മീറയുടെ സൂപ്പർ മാർക്കറ്റുകളിലുൾപ്പെടെ ഇപ്പോൾ തുർക്കി ഉൽപ്പന്നങ്ങൾ സുലഭമാണ്.‌ ഗൾഫ് മേഖലയിലെ പ്രശ്നം ഇസ്‌ലാമിക ലോകത്തെ തന്നെ ബാധിക്കുന്നതാണെന്ന നിലപാടാണു തുർക്കിക്കുള്ളത്. നയതന്ത്ര തലത്തിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളാണു തുർക്കി നടത്തുന്നതെന്ന് പ്രസിഡന്റ് തയ്യിബ് എർദോഗന്റെ വക്താവ് ഇബ്രാഹിം കാലിൻ പറഞ്ഞു. ഖത്തറിൽ സൈനിക താവളം ആരംഭിക്കാനുള്ള തീരുമാനം നേരത്തേ കൈക്കൊണ്ടതാണ്. ഏതെങ്കിലും ഒരു രാജ്യത്തിന്റെ സംരക്ഷണമല്ല, ഗൾഫ് മേഖലയുടെ മൊത്തം സുരക്ഷിതത്വമാണു സൈനിക താവളത്തിന്റെ ലക്ഷ്യമെന്നും ഇബ്രാഹിം കാലിൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.