Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ സ്കൂളുകളുടെ നടത്തിപ്പ്: പുതിയ നിയമത്തിന് അമീറിന്റെ അംഗീകാരം

school

ദോഹ∙ സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പും നിയന്ത്രണവും സംബന്ധിച്ച 2017ലെ ഒൻപതാം നമ്പർ നിയമത്തിന്‌ അമീർ ഷെയ്‌ഖ്‌ തമീം ബിൻ ഹമദ്‌ അൽതാനി അംഗീകാരം നൽകി. മികച്ച സ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ പണംമുടക്കിൽ വിദ്യാഭ്യാസ മന്ത്രാലയത്തിനുകീഴിൽ കൂടുതൽ സ്‌കൂളുകൾ ആരംഭിക്കാൻ ശുപാർശ ചെയ്യുന്നതാണു നിയമം. ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന മുറയ്‌ക്കു നിയമം പ്രാബല്യത്തിലാകും.

നിലവിലുള്ള ഇൻഡിപെൻഡന്റ്‌ സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലാക്കാൻ പുതിയ നിയമം വ്യവസ്‌ഥ ചെയ്യുന്നു. സ്‌കൂളുകളുടെ നടത്തിപ്പ്‌, അധ്യാപകനിയമനം തുടങ്ങി എല്ലാകാര്യങ്ങളും നിയമം പ്രാബല്യത്തിലാകുന്നതോടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. കിന്റർഗാർടൻ മുതൽ സെക്കൻഡറിതലം വരെ പുതിയ സർക്കാർ സ്‌കൂളുകൾ ആരംഭിക്കുന്നതും വിദ്യാഭ്യാസ മന്ത്രാലയം നേരിട്ടാവും. ഇവയുടെ നടത്തിപ്പിനാവശ്യമായ പണം ബജറ്റ്‌ വിഹിതമായി ലഭ്യമാക്കും.

രാജ്യത്തെ പൊതുപഠന സൗകര്യങ്ങൾ നവീകരിക്കാനും കൂടുതൽ മികവുറ്റതാക്കാനും ലക്ഷ്യമിട്ടാണു പുതിയ നിയമം നടപ്പാക്കുന്നത്‌. പൊതുമേഖലാ സ്‌കൂളുകളുടെ നിർമാണത്തിനും നടത്തിപ്പിനും സർക്കാർ ആവശ്യമായ ഫണ്ട്‌ വകയിരുത്തണമെന്ന്‌ നിയമം അനുശാസിക്കുന്നു. വിദ്യാഭ്യാസമേഖലയിൽ ഏറ്റവും മികവുറപ്പാക്കുന്ന തരത്തിലാവണം പൊതുമേഖലാ സ്‌കൂളുകളുടെ നടത്തിപ്പ്‌. ഇവയുടെ മേൽനോട്ടം, അധ്യാപക, അനധ്യാപക ജീവനക്കാരുടെയും ഓഫിസ്‌ സ്‌റ്റാഫിന്റെയും നിയമനം, വിദ്യാഭ്യാസ നിലവാരത്തിന്റെ മികവുറപ്പാക്കൽ എന്നിവയെല്ലാം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയിലായിരിക്കും.

നിലവിൽ ഖത്തറിലെ ഇൻഡിപെൻഡന്റ്‌ സ്‌കൂളുകൾക്കു ധനസഹായം നൽകുന്നതു സർക്കാരാണെങ്കിലും ദൈനംദിന നടത്തിപ്പിൽ അവയ്‌ക്കു സ്വയംഭരണാവകാശമുണ്ട്‌. അധ്യാപക, അനധ്യാപക നിയമനം മുതൽ കുട്ടികളുടെ പ്രവേശനംവരെയുള്ള കാര്യങ്ങളിൽ ഓരോ സ്‌കൂളുകൾക്കും സ്വമേധയാ തീരുമാനമെടുക്കാമായിരുന്നു. ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂടിൽനിന്നു സ്വതന്ത്രമായ ബോധനരീതികൾ ആവിഷ്‌കരിക്കുന്നതിനും അവയ്‌ക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ ഒൻപതാം നമ്പർ നിയമം പ്രാബല്യത്തിലെത്തിയാൽ ആറുമാസത്തിനുള്ളിൽ ഇൻഡിപെൻഡന്റ്‌ സ്‌കൂളുകളുടെ ഭരണനിർവഹണ ചുമതലയുള്ളവർ (നിലവിലുള്ള ഡയറക്‌ടർമാർ) സാമ്പത്തിക കണക്കുകളിലും ഭരണപരമായ വിഷയങ്ങളിലും വ്യക്‌തത വരുത്തണം.

ഈ സമയപരിധി ആറുമാസത്തേക്കുകൂടി നീട്ടിനൽകാൻ വിദ്യാഭ്യാസമന്ത്രിക്കു പുതിയനിയമം അധികാരം നൽകുന്നുണ്ട്‌. ഇൻഡിപെൻഡന്റ്‌ സ്‌കൂളുകളുടെ ഭരണനിർവഹണവും നടത്തിപ്പും ഉദ്യോഗസ്‌ഥ, അധ്യാപക നിയമനവും സംബന്ധിച്ച്‌ വിദ്യാഭ്യാസമന്ത്രിയുടെ ശുപാർശയിൽ മന്ത്രിസഭ നേരിട്ടാണു നടപടികൾ കൈക്കൊള്ളുക. ജീവനക്കാരുടെ സേവന, വേതന വ്യവസ്‌ഥകൾ ഇതിന്റെ അടിസ്‌ഥാനത്തിലാണു തീരുമാനിക്കപ്പെടുക. പുതിയ നിയമം പ്രാബല്യത്തിലാകുന്നതുവരെ ഇൻഡിപെൻഡന്റ്‌ സ്‌കൂൾ ജീവനക്കാർക്കു നിലവിലുള്ള സംവിധാനത്തിൽ ശമ്പളം തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.