Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റമസാൻ: ആരോഗ്യമന്ത്രാലയം പരിശോധന ശക്‌തമാക്കുന്നു

fruit-health

ദോഹ ∙ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ പരിശോധന ആരോഗ്യമന്ത്രാലയം ഊർജിതമാക്കുന്നു. റമസാൻ മാസത്തിനു മുന്നോടിയായാണ്‌ രാജ്യത്തെ തുറമുഖങ്ങളിലൂടെയും ഹമദ്‌ രാജ്യാന്തര വിമാനത്താവളത്തിലൂടെയും അബു സംറയിലെ അതിർത്തി ചെക്‌പോസ്‌റ്റ്‌ വഴിയും ഖത്തറിലേക്കെത്തിക്കുന്ന ഭക്ഷ്യസാധനങ്ങളുടെ പരിശോധന ശക്‌തമാക്കുന്നതെന്നു മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.

രേഖകളുടെ പരിശോധനമുതൽ സാംപിളുകളുടെ ലാബ്‌ പരിശോധനവരെ കൂടുതൽ കർശനമാക്കിയിട്ടുണ്ട്‌. ഇറച്ചി അടക്കമുള്ള ഭക്ഷ്യവിഭവങ്ങൾ പൂർണ സുരക്ഷിതമാണെന്ന്‌ ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. അപകടകരമോ ജിസിസി ഭക്ഷ്യനിലവാരം പുലർത്താത്തതോ ആയ ഏതു ഭക്ഷ്യോൽപന്നവും പിടിച്ചെടുത്തു നശിപ്പിക്കുകയോ തിരിച്ചയയ്‌ക്കുകയോ ചെയ്യാനാണ്‌ പരിശോധകർക്ക്‌ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്‌. വ്യോമ, നാവിക, കരമാർഗങ്ങളിലൂടെ എത്തുന്ന എല്ലാ ചരക്കുകളും 24 മണിക്കൂറും നിരീക്ഷണവിധേയമാക്കും. 80-ൽ ഏറെ ഹെൽത്‌ ഇൻസ്‌പെക്‌ടർമാരെയാണ്‌ ഇതിനായി നിയോഗിച്ചിരിക്കുന്നത്‌. ഈവർഷം ആദ്യ മൂന്നുമാസത്തിനുള്ളിൽ 5.95 ലക്ഷം ടൺ ഭക്ഷ്യസാധനങ്ങളാണ്‌ ഖത്തർ ഇറക്കുമതി ചെയ്‌തത്‌.

ഇതിൽ 421.24 ടൺ സാധനങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടതിനാൽ നശിപ്പിച്ചു. 638.5 ടൺ സാധനങ്ങൾ നിശ്‌ചിത ഗുണമേന്മയില്ലെന്നു കണ്ടതിനാൽ തിരിച്ചയച്ചു. ഏപ്രിലിൽ 1.81 ലക്ഷം ടൺ ഭക്ഷ്യസാധനങ്ങൾ എത്തി. ഇതിൽ 251.1 ടൺ നശിപ്പിക്കുകയും 24.2 ടൺ സാധനങ്ങൾ തിരിച്ചയയ്‌ക്കുകയും ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.