Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റേഡിയത്തിൽ ശീതീകരണ സംവിധാനം ഒരുക്കി അധികൃതർ; തണുത്തിരുന്നു കളി കാണാം

galeefa-stedium ഖലീഫ സ്റ്റേഡിയത്തിലെ ശീതീകരണ സംവിധാനത്തിന്റെ ഭാഗമായ തണുത്ത വായു പുറന്തള്ളുന്ന നോസിലുകൾ. ഇത്തരം അഞ്ഞൂറിലേറെ നോസിലുകളാണ് കാണികളുടെ മേഖലയിലേക്കും പിച്ചിലേക്കും തുറക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ളത്.

ദോഹ ∙ ഉദ്ഘാടന മൽസരത്തിനായി കാണികൾ ഇന്നു ഖലീഫ സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോൾ അവരെ കാത്തിരിക്കുന്നതു ലോകത്തിലെ തന്നെ മികച്ച ശീതീകരണ സംവിധാനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശീതീകരിച്ച തുറന്ന വേദിയാണിതെന്നാണു സംഘാടകരുടെ അവകാശവാദം.

പരമ്പരാഗത ശീതീകരണ സംവിധാനത്തേക്കാൾ 40 ശതമാനം ഊർജം കുറവു മതിയെന്നതും മറ്റൊരു പ്രത്യേകത. പിച്ചിലേക്കും സ്റ്റേഡിയത്തിലെ കാണികളുടെ ഇരിപ്പിടങ്ങളുടെ ഭാഗത്തേക്കും തുറന്നുവച്ച അഞ്ഞൂറിലേറെ ശീതീകരണ നോസിലുകളാണ് സ്റ്റേഡിയത്തെ തണുപ്പിക്കുന്നത്. സ്റ്റേഡിയത്തിനു പുറത്തെ താപനില എത്രയായാലും സ്റ്റേഡിയത്തിനുള്ളിൽ താപനില 26 ഡിഗ്രിയാക്കി നിലനിർത്താൻ കഴിയുമെന്നു ഖത്തർ സർവകലാശാല കോളജ് ഓഫ് എൻജിനീയറിങ് പ്രഫസർ ഡോ. സൗദ് അബ്ദുൽ അസീസ് അബ്ദുൽ ഗനി പറഞ്ഞു.

കാണികളുടെ എണ്ണം അനുസരിച്ചു താപനില ക്രമീകരിക്കാൻ കഴിയും. ശീതീകരണ നോസിലുകൾ ഖത്തറിൽതന്നെ നിർമിച്ചതാണ്. കാറിലെ എസി വെന്റുകൾ പോലെ ഏതു ഭാഗത്തേക്കും ശീതീകരിച്ച വായുവിനെ തിരിച്ചുവിടാൻ നോസിലുകളിൽ സംവിധാനമുണ്ട്. കേന്ദ്രീകൃത ശീതീകരണ സംവിധാനത്തിലൂടെയാണിതു പ്രവർത്തിക്കുന്നത്. സ്‌റ്റേഡിയത്തിന് ഒരു കിലോമീറ്റർ അകലെയാണ് എനർജി സെന്റർ. ഇവിടെനിന്നു ശീതീകരിച്ച ജലം പൈപ്പിലൂടെ വേദിയിലെത്തിക്കുന്നു.

ശീതീകരിച്ച ജലം ഉപയോഗിച്ചു തണുത്തവായു വെന്റുകൾ മുഖേന കാണികളുടെ മേഖലയിലേക്കും പിച്ചിലേക്കും പുറന്തള്ളുന്നു. ആദ്യം ഖത്തർ സർവകലാശാലയിലും പിന്നീടു സ്റ്റേഡിയത്തിൽ ശീതീകരണ സംവിധാനം സ്ഥാപിക്കുന്നതിനു മുമ്പും ഒട്ടേറെ തവണ പരീക്ഷിച്ചു കാര്യക്ഷമത ഉറപ്പുവരുത്തിയതായി ഡോ. അബ്ദുൽ ഗനി പറഞ്ഞു. മൽസരങ്ങളുടെ ദിവസങ്ങളിൽ കൂടുതൽ കാണികൾ എത്തും എന്നതിനാൽ അതുകൂടി മുന്നിൽ കണ്ടായിരുന്നു പരീക്ഷണം. ശീതീകരിച്ച വായു സ്റ്റേഡിയത്തിനുള്ളിൽനിന്നു പെട്ടെന്നു പുറത്തേക്കു പോകാതിരിക്കാൻ കാറ്റിന്റെ വേഗം ക്രമീകരിക്കുന്നതായിരുന്നു വെല്ലുവിളി. ഇതിനായി ഖത്തർ സർവകലാശാലയിലെ വിൻഡ് ടണലിൽ കാറ്റിന്റെ വിവിധ വേഗം ക്രമീകരിച്ചു പഠനം നടത്തി.

സ്റ്റേഡിയം മേൽക്കൂരയുടെ പ്രത്യേക ഡിസൈനും തണുത്തവായു പെട്ടെന്നു പുറത്തേക്കു പോകുന്നതു തടയും. നിലവിൽ കാണികളുടെ മേഖല മുഴുവൻ മൂടുന്നതാണു മേൽക്കൂര. ഇത്രയും വലുപ്പമേറിയ ശീതീകരിച്ച തുറന്ന സ്റ്റേഡിയം ലോകത്തു വേറെയില്ലെന്നു ഡോ. അബ്ദുൽ ഗനി പറഞ്ഞു. വർഷം മുഴുവൻ കായികപരിപാടികൾ സംഘടിപ്പിക്കാൻ പര്യാപ്തമാണ് സ്റ്റേഡിയത്തിലെ ശീതീകരണ സംവിധാനം. 2022 ഖത്തർ ലോകകപ്പ് നവംബർ-ഡിസംബറിലാണു നടക്കുകയെങ്കിലും മുൻ വാഗ്ദാന പ്രകാരം ലോകകപ്പിനായി നിർമിക്കുന്ന എല്ലാ സ്റ്റേഡിയങ്ങളിലും ശീതീകരണ സംവിധാനം സ്ഥാപിക്കാൻ ഖത്തർ തീരുമാനിച്ചിരുന്നു.

അതുപ്രകാരം പൂർത്തിയായ ആദ്യ സ്റ്റേഡിയമാണിത്. സ്റ്റേഡിയത്തിലെ ഉദ്ഘാടന മൽസരമായ അമീർ കപ്പ് ഫൈനലിൽ ഇന്ന് ഏഴിനു റയ്യാനും അൽസദ്ദും തമ്മിൽ ഏറ്റുമുട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.