Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ ഖത്തരി സംഘത്തിന് 16 മാസത്തിനു ശേഷം മോചനം

desert-011

ദോഹ ∙ വേട്ടയ്ക്കായി ഇറാഖ് മരുഭൂമിയിൽ ക്യാംപ് ചെയ്യുന്നതിനിടെ തട്ടിക്കൊണ്ടു പോയ ഖത്തരി സംഘത്തിന് 16 മാസത്തിനു ശേഷം മോചനം. രാജകുടുംബാംഗങ്ങൾ ഉൾപ്പെടെ 26 പേരെയും തട്ടിക്കൊണ്ടു പോയവർ മോചിപ്പിച്ചതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം ബഗ്ദാദിൽ അറിയിച്ചു. ഇവരുടെ തിരിച്ചറിയൽ പരിശോധന നടക്കുകയാണെന്നും വൈകാതെ ഇറാഖിലെ ഖത്തർ സ്ഥാനപതിക്കു കൈമാറുമെന്നും ആഭ്യന്തരമന്ത്രാലയം പ്രതിനിധി അറിയിച്ചു. 

2015ഡിസംബർ16നു പുലർച്ചെയാണ് സൗദി അതിർത്തിയോടു ചേർന്ന ദക്ഷിണ ഇറാഖിലെ സമാവ മരൂഭൂമിയിൽ നിന്ന് ഇവരെ തട്ടിക്കൊണ്ടു പോയത്. ശൈത്യകാലത്തു സമ്പന്ന ഖത്തരികൾ വേട്ടയ്ക്കായി മരുഭൂമികളിൽ ക്യാംപ് ചെയ്യാറുണ്ട്. ഫാൽക്കണുകളെ ഉപയോഗിച്ച് ചെറു പക്ഷിയായ ഏഷ്യൻ ഹബൂറയെയും ചെറുമൃഗങ്ങളെയുമാണു വേട്ടയാടുന്നത്. ബഗ്ദാദിൽ നിന്ന് 370കിലോമീറ്ററിലേറെ അകലെയായിരുന്നു ക്യാംപ്. കാംപിൽ അൻപതോളം വാഹനങ്ങളിലെത്തിയ സായുധസംഘം ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

ഇറാഖ് സർക്കാരിന്റെ അനുമതിയോടെയായിരുന്നു ഇവർ ക്യാംപ് ചെയ്തത്. ഷിയ തീവ്രവാദികൾക്ക് ഈ മേഖലയിൽ സ്വാധീനമുള്ളതിനാൽ അവരാണു സംഭവത്തിനു പിന്നിലെന്നു സംശയിച്ചിരുന്നു. വേട്ടസംഘത്തിൽ ഖത്തരികൾക്കു പുറമേ മറ്റു ചില രാജ്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നു റിപ്പോർട്ടുണ്ട്. എന്നാൽ ഇവരെകുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഖത്തരി സംഘത്തെ തട്ടിക്കൊണ്ടു പോയ വിവരം അറിഞ്ഞപ്പോൾ മുതൽ അവരുടെ മോചനത്തിനായി ഖത്തർ ശ്രമം ആരംഭിച്ചിരുന്നു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശപ്രകാരം അന്നുച്ചയ്ക്കു തന്നെ ഖത്തർ പ്രതിനിധി സംഘം ഇറാഖിലെത്തി. തട്ടിക്കൊണ്ടുപോയവരുടെ സുരക്ഷ ഉറപ്പാക്കാനും അവരുടെ മോചനം സാധ്യമാക്കാനുമായി ഇറാഖ് സർക്കാരുമായും സൗഹൃദ രാജ്യങ്ങളുമായും ബന്ധപ്പെട്ട് അന്നു മുതൽ നിരന്തര ശ്രമത്തിലായിരുന്നു ഖത്തർ സർക്കാർ. 16 മാസം നീണ്ട ചർച്ചകൾക്കും സമ്മർദങ്ങൾക്കും ശേഷമാണു ഖത്തരികളുടെ സുരക്ഷിതമായി മോചനം സാധ്യമായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.