Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണവില ബാരലിന് 55 ഡോളർ ശരാശരിയിലെത്തുമെന്ന് ഐഎംഎഫ്

imf

ദോഹ ∙ ഈ വർഷം എണ്ണവില ബാരലിന് 55 ഡോളർ ശരാശരിയിലെത്തുമെന്നു രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ശരാശരി എണ്ണവില ബാരലിനു 42.84 ഡോളറായിരുന്നു. ഈ വർഷം മുഴുവൻ വില 55നു മുകളിൽ തുടരാനാണു സാധ്യതയെന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐഎംഎഫ് ലോക സാമ്പത്തികാവലോകന റിപ്പോർട്ടിൽ പറയുന്നു.

2018ലും ശരാശരി വിലയിൽ വലിയ മാറ്റമുണ്ടാവുകയില്ലെന്നാണു റിപ്പോർട്ട്. 55.06 ഡോളർ ശരാശരിയാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. എണ്ണ ഉൽപാദനം കുറയ്ക്കാൻ ഉൽപാദക രാജ്യങ്ങൾ കഴിഞ്ഞ നവംബറിൽ എടുത്ത തീരുമാനമാണു വിപണി ചലിപ്പിച്ചത്. ഇതോടെ കഴിഞ്ഞ നവംബർമുതൽ ചെറിയ ഇടവേള ഒഴിച്ചാൽ വില അൻപതു ഡോളറിനു മുകളിലാണ്. ബുധനാഴ്ച നേരിയതോതിൽ എണ്ണവില ഇടിഞ്ഞെങ്കിലും ഇന്നലെ മെച്ചപ്പെട്ടു. ബ്രെൻഡ് ക്രൂഡിനു ബാരലിന് 53.45 ഡോളറാണു വില. യുഎസ് ക്രൂഡിന് 50.89 ഡോളറും.

ഒപെക് രാജ്യങ്ങളും റഷ്യ ഉൾപ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളും ചേർന്നു ജനുവരി ഒന്നുമുതൽ ആറുമാസത്തേക്കു 18 ലക്ഷം ബാരൽ ഉൽപാദനം കുറയ്ക്കാനാണു തീരുമാനിച്ചത്. സൗദി അറേബ്യ പ്രഖ്യാപിച്ചതിലും വലിയ കുറവു വരുത്തിയതോടെ ഒപെക് ഉൽപാദനത്തിൽ 11.5 ലക്ഷം ബാരലോളം കുറവുവന്നിട്ടുണ്ട്. ഒപെക് രാജ്യങ്ങൾ 96 ശതമാനവും ഒപെക് ഇതര രാജ്യങ്ങൾ 65 ശതമാനവും ഉൽപാദന നിയന്ത്രണ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടെന്നാണു കണക്ക്. ജൂലൈമുതൽ ആറുമാസത്തേക്കുകൂടി ഉൽപാദന നിയന്ത്രണം ഒപെക് തുടരാനാണു സാധ്യത. കുവൈത്തിൽ കഴിഞ്ഞ മാസം നടന്ന ഉപസമിതി യോഗവും ഇതു സംബന്ധിച്ച സൂചനകളാണു നൽകിയത്.

മേയ് 25ന് ഒപെക് യോഗം ചേർന്നാണു തീരുമാനമെടുക്കുക. വിപണിയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി ആറുമാസം കൂടി ഉൽപാദന നിയന്ത്രണം വേണ്ടിവരുമെന്നു സൗദി അറേബ്യൻ ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. വിപണിയിലെ അധിക എണ്ണ കുറയ്ക്കുക എന്ന ലക്ഷ്യത്തിലെത്താൻ നിയന്ത്രണം തുടരേണ്ടതുണ്ടെന്ന് അൽ ഫാലിഹ് ഇന്നലെ അബുദാബിയിൽ പറഞ്ഞു. റഷ്യ ഉൾപ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളും ഉൽപാദന നിയന്ത്രണ വാഗ്ദാനങ്ങൾ പാലിച്ചതായി രാജ്യാന്തര ഊർജ ഏജൻസി (ഐഇഎ) യും ചൂണ്ടിക്കാട്ടുന്നു. എണ്ണവില ഉയർന്നതു യുഎസിലെ ഷെയ്ൽ ഉൽപാദനത്തിനു സഹായകരമാണ്.

വർഷം മുഴുവൻ അധിക എണ്ണ വിപണിയിലേക്ക് എത്താൻ ഇത് ഇടയാക്കുമെന്നും ഉപഭോക്തൃ രാജ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് വൻതോതിൽ ഇതിനോടകം എണ്ണ ശേഖരിച്ചുവച്ചതായും റിപ്പോർട്ടിലുണ്ട്. വില ഉയർന്നതോടെ യുഎസിന്റെ ക്രൂഡ് ഉൽപാദനം 92.5 ലക്ഷം ബാരലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ പത്തു ശതമാനം അധികമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.