Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽ വക്ര ഫിഷ്‌ ഹാർബറിന്റെ നവീകരണം പൂർത്തിയായി

market1 വക്ര ഹാർബറിൽ നവീകരണ ജോലികൾ പൂർത്തിയായപ്പോൾ.

ദോഹ ∙ അൽ വക്ര ഹാർബറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പോർട്‌സ്‌ മാനേജ്‌മെന്റ്‌ കമ്പനി (മേവാനി ഖത്തർ) അറിയിച്ചു. മത്സ്യബന്ധനവകുപ്പിന്റെ ചുമതലയുള്ള നഗരസഭാ പരിസ്‌ഥിതി മന്ത്രാലയവുമായി സഹകരിച്ചായിരുന്നു ഹാർബർ നവീകരിച്ചത്‌.

ഗതാഗത വാർത്താവിനിമയ മന്ത്രാലയം നിശ്‌ചയിച്ച സമയപരിധിക്കുള്ളിൽത്തന്നെ പുനരുദ്ധാരണം പൂർത്തിയാക്കാനായതായും മേവാനി ഖത്തർ സിഇഒ ക്യാപ്‌റ്റൻ അബ്‌ദുല്ല അൽ ഖഞ്‌ജി പറഞ്ഞു. ഹാർബറിലെ ബെർത്തുകളെല്ലാം പൂർണമായി പുനരുദ്ധരിച്ചു. 35 ബെർത്തുകളും ബോട്ടുകൾ ബന്ധിപ്പിക്കാനുള്ള ബൊള്ളാർഡുകളുമാണു നവീകരിച്ചത്‌. ബെർത്തുകളോടു ചേർന്നു സിമന്റിഷ്‌ടിക പാകിയിരുന്നതു 120 മീറ്ററിൽനിന്നു 160 മീറ്ററാക്കി.

പരിസ്‌ഥിതിക്ക്‌ ഇണങ്ങുംവിധവും സുരക്ഷാസംവിധാനങ്ങൾ പൂർണമായി പാലിച്ചുമാണു നവീകരണം പൂർത്തിയാക്കിയത്‌. പുതിയ സൗകര്യങ്ങൾ ബോട്ടുടമകൾക്കു സന്തോഷം പകരുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ഒക്‌ടോബറിലാണു നവീകരണ ജോലികൾ തുടങ്ങിയത്‌. അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന വക്ര ഹാർബറിന്റെ നവീകരണം വേഗത്തിലാക്കാൻ സെൻട്രൽ മുനിസിപ്പൽ കൗൺസിലും രംഗത്തെത്തിയിരുന്നു.

ബോട്ടുടമകളും മുക്കുവരും നേരിടുന്ന ബുദ്ധിമുട്ടുകൾ കഴിഞ്ഞ ഡിസംബറിൽ ചർച്ചചെയ്ത സിഎംസി ഇക്കാര്യത്തിൽ നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിദിനം 1,200 ബോട്ടുകളാണു വക്ര ഹാർബറിലേക്ക്‌ എത്തുന്നത്‌. ഇത്രയും ബോട്ടുകളെ ഉൾക്കൊള്ളാനുള്ള ശേഷി ഇവിടത്തെ ഡോക്ക്‌യാർഡിനില്ല.

market2 നവീകരണ ജോലികൾ പൂർത്തിയായ വക്ര ഹാർബർ ഖത്തർ പോർട് മാനേജ്മെന്റ് കമ്പനി (മേവാനി ഖത്തർ) ഉദ്യോഗസ്ഥർ സന്ദർശിച്ചപ്പോൾ.

അതിനാൽ ബോട്ടുകൾ അടുപ്പിച്ചു ബന്ധിപ്പിക്കേണ്ട സ്‌ഥിതിയായിരുന്നു. കനത്ത കാറ്റുള്ളപ്പോൾ തിരയിൽ ചാഞ്ചാടുന്ന ബോട്ടുകൾ തമ്മിലിടിച്ചു കേടുപാടുണ്ടാകുന്നതു പതിവായിരുന്നു. തീരത്തേക്കും പുറങ്കടലിലേക്കും ബോട്ടുകൾ കെട്ടിവലിക്കാനും പ്രയാസം ഏറെയായിരുന്നു. നവീകരണ ജോലികൾ പൂർത്തിയായതോടെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്.

പ്ലാറ്റ്‌ഫോമിലെ കുഴികളായിരുന്നു മറ്റൊരു പ്രശ്‌നം. സിമന്റ് ഇഷ്ടിക വീതികൂട്ടി പാകിയതോടെ ഈ പ്രശ്നത്തിനും പരിഹാരമായി. അൽ വക്ര ഹാർബറിന്റെ വികസനത്തിനു നഗരസഭാ പരിസ്‌ഥിതി മന്ത്രാലയം തയാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ചാണു ബെർത്തുകളും ബൊള്ളാർഡുകളും പ്ലാറ്റ്ഫോമും നവീകരിച്ചത്. ഹാർബറിലേക്കുള്ള റോഡുകളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും വികസനവും മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംഭരണശാലകളുടെയും ബോട്ടുകളിൽ പോകുന്ന മുക്കുവർക്കു താമസിക്കാനുള്ള കെട്ടിടങ്ങളുടെയും നിർമാണവും മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ്.

അൽ ഖോർ, അൽ ഷമാൽ ഹാർബറുകൾ വികസിപ്പിക്കാനും നഗരസഭാ പരിസ്‌ഥിതി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദപഠനം നടന്നുവരികയാണിപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.