Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മ്യാൻമറിന് ബംഗ്ലദേശിന്റെ മുന്നറിയിപ്പ്; വ്യോമ മേഖല മറികടന്നാൽ അക്രമിക്കും

Bangladesh Attacks

ധാക്ക∙ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചാൽ ശക്തമായ തിരിച്ചടി മ്യാൻമർ‌ നേരിടേണ്ടിവരുമെന്ന് ബംഗ്ലദേശ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള പ്രകോപനപരമായ നീക്കങ്ങൾ തുടർന്നാൽ പ്രത്യാഘാതങ്ങൾ കഠിനമായിരിക്കും. അതിർത്തി ലംഘനങ്ങൾ തുടരാതിരിക്കാൻ മ്യാൻമർ സർക്കാർ ഇടപെടണമെന്നും ബംഗ്ലാദേശ് മ്യാൻമര്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 10, 12, 14 തീയതികളിൽ മ്യാൻമറിന്റെ ഡ്രോണുകളും ഹെലികോപ്ടറുകളും മൂന്നു തവണ ബംഗ്ലദേശിന്റെ ഭാഗത്തേക്ക് കടന്നെന്നാണ് ബംഗ്ലദേശിന്റെ പരാതി. 

എന്നാൽ ഇത്തരത്തിലുള്ള അതിർത്തി ലംഘനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മ്യാൻമറിന്റെ നിലപാട്. ബംഗ്ലാദേശ് നൽകുന്ന എന്ത് വിവരവും പരിശോധിക്കാൻ തയ്യാറാണെന്നും അവർ അറിയിച്ചിട്ടുണ്ട്. അഭയാർത്ഥി പ്രശ്നത്തിന്റെ പേരിൽ ഇരുരാജ്യങ്ങളും പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ ഒരുമിച്ചുള്ള പ്രവർത്തനമാണ് ആവശ്യമെന്നും മ്യാൻമര്‍ വ്യക്തമാക്കി.

Bangladesh Myanmar Attacks

റോഹിങ്ക്യൻ അഭയർത്ഥികളെച്ചൊല്ലിയുള്ള പ്രശ്നം നിലനിൽക്കവെയാണ് ബംഗ്ലാദേശ് ആരോപണവുമായി രംഗത്തെത്തുന്നതെന്നതും ശ്രദ്ധേയമാണ്. നാല് ലക്ഷത്തോളം റോഹിങ്ക്യൻ മുസ്‍ലിംകളാണ് കലാപത്തെ തുടര്‍ന്ന് മ്യാൻമർ അതിർത്തി കടന്ന് ബംഗ്ലദേശിൽ അഭയം പ്രാപിച്ചത്. ഇവർക്കെതിരായ സൈനിക നടപടിയെ വംശീയപരമായ ഉൻമൂലനത്തിന്റെ ഉദാഹരണമായാണ് യുഎൻ വിലയിരുത്തിയത്.

ബംഗ്ലദേശിലുള്ള അഭയാർത്ഥികളെല്ലാം തിരികെ പോകണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ മ്യാൻമർ പൗരത്വമുള്ള റോഹിങ്ക്യകളെ മാത്രമെ രാജ്യത്തേക്ക് കടക്കാൻ അനുവദിക്കുവെന്നാണ് മ്യാൻമർ സർക്കാരിന്റെ നിലപാട്. ഭൂരിഭാഗം വരുന്ന റോഹിങ്ക്യൻ അഭയാർത്ഥികൾക്കും പൗരത്വമില്ലെന്നതാണ് സത്യം. അഭയാർത്ഥികളെ തിരികെ വിളിക്കണമെന്ന് ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന മ്യാൻമറിനോട് ഉടൻ ആവശ്യപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.