Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റോഹിങ്ക്യകളും സൈന്യവും തമ്മിലുള്ള പോരാട്ടത്തിൽ മരണം 400 അതിർത്തി കടന്നത് 38000 പേരെന്ന് യുഎൻ

മ്യാൻമർ സൈന്യം

നേപിതോ∙അശാന്തമായിരിക്കുന്ന മ്യാൻമറിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ ഒരാഴ്ചയ്ക്കിടെ 400 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. അക്രമ സംഭവങ്ങളെ തുടർന്ന് 38,000ത്തിൽ അധികം റോഹിങ്ക്യ വിഭാഗക്കാർ മ്യാൻമർ വിട്ട് പോയെന്ന് യുഎൻ വ്യക്തമാക്കി. ഒരാഴ്ചയ്ക്ക് മുമ്പ് റോഹിങ്ക്യൻ കലാപകാരികൾ റഖൈനിൽ പൊലിസ് പോസ്റ്റും ആർമി ബേസും അക്രമിച്ചതോടെയാണ് മറുപടി നൽകുന്നതിനായി സൈന്യവും രംഗത്തിറങ്ങിയത്. ഇതോടെ റോഹിങ്ക്യൻ ജനത കൂട്ടത്തോടെ ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

തീവ്രവാദികളെ മാത്രമാണ് തുടച്ച് നീക്കാൻ ശ്രമിച്ചിട്ടുള്ളതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. എന്നാൽ റോഹിങ്ക്യകളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. കൊലപാതകങ്ങളും അക്രമങ്ങളും നടത്തി അതിനുള്ള വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്നും ആക്ഷേപങ്ങളുണ്ട്. രാജ്യത്ത് തുടരുന്ന അക്രമങ്ങൾക്കെതിരെ നിശബ്ദത പാലിക്കുന്ന ദേശീയ നേതാവ് ഓങ് സാങ് സൂചിയുടെ നിലപാടിനെതിരെയും വിമർശനമുയരുന്നുണ്ട്.

നാടുവിട്ടു പോകുന്ന റോഹിങ്ക്യൻ വിഭാഗക്കാര്‍

കൊല്ലപ്പെട്ടവരിൽ 370 പേർ തീവ്രവാദികളാണെന്നാണ് സൈന്യത്തിന്റെ നിലപാട്. ആക്രമണങ്ങളിൽ 13 സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സർക്കാർ ജീവനക്കാരും 14 സാധാരണക്കാരും കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു. റഖൈൻ പ്രവിശ്യയിൽനിന്ന് 11,700 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുമുണ്ട്. വ്യാഴാഴ്ച വൈകീട്ട് 150ഓളം വരുന്ന റോഹിങ്ക്യൻ കലാപകാരികൾ സൈന്യവുമായി വീണ്ടും ഏറ്റുമുട്ടിയതായും അറിയുന്നു. 

ബംഗ്ലാദേശിനും മ്യാൻമറിനുമിടയിലെ നാഫ് നദി വഴി രാജ്യം വിടാൻ ശ്രമിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. 11 കുട്ടികളുൾപ്പെടെ 15 റോഹിങ്ക്യൻ മുസ്ലീങ്ങളുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സൈന്യത്തിന് ലഭിച്ചിരുന്നു. ഇതുൾപ്പെടെ നാൽപ്പത് പേരാണ് രാജ്യം വിടാനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.