Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അൽ അഖ്‌സയിൽ പ്രവേശന നിയന്ത്രണം; ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം

international ജറുസലമിൽ ഇസ്രയേൽ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ എറിഞ്ഞപ്പോൾ ഓടി രക്ഷപ്പെടുന്ന പലസ്തീൻകാർ.

ജറുസലം∙ സംഘർഷാവസ്ഥ നിലനിൽക്കുന്ന പഴയ നഗരത്തിൽ, അൽ അഖ്‌സ പള്ളിയിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് 50 വയസ്സിൽ താഴെയുള്ള പുരുഷൻമാരെ വിലക്കിയ ഇസ്രയേൽ പൊലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു.


ഒരാഴ്ച മുൻപ് ഇവിടെ ഏറ്റുമുട്ടലിൽ രണ്ട് ഇസ്രയേൽ പൊലീസ് ഉദ്യോഗസ്ഥർ അടക്കം അഞ്ചുപേരാണു കൊല്ലപ്പെട്ടത്. 50ൽ താഴെയുള്ളവരെ വിലക്കിയതിനു പുറമേ പള്ളിയുടെ കവാടങ്ങളിൽ ഇന്നലെ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചതിനെതിരെയും വിമർശനമുയർന്നു.


മെറ്റൽ ഡിറ്റക്ടർ നീക്കം ചെയ്യാതെ പള്ളിയിൽ പ്രവേശിക്കരുതെന്നു പലസ്തീൻ നേതാക്കൾ ആഹ്വാനം ചെയ്തു. വിശ്വാസികൾ ഇന്നലെ പള്ളിക്കു പുറത്താണു നമസ്കരിച്ചത്.


പള്ളിയിലേക്കു പ്രവേശിക്കുന്ന ദമാസ്‌കസ് കവാടത്തിലേക്കുള്ള വഴികളും പൊലീസ് അടച്ചിരുന്നു. പഴയ നഗരത്തിലെ കടകളും അടഞ്ഞുകിടന്നു. സംഘർഷാവസ്ഥയിൽ യുഎസും യുഎൻ പ്രതിനിധിയും ആശങ്ക പ്രകടിപ്പിച്ചു.


മെറ്റൽ ഡിറ്റക്ടറുകൾ നീക്കം ചെയ്യണമെന്നു തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ ആവശ്യപ്പെട്ടു. എന്നാൽ, വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാനാണു മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.