Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മറിയത്തെ കുടുക്കി കലിബ്രി ഫോണ്ട്; രേഖകള്‍ വ്യാജമെന്ന് അന്വേഷണസംഘം

mariyam

ഇസ്‍ലാമാബാദ്∙ കക്കാന്‍ പഠിച്ചാല്‍ നീക്കാന്‍ പഠിക്കണമെന്ന പഴമൊഴിയാണ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസിന് അറിയാതെ പോയത്. അനധികൃതമായി സ്വത്തു സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മറിയത്തെ കുടുക്കിയിരിക്കുന്നത് കലിബ്രി എന്ന കമ്പ്യൂട്ടര്‍ ലിപിയാണ്. ഷരീഫ് കുടുംബത്തിന്റെ സാമ്പത്തിക ചരിത്രത്തെക്കുറിച്ച് അന്വേഷിക്കുന്ന ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം (ജെഐടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മറിയം വ്യാജരേഖകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തലുകള്‍ ഉള്ളത്. മറിയം സമര്‍പ്പിച്ച 2006 മുതലുള്ള രേഖകള്‍ തയാറാക്കിയിരിക്കുന്നതു മൈക്രോസോഫ്റ്റ് വേഡിന്റെ കലിബ്രി ഫോണ്ട് ഉപയോഗിച്ചാണ്. 

അതേസമയം, ഈ ഫോണ്ട് 2007 വരെ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി കമ്പനി നല്‍കിയിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ രേഖകള്‍ വ്യാജമാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ജെഐടിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതോടെയാണ് കലിബ്രി ഫോണ്ട് മറിയത്തെ ചതിച്ചുവെന്ന വിവരം അറിയുന്നത്. പനാമ രേഖകളിലൂടെ ലോകം അറിഞ്ഞ അനധികൃത കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനായാണ് മറിയം കലിബ്രി ഫോണ്ട് ഉപയോഗിച്ചു രേഖകള്‍ തയാറാക്കിയത്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ മറിയവും സഹോദരന്മാരും ചേര്‍ന്നു വ്യാജരേഖകള്‍ ചമച്ചുവെന്നാണ് ജെഐടി വിശ്വസിക്കുന്നത്.

‌അന്വേഷണത്തില്‍ സഹകരിച്ച ബ്രിട്ടീഷ് ഫോറന്‍സിക് വിദഗ്ധരാണ് രേഖകളില്‍ പറയുന്ന തീയതികളില്‍ അതില്‍ ഉപയോഗിച്ചിരിക്കുന്ന കലിബ്രി ലിപി മൈക്രോസോഫ്റ്റ് വിപണിയില്‍ ലഭ്യമാക്കിയിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയത്. മറിയം സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പിന്നീട് ഉണ്ടാക്കിയതായിരിക്കുമെന്നും അതില്‍ പറയുന്ന തീയതികള്‍ തെറ്റാണെന്നും ഫോറന്‍സിക് വിദഗ്ധര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വലിയതോതില്‍ ലൈസന്‍സ് എടുത്ത ഇടപാടുകാര്‍ക്ക് 2006 നവംബര്‍ 30-ന് കലിബ്രി ഫോണ്ട് നല്‍കിയിരുന്നതായി ഫോണ്ടിന്റെ ഡിസൈനറായ ലൂക്കാസ് ഡിഗ്രൂട്ട് പറഞ്ഞു. 

വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ പാക്കിസ്ഥാനില്‍ കലിബ്രി ഫോണ്ട് ട്വിറ്ററിലും മറ്റും ട്രെന്‍ഡിങ് ആയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.