Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മോദിയേയും മെയ്ക്ക് ഇന്‍ ഇന്ത്യയേയും പുകഴ്ത്തി ചൈനീസ് ദിനപത്രം

Narendra Modi

ബെയ്ജിങ്∙ സിക്കിം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മേക്ക് ഇന്‍ ഇന്ത്യയേയും ജിഎസ്ടിയെയും പുകഴ്ത്തി ചൈനീസ് സര്‍ക്കാര്‍ നിയന്ത്രിത ദിനപത്രം. പതിവായി ഇന്ത്യയെ കടന്നാക്രമിക്കാറുള്ള ഗ്ലോബല്‍ ടൈംസ് എന്ന ചൈനീസ് ദിനപത്രമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടിയെ അഭിനന്ദിച്ചു മുഖപ്രസംഗം എഴുതിയത്.

രാജ്യാന്തര നിക്ഷേപകര്‍ക്ക് ഇന്ത്യ കൂടുതല്‍ ആകര്‍ഷകമായിക്കൊണ്ടിരിക്കുകയാണെന്നും കുറഞ്ഞ ചെലവിലുള്ള ഉത്പാദനകേന്ദ്രമെന്ന സ്ഥാനം ചൈനയില്‍നിന്നു മെല്ലെ മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിന്റെ ഫാക്ടറി എന്ന സ്ഥാനത്തേക്കു ചൈനയെ പിന്തള്ളി ഇന്ത്യ കടന്നുവരാന്‍ സാധ്യതയുള്ളതായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്‌ലിയുടെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കുന്നു. 

സിക്കിം അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ഇന്ത്യയെ പാഠം പഠിപ്പിക്കണമെന്നു നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന പത്രമാണ് ഇന്ത്യക്ക് അനുകൂലമായി മുഖപ്രസംഗം എഴുതിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു ഗുണകരമാകും.

പൊതു ദേശീയ വിപണി എന്ന ആശയം നടപ്പാകുന്നതോടെ ഉത്പാദന രംഗത്ത് ഇന്ത്യയുടെ മത്സരക്ഷമത വര്‍ധിക്കുമെന്നും പത്രം വ്യക്തമാക്കുന്നു. 2014 സെപ്റ്റംബറില്‍ മോദി സര്‍ക്കാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപിച്ചതു മുതല്‍ രാജ്യത്തെ ഏകോപിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇന്ത്യയെ ഏറ്റവും ആകര്‍ഷകമായ രാജ്യാന്തര ഉത്പാദന കേന്ദ്രമാക്കി മാറ്റാന്‍ ഇതു വഴിവയ്ക്കുമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.