Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ വരവേൽപിന് ഒരുങ്ങി ഒമാൻ മോദി ദ്വിദിന സന്ദർശനത്തിന് ഇന്ന് എത്തും

Narendra Modi

മസ്‌കത്ത് ∙ അറബ് മേഖലയുമായുള്ള ചരിത്രബന്ധത്തിനു പുതിയ മാനങ്ങൾ നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിന് ഇന്ന് ഒമാനിൽ. വൈകിട്ടു നാലോടെ മസ്‌കത്ത് റോയൽ വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദിയെ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ്, ക്യാബിനറ്റ് മന്ത്രിമാർ എന്നിവർ ചേർന്നു വരവേൽക്കും.

സ്വീകരണത്തിനുശേഷം വൈകിട്ട് ആറിന് ബോഷർ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തിലേറെ ഇന്ത്യക്കാർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും. ഇവിടെ വൻ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. സ്റ്റേഡിയത്തിലേക്ക് ഉച്ചയ്ക്കു രണ്ടുമുതലാണ് പ്രവേശനം. അഞ്ചിന് സ്റ്റേഡിയം അടയ്ക്കും. സൗജന്യ ഭക്ഷണത്തിനും വെള്ളത്തിനും സ്റ്റേഡിയത്തിൽ തന്നെ ക്രമീകരണം ഏർപ്പെടുത്തി. പൊതുസമ്മേളനത്തിനുശേഷം കൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദുമായി മോദി കൂടിക്കാഴ്ച നടത്തും.

അത്താഴവിരുന്നുമുണ്ടാകും. നാളെ രാവിലെ മന്ത്രിതല ചർച്ചകൾക്കുശേഷം പ്രതിരോധ, വ്യാപാര, നാവിക മേഖലകളിലെ സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. സൈനിക സഹകരണം ശക്തമാക്കുന്നതും സന്ദർശനത്തിന്റെ ഭാഗമാണ്. അടിസ്ഥാനസൗകര്യവികസനം, മൈനിങ്, ലോജിസ്റ്റിക്സ്, ഷിപ്പിങ്, ഗതാഗതം, ടൂറിസം, തുറമുഖം, പ്രത്യേക സാമ്പത്തിക മേഖല, ഐടി പാർക്ക്, നോളജ് ഒയാസിസ്, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പുവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു.

മസ്കത്തിൽ നടക്കുന്ന സിഇഒ ഉച്ചകോടിയിൽ ഒമാനിലെ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും. ഇന്ത്യയിലേക്ക് പ്രത്യേകിച്ച് മെയ്ക് ഇൻ ഇന്ത്യാ പദ്ധതിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയാണ് ലക്ഷ്യം. മസ്കത്തിലെ ശിവക്ഷേത്രം, സുൽത്താൻ ഖാസൂബ് ഗ്രാൻഡ് മോസ്ക് എന്നിവിടങ്ങളിലും സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി രാത്രിയോടെ ഇന്ത്യയിലേക്കു മടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.