Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയദിന ആഘോഷങ്ങള്‍ക്ക് നാടും നഗരവും ഒരുങ്ങുന്നു

National-Day-preparations

മസ്‌കത്ത് ∙ ഒമാന്റെ 47–ാം ദേശീയദിന ആഘോഷങ്ങള്‍ക്ക് നാടും നഗരവും ഒരുങ്ങുന്നു. ദേശീയ പതാകയുടെ വര്‍ണങ്ങളില്‍ നിറഞ്ഞും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ചിത്രങ്ങള്‍ പതിച്ചും രാജ്യത്താകെ ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സ്വദേശികളും വിദേശികളും. സര്‍ക്കാറിന്റെയും സ്വകാര്യ മേഖലയുടെയും കീഴില്‍ മുഴുവന്‍ ഭാഗങ്ങളിലും വിവിധ പ്രവൃത്തികള്‍ തകൃതിയായി നടന്നു വരികയാണ്. 

നഗരപ്രദേശങ്ങളില്‍ അലങ്കാര പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പതാക വര്‍ണങ്ങളില്‍ ദീപാലങ്കാരങ്ങളും പാതയോരങ്ങളില്‍ നടത്തിരിയിക്കുന്നു. റൗണ്ട് എബൗട്ടുകളിലും കവലകളിലും നഗരസഭകളുടെ നേതൃത്വത്തില്‍ ദേശീയ ദിനാഘോഷത്തിനായി അലങ്കാരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധ വര്‍ണങ്ങളിലുള്ള ബള്‍ബുകള്‍ സ്ഥാപിച്ചും വെളിച്ചം വിതറുന്ന പ്ലാസ്റ്റിക് മരങ്ങള്‍ അലങ്കരിച്ചും മോടിപിടിപ്പിച്ചിട്ടുണ്ട്. മത്ര, റൂവി, അല്‍ ഖുവൈര്‍, ബോഷര്‍, ഗാല, ഗുബ്ര തുടങ്ങിയ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങള്‍ വര്‍ണാഭമാക്കിയിട്ടുണ്ട്.

സ്വകാര്യസ്ഥാപനങ്ങളും പതാക വര്‍ണങ്ങള്‍ കൊണ്ട് അലങ്കരിച്ച് ദേശീയദിനാഘോഷത്തില്‍ പങ്കു ചേരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ വെളിച്ചങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ സമീപത്തും ഇവിടേക്കുള്ള പാതകളിലുമാണ് കൂടുതല്‍ അലങ്കാര പ്രവൃത്തികള്‍ നടത്തിയിട്ടുള്ളത്. രാത്രികാലങ്ങളിലാണ് ആഘോഷത്തിന്റെ കമനീയത അറിയിക്കുന്ന അലങ്കാരങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനാകുക. നാടിന്റെ പലഭാഗങ്ങളിലായി പാതയരോങ്ങളോടു ചേര്‍ന്ന് പൂക്കള്‍ വെച്ച് പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിനാല്‍ പകല്‍ സമയത്തും സൗന്ദര്യമുള്ള കാഴ്ചകളാണ്.

ഗവര്‍ണറേറ്റുകളുടെയും നഗരസഭകളുടെയും ആഭിമുഖ്യത്തിലാണ് അലങ്കാര പ്രവര്‍ത്തനങ്ങള്‍. സ്വകാര്യ വാഹനങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളിലും വ്യത്യസ്തവും ആകര്‍ഷകവുമായ രീതിയിലാണ് അലങ്കരിച്ചിരിക്കുന്നത്. കാറുകളാകെ മൂടുന്ന രീതിയിലും തിരിച്ചറിയാനാകാത്ത വിധവും ചിത്രപ്പണികള്‍ ചെയ്തിരിക്കുന്നു. മുന്നിലും പിന്നിലും സുല്‍ത്താന്‍ ഖാബൂസിന്റെ ചിത്രം വലുതാക്കി പതിപ്പിച്ചും ദേശസ്‌നേഹം പ്രകടിപ്പിക്കുന്നു.

വിവിധ സ്ഥലങ്ങളില്‍ കമാനങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. സുല്‍ത്താന്റെ ചിത്രങ്ങള്‍ പാതയോരങ്ങളില്‍ വെക്കുന്ന പ്രവൃത്തിയും നടന്ന് വരുന്നുണ്ട്. വലിയ രൂപത്തില്‍ സുല്‍ത്താന്‍ ഖാബൂസിന്റെ ചിത്രങ്ങള്‍ സ്ഥാപനങ്ങളുടെ മുന്നില്‍ സ്ഥാപിക്കാനും സ്വകാര്യ സ്ഥാപനങ്ങള്‍ മത്സരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.