Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിൽ ഏകീകൃത വിലാസം 2020ഓടെ

മസ്‌കത്ത്∙ ഒമാനില്‍ ഏകീകൃത വിലാസം 2020ഓടെ പ്രാബല്യത്തിലാകുമെന്ന് മസ്‌കത്ത് നഗരസഭാ കൗണ്‍സിലര്‍ അലി ബിന്‍ അബ്ദുല്‍റെദ ബിന്‍ ദാവൂദ് അല്‍ ഹശ്മാനി. ഇതോടെ ഏകീകൃത പോസ്റ്റല്‍ സംവിധാനവും പ്രാബല്യത്തില്‍ വരും. നാലു ഘട്ടങ്ങളിലായാണ് പദ്ധതി പ്രാബല്യത്തില്‍ വരുത്തുക. കെട്ടിട നമ്പര്‍, സ്ട്രീറ്റ്, സിറ്റി, ഗവര്‍ണറേറ്റ്, വിലായത്ത്, പോസ്റ്റല്‍ കോഡ് എന്നിവക്കാണ് ഏകീകൃത സംവിധാനം വരിക. ഒരേ  പേരില്‍ വിവിധ സ്ഥലങ്ങളുള്ളതും കൃത്യമായ വിലാസം ലഭ്യമല്ലാത്തതും മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ ഇതോടെ ഇല്ലാതാകും.

ഏകീകൃത അഡ്രസ് പ്രാബല്യത്തില്‍ വരുന്നതോടെ കെട്ടിടങ്ങള്‍ക്കും വഴികള്‍ക്കും കൃത്യമായ മേല്‍വിലാസമുണ്ടാകുമെന്നും ഒമാന്‍ പോസ്റ്റിന്റെ സേവനങ്ങള്‍ എളുപ്പമാകുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ മാലിക് അല്‍ ബലൂശി പറഞ്ഞു. ഇതിലൂടെ ചെലവ് ചുരുക്കാനും സമയം ലാഭിക്കാനും സാധിക്കും. സ്മാര്‍ട്ട് നഗരങ്ങളിലേക്കുള്ള പ്രധാന കാല്‍വെപ്പായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്റെ കീഴില്‍ പദ്ധതിയെ കുറിച്ചുള്ള പഠനം നടന്നുവരികയായിരുന്നു. വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് ദേശീയ സ്ഥിതിവിവര വിഭാഗത്തിന് ഇതിനോടകം സമര്‍പ്പിച്ചുകഴിഞ്ഞു. മസ്‌കത്ത് നഗരസഭാ ചെയര്‍മാന്‍ മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് അല്‍ ശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതിയുടെ തുടര്‍ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.