Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനും യെമനും നന്ദി പറഞ്ഞ് സുഷമ സ്വരാജ്; ഫാ. ടോം മോദിക്ക് നന്ദി അറിയിച്ചുവെന്നും മന്ത്രി

sushama-pbd

ന്യൂഡൽഹി ∙ കഴിഞ്ഞ വർഷം മാർച്ച് നാലിന് തെക്കൻ യെമനിലെ ഏഡനിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ പാലാ രാമപുരം സ്വദേശി ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനു ഇടപെട്ട ഒമാൻ സർക്കാരിന് നന്ദി പറഞ്ഞ് ഇന്ത്യ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഒമാനും യെമനും ട്വിറ്ററിലൂടെ നന്ദി അറിയിച്ചത്. വത്തിക്കാന്റെ അഭ്യർഥനപ്രകാരം ഒമാൻ സർക്കാർ ഇടപെട്ടാണ് യെമനിൽനിന്ന് ഫാ. ടോമിനെ മോചിപ്പിച്ചത്. 

ഫാ. ടോം ഉഴുന്നാലിൽ വത്തിക്കാനിൽ നിന്നും മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. തന്റെ മോചനവുമായി ബന്ധപ്പെട്ട്, ഇന്ത്യൻ സർക്കാരിന്റെ പ്രത്യേകിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചുവെന്ന് സുഷമ സ്വരാജ് പറഞ്ഞു. തന്നെ രക്ഷപ്പെടുത്താൻ സഹായിച്ച എല്ലാ സർക്കാരുകൾക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. തന്റെ മോചനത്തിനായി പ്രാർഥിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നുവെന്നും ടോം ഉഴുന്നാലിൽ പറഞ്ഞുവെന്ന് സുഷമ സ്വരാജ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഒമാൻ ഇടപെടലിൽ മുൻപും മോചനം

ഒമാന്റെ സഹായത്തോടെ യെമനിൽനിന്നു ബന്ദികളെ മോചിപ്പിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഒക്ടോബറിൽ യെമനിൽനിന്നു തട്ടിക്കൊണ്ടുപോയ ഓസ്ട്രേലിയക്കാരനെ ഒമാന്റെ മധ്യസ്ഥതയിൽ ഇക്കഴിഞ്ഞ മേയിൽ മോചിപ്പിച്ചിരുന്നു. ഫാ. ടോമിനെപ്പോലെ യെമനിൽനിന്ന് ഒമാനിലെത്തിച്ചശേഷമാണ് അദ്ദേഹവും നാട്ടിലേക്കു മടങ്ങിയത്.

ഗോത്രവിഭാഗക്കാർ വഴി നടത്തിയ മധ്യസ്ഥ ചർച്ചയിലൂടെയാണ് അന്നു മോചനം സാധ്യമായതെന്നാണ് ഒമാൻ അറിയിച്ചത്. എന്നാൽ മോചിപ്പിക്കപ്പെട്ടയാളുടെ പേരു വെളിപ്പെടുത്തിയില്ല. ഇനിയും ഭീഷണിക്ക് ഇരയാകാൻ സാധ്യതയുള്ളതുകൊണ്ടും കുടുംബത്തിന്റെ അഭ്യർഥന മാനിച്ചും പേരു വെളിപ്പെടുത്തേണ്ടെന്ന് ഓസ്ട്രേലിയൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഒരു ഫുട്ബോൾ കോച്ചാണു മോചിതനായതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ മാത്രം പുറത്തുവന്നു.

വിമതസേനയായ ഹൂതികൾ 2014 സെപ്റ്റംബറിൽ യെമൻ തലസ്ഥാനം സനാ പിടിച്ചെടുത്തശേഷം പാശ്ചാത്യർ ഉൾപ്പെടെ പന്ത്രണ്ടോളം പേരാണു ബന്ദികളാക്കപ്പെട്ടത്. സർക്കാരിൽനിന്ന് ആനുകൂല്യം ലഭിക്കാനായി ഗോത്രവർഗക്കാരാണ് ആദ്യം പലരെയും തട്ടിക്കൊണ്ടുപോയത്. ഇവരിൽ മിക്കവരും മോചിതരായി.

എന്നാൽ യെമനിൽ പ്രവർത്തിക്കുന്ന അൽ ഖായിദ ഉപസംഘടന പാശ്ചാത്യരെ തട്ടിക്കൊണ്ടുപോയിത്തുടങ്ങിയതോടെ പ്രശ്നം സങ്കീർണമായി. അൽ ഖായിദ തട്ടിക്കൊണ്ടുപോയെന്നു സംശയിക്കുന്ന യുഎസ് മാധ്യമപ്രവർത്തകൻ ലൂക്ക് സോമേഴ്സിനെയും ഒരു ദക്ഷിണാഫ്രിക്കൻ അധ്യാപകനെയും രക്ഷപ്പെടുത്താൻ യുഎസ് കമാൻഡോകൾ ശ്രമിച്ചെങ്കിലും ഇരുവരും കൊല്ലപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.