Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

information-centres

മസ്‌കത്ത് ∙ ടൂറിസം മന്ത്രാലയത്തിന് കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. ഖരീഫ് സന്ദര്‍ശനത്തിനായി ദോഫാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ സൗകര്യാര്‍ഥമാണ് രാജ്യത്തെ പ്രധാന ഇടങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. വിമാനത്തവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും ദോഫാറിലെ മുനിസിപ്പല്‍ വിനോദ കേന്ദ്രങ്ങളിലുമാണ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ചിലത് താത്ക്കാലികമായി സ്ഥാപിച്ചവയാണ്. അതേ സമയം ചിലകേന്ദ്രങ്ങള്‍ വര്‍ഷം മുഴുവന്‍ സേവനങ്ങള്‍ നല്‍കുന്നവയുമാണ്. 

തുംറൈത്തിനും സലാലക്കുമിടയിലുള്ള ഹുറൈത്ത് പര്‍വ്വതത്തിലും വാദി അല്‍ ജിസ്സിയിലും ഹുഫൈത്തിലും ജബലുല്‍ അഖ്ദാറിലെ തിവി അല്‍ സആദയിലും സലാല ടൂറിസം ഫെസ്റ്റിവലിലും സലാല എയര്‍പോര്‍ട്ടിലും സലാല  ഗ്രാന്‍ഡ് മാളിലും ടൂറിസം മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 

ചില സ്ഥലങ്ങളില്‍ ഇലക്‌ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകളും മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ട്. ആകര്‍ഷണീയ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളും മേഖലയില്‍ ലഭിക്കുന്ന സേവനങ്ങളും സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും  ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളില്‍ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥര്‍ സഞ്ചാരികളെ ബോധവത്കരിക്കും.

ദോഫാറിന്റെ മാപ്പും വിനോദ കേന്ദ്രങ്ങളെ കുറിച്ചുള്ള ബ്രോഷറുകളും ടൂറിസം സേവനങ്ങള്‍, പെട്രോള്‍ സ്‌റ്റേഷന്‍, ഹോട്ടലുകള്‍, പൈതൃക സ്ഥലങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും. 

പരിശീലനം ലഭിച്ച ടൂറിസ്റ്റ് പ്രഫഷനലുകളെയാണ് ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലെ സേവനത്തിനായി നിയോഗിച്ചിട്ടുള്ളത്. വിനോദ സഞ്ചാരികള്‍ക്ക് ഉചിതമായ ഡ്രസ്സ് കോഡ്, ഫോട്ടോഗ്രഫിയുടെ നിബന്ധനകള്‍, പരിസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ലഭിക്കും. 

താമസ സൗകര്യങ്ങള്‍ ബുക്ക് ചെയ്യാനും യാത്രാ മാര്‍ഗ്ഗങ്ങളും റൂട്ടുകളും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സഹായിക്കും. സഞ്ചാരികളില്‍ നിന്നും ഫീഡ്ബാക്കും ഇവര്‍ ശേഖരിക്കും. ഖരീഫ് സീസണിനെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ വിലയ പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.