Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളെ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് ഷെബിന്റെ മരണവാര്‍ത്ത; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

salala ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് ഷെബിന്റെ മാതാപിതാക്കളായ ഏലിക്കുട്ടിയും പി.എം.തമ്പിയും പെരുമ്പാവൂരിലെ വീട്ടില്‍.

സലാല/പെരുമ്പാവൂർ ∙ ‘എല്ലാ ദിവസവും ഞങ്ങൾ മകളെ ഫോണിൽ വിളിക്കുന്നതാണ്. വ്യാഴാഴ്ച പലവട്ടം വിളിച്ചിട്ടും അവളെയോ ഭർത്താവിനെയോ കിട്ടാതെ വന്നപ്പോൾ ചില സുഹൃത്തുക്കളെ വിളിച്ചുനോക്കി. അപ്പോഴാണു മകൾ മരിച്ചെന്ന് അറിയുന്നത്. യഥാർഥത്തിൽ സംഭവിച്ചതെന്താണെന്ന് ഇപ്പോഴും അറിയില്ല,’ ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ട നഴ്സ് ഷെബിൻ ജീവ(29)ന്റെ പിതാവ് അ‌ടിമാലി തൂക്കുപാലം പൂവത്തുംകുഴി പി.എം.തമ്പിയുടെ വാക്കുകൾ. അടുത്തമാസം ഷെബിന്റെ വരവു കാത്തിരുന്ന പെരുമ്പാവൂർ പൂവത്തുംകുഴി വീട് ഇപ്പോൾ കണ്ണീർത്തുരുത്താണ്.

എന്നന്നേക്കുമായി ഉറങ്ങിക്കിടക്കാനേ അവളിനി എത്തുകയുള്ളൂ എന്നതുൾക്കൊള്ളാനാകാതെ അമ്മ ഏലിക്കുട്ടിയും സഹോദരിമാരായ ആർദ്രയും സ്നേഹയും കരഞ്ഞുതളർന്നു കിടക്കുന്നു. ദോഫാർ ക്ലബ്ബിനു സമീപത്തെ ഫ്ലാറ്റിൽ വ്യാഴാഴ്ച വൈകിട്ടോ‌‌ടെയാണു ഷെബിനെ മരിച്ച നിലയിൽ കണ്ടത്. ഹോട്ടലിൽ ഷെഫായ ജീവൻ രാവിലെ എട്ടിനു ജോലിക്കു പോയി. 10 മുതലായിരുന്നു ഷെബിനു ഡ്യൂട്ടി. ഇടയ്ക്കു ജീവൻ ഷെബിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. വൈകിട്ട് അദ്ദേഹം ജോലി കഴിഞ്ഞെത്തിയപ്പോഴാണു മൃതദേഹം കണ്ടെതെന്നാണു വീട്ടിൽ ലഭിച്ച വിവരം. മോഷണശ്രമത്തിനിടെ തലയ്ക്കടിയേറ്റാണു മരണമെന്നും അറിയുന്നു.

shebin-family

നാലുവർഷം മുൻപായിരുന്നു ഷെബിന്റെയും ഇടുക്കി മുരിക്കാശേരി മൊളഞ്ഞനാലിൽ ജീവന്റെയും വിവാഹം. ചെന്നൈയിലെ ചെട്ടിനാട് ആശുപത്രിയിൽ നഴ്സായിരുന്ന ഷെബിൻ ഒന്നരവർഷം മുൻപാണു സലാലയിലേക്കു പോയത്. അവിടെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ നഴ്സായി ജോലിക്കു കയറി. മക്കളില്ല. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നിന്നു ബിഡിഒ ആയി വിരമിച്ച തമ്പിയും കുടുംബവും ഷെബിന്റെ സഹോദരിമാർക്കു കാക്കനാട് ഇൻഫോപാർക്കിൽ ജോലി ലഭിച്ചതോടെയാണു പെരുമ്പാവൂരിലേക്കു താമസം മാറ്റിയത്. ഷെബിന്റെ മരണവാർത്തയുടെ ഞെട്ടലിലാണ് അടിമാലി തൂക്കുപാലം ചോറ്റുപാറ ഗ്രാമവും. അവിടെ ചെന്നാപ്പാറയിലെ തറവാട്ടിലാണു തമ്പിയും കുടുംബവും വർഷങ്ങളോളം താമസിച്ചത്.

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലാണു ഷെബിൻ പ്ലസ്ടു വരെ പഠിച്ചത്. പിന്നീടു ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിനു ശേഷം പഞ്ചാബിലും തുടർന്നു ചെന്നൈയിലും ജോലി ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ജോയ്സ് ജോർജ് എംപി, ഇന്നസെന്റ് എംപി എന്നിവരുമായി ബന്ധപ്പെട്ടു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണു ബന്ധുക്കൾ. രണ്ടാഴ്ചയ്ക്കിടെ സലാലയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണു ഷെബിൻ. ഈ മാസം മൂന്നിനു തിരുവനന്തപുരം ആര്യനാട് സ്വദേശിനി സിന്ധുവിനെ താമസസ്ഥലത്തു കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്തി ആഭരണങ്ങളുമായി മുങ്ങിയ യെമൻ സ്വദേശിയെ പിറ്റേന്നു പൊലീസ് പിടികൂടി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.