Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുദ്ധം

x-default

രണ്ടു രാജ്യങ്ങൾ തമ്മിലായിരുന്നു യുദ്ധം
ഇന്ത്യയും പാക്കിസ്ഥാനും 

ലേബർ ക്യാംപിലെ ഹോട്ടലിന് മുന്നിലുള്ള ടിവിയിൽ
ക്രിക്കറ്റ് മാച്ച് കാണുന്നതിനിടെയാണ് ആദ്യ വെടി പൊട്ടിയത് 

കോഹ്‌ലി ഔട്ടായപ്പോൾ ഫോർമാൻ ഇമ്രാന്റെ കളിയാക്കിയുള്ള ചിരി
ധവാന്റെ തുടരെ, തുടരെയുള്ള ബൗണ്ടറികൾക്കൊപ്പം

സ്റ്റോർ കീപ്പർ രമേഷിന്റെ മിസൈലുകൾ
പാക്കിസ്ഥാനിൽ ചെന്ന് വീണു പൊട്ടിച്ചിതറി

കളി കഴിഞ്ഞിട്ടും യുദ്ധം തീർന്നില്ല.
പ്ലൈവുഡ് അതിരിട്ട മുറിയിൽ രണ്ട് രാജ്യങ്ങളും ഏറ്റുമുട്ടൽ തുടർന്നു 

ഗാന്ധിയും ജിന്നയും മരിച്ചു വീണു.
നരേന്ദ്രമോദിക്കും നവാസ് ഷെരീഫിനുമെതിരെ
​തെറി ബോംബാക്രമണങ്ങൾ നടന്നു.
എറെ വൈകി എല്ലാരും ഉറങ്ങും വരെ യുദ്ധം ശക്തമായിരുന്നു

കാലത്ത് സൈറ്റിലേക്കുള്ള ബസ്‌ യാത്രയിലും
യുദ്ധത്തിന്റെ പാടുകൾ എല്ലാവരിലും കറുത്ത് കരുവാളിച്ചിരുന്നു.

കമാൻഡോ മേജർമാർ ഇമ്രാനും, രമേഷനും 
ദേഷ്യത്തോടെ മുഖം വീർപ്പിച്ചിരുന്നു

ഇമ്രാൻക്രെയിനിൽ നിന്നു വീണ് പരുക്ക് പറ്റിയതറിഞ്ഞാണ് ഞാൻ 
ആശുപത്രിയിൽ എത്തിയത്‌ ‌

രമേഷന്റെ സിരകളിൽ നിന്ന് രക്തം
റ്റ്യൂബിലൂടെ ഇമ്രാന്റെ സിരകളിലേക്കൊഴുകുകയായിരുന്നു അപ്പോൾ

ഇന്ത്യയിൽ നിന്ന് ഒരു നദി പാക്കിസ്ഥാനിലേക്ക് ഒഴുകും പോലെ.
യുദ്ധം നദിയുടെ ഒഴുക്കിനെ ബാധിക്കാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.