Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

െഎക്യത്തിന്റെ സൂചനകൾ; മഞ്ഞുരുകലിനു തുടക്കം

kuwai-new ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയെ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നു.

കുവൈത്ത് സിറ്റി∙ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയും കുവൈത്ത് അമീർ ഷെയ്‌ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ച നൽകുന്നത് മധ്യപൂർവദേശത്ത് ആശാവഹമായ ഐക്യത്തിന്റെ സൂചനകൾ. ഷെയ്‌ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് മുൻകൈ എടുത്തുനടത്തിയ കൂടിക്കാഴ്‌ചയ്ക്കു ഫലപ്രദമായ തുടർച്ചയുണ്ടാകുമെന്നാണു നിരീക്ഷകരുടെ പ്രതീക്ഷ.

സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുമായി ഇറാന് നല്ല ബന്ധമല്ലുള്ളത്. യുഎഇയും ഇറാനും തമ്മിലും പ്രശ്‌നമുണ്ട്. അത് അറിഞ്ഞുതന്നെയാണ് ഇറാനുമായി ആശയവിനിമയത്തിന് തയാറാകണമെന്നു കഴിഞ്ഞ ഡിസംബറിൽ മനാമയിൽ ചേർന്ന ജിസിസി ഉച്ചകോടി തീരുമാനിച്ചത്. ഈ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കുവൈത്ത് അമീറിനെ ചുമതലപ്പെടുത്തുകയായിരുന്നു.

ജിസിസി അനുമതിയുടെ പശ്‌ചാത്തലത്തിലാണ് ഷെയ്‌ഖ് സബാഹ് വിദേശകാര്യമന്ത്രി ഷെയ്‌ഖ് സബാഹ് ഖാലിദിനെ ടെഹ്റാനിലേക്കയച്ചത്. ഈ സൗഹൃദസൂചനയോട് അനുകൂലമായി പ്രതികരിച്ച റൂഹാനി ജിസിസി രാജ്യങ്ങളിൽ സന്ദർശനത്തിനു തയാറാകുകയും ചെയ്‌തു.

ഒമാനിലെ സുൽത്താൻ ഖാബൂസുമായുള്ള ചർച്ചയിൽ മസ്‌കത്തിലും അമീർ ഷെയ്‌ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കുവൈത്തിലും റൂഹാനി മുന്നോട്ടുവച്ചത് സഹകരണ സന്ദേശമാണ്. അതിനുള്ള മാർഗങ്ങൾ ചർച്ചകളിൽ അദ്ദേഹം സൂചിപ്പിക്കുകയും ചെയ്‌തു. ഇരു രാജ്യങ്ങൾക്കും ഒപ്പം മേഖലയ്‌ക്കും ഗുണം ലഭിക്കുംവിധം വിവിധ മേഖലകളിൽ സഹകരണത്തിന് അവസരങ്ങൾ നിലനിൽക്കുന്നെന്നാണ് കുവൈത്ത് അമീറുമായുള്ള ചർച്ചയിൽ റൂഹാനി പറഞ്ഞത്. സാമ്പത്തിക സഹകരണം ശക്തമാക്കണം. സാംസ്‌കാരിക, ശാസ്‌ത്ര, സാങ്കേതിക മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം വളർത്തണം. തെക്ക് –വടക്ക് ഇടനാഴി, ബാങ്കിങ്‌ രംഗത്തെ സഹകരണം എന്നിവയുടെ കാര്യവും ഇറാൻ പ്രസിഡന്റ് സൂചിപ്പിച്ചു.

മേഖലയെ മൊത്തം ബാധിക്കുന്ന തീവ്രവാദത്തിനെതിരെ കൈകോർക്കാമെന്ന സന്ദേശവും റൂഹാനി നൽകി. ഇക്കാര്യത്തിൽ ചർച്ചകൾക്കുള്ള സന്നദ്ധതയും അദ്ദേഹം കുവൈത്തിനെ അറിയിച്ചു. ഐക്യത്തിനായുള്ള റൂഹാനിയുടെ വാക്കുകളെ പ്രകീർത്തിച്ച ഷെയ്‌ഖ് സബാഹ് എല്ലാ അയൽക്കാരും യോജിപ്പിലാകേണ്ടതാണെന്നു ചൂണ്ടിക്കാട്ടി. സദ്ദാം ഹുസൈന് എതിരായ പോരാട്ടത്തിൽ ഇറാൻ നൽകിയ സഹകരണവും അമീർ അനുസ്‌മരിച്ചു.
സൗദി അറേബ്യയും ഇറാനും തമ്മിൽ നിലവിൽ നയതന്ത്രബന്ധമില്ല. ഇറാനിലെ സൗദി നയതന്ത്രാലയത്തിൽ ഉണ്ടായ ആക്രമണമാണു ബന്ധം വഷളാകാൻ കാരണം.

സർക്കാർ വിരുദ്ധരെ ഇറാൻ സഹായിക്കുന്നുവെന്ന പരാതി ബഹ്‌റൈനുമുണ്ട്. ചില ദ്വീപുകളുടെ കാര്യത്തിലുള്ള തർക്കമാണ് യുഎഇയും ഇറാനും തമ്മിലുള്ളത്. കുവൈത്തിലും ഒമാനിലും സന്ദർശനം നടത്തിയ റൂഹാനി മറ്റു ജിസിസി രാജ്യങ്ങൾ കൂടി സന്ദർശിക്കാൻ തയാറായാലേ മേഖലാതലത്തിൽ ഗുണമുണ്ടാകൂ. ഖത്തറിൽ താമസിയാതെ സന്ദർശനം നടത്തിയേക്കാമെന്നും സൂചനയുണ്ട്. ഷെയ്‌ഖ് സബാഹ് മുൻകൈ എടുത്തുള്ള ദൗത്യം മഞ്ഞുരുക്കലിന്റെ തുടക്കമാണെന്നാണ് പൊതുവിലയിരുത്തൽ. ഒമാനിലെയും കുവൈത്തിലെയും റൂഹാനിയുടെ സന്ദർശനത്തിനൊടുവിൽ ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചനയും അനുകൂലമാണ്. ജിസിസി രാജ്യങ്ങൾ ആഗ്രഹിക്കുന്നതും ഇത്തരമൊരു മാറ്റം തന്നെ.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.