Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുമേഖലയിൽ 100% സ്വദേശിവൽക്കരണ നീക്കം

employ

കുവൈത്ത് സിറ്റി ● പൊതുമേഖലയിൽ സമ്പൂർണ സ്വദേശിവൽക്കരണത്തിനുള്ള നടപടികൾ ആലോചനയിലുണ്ടെന്ന് മാൻ‌പവർ പബ്ലിക് അതോറിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി. സ്വകാര്യമേഖലയിൽ ഭരണനിർവഹണ തസ്‌തികകളിൽ വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കും. ഈ തസ്‌തികകളിൽ വർഷം പത്തുശതമാനം വീതം മാറ്റമാണ് ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയിൽ 18 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. അവരിൽ 73,000 പേർ മാത്രമാണ് സ്വദേശികൾ.

അതേസമയം രാജ്യത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലെയും സേവനം സ്വദേശികൾക്കുവേണ്ടി മാത്രമാക്കുന്ന നടപടി മൂന്നുവർഷത്തിനകം പൂർത്തിയാക്കുമെന്നു ബന്ധപ്പെട്ടവർ സൂചന നൽകി. പരീക്ഷണാർഥം ചില ആശുപത്രികളിൽ ഈ സംവിധാനമുണ്ട്. എന്നാൽ മുഴുവൻ വിദേശികൾക്കും ചികിത്സ നൽകുന്നതിനു സ്വകാര്യ ആശുപത്രികളിൽ സംവിധാനം നിലവിലില്ലാത്തതിനാലാണ് സർക്കാർ ആശുപത്രികളിലെ സേവനം തുടരുന്നത്. സ്വകാര്യ മേഖലയിൽ കൂടുതൽ ആശുപത്രികൾ അനുവദിക്കുന്നതിന് ആലോചനയുണ്ട്.

ആരോഗ്യ ഇൻഷുറൻസ് പദ്ധതിപ്രകാരം നിർമിക്കുന്ന ആശുപത്രികളുമായാൽ ഈ പ്രശ്നം പരിഹരിക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. മൂന്നുവർഷത്തിനകം ഇതു നടപ്പിലാക്കാനായേക്കും. വിദേശികൾക്കു ചികിത്സയ്ക്കായി പ്രതിവർഷം സർക്കാർ 595 ദശലക്ഷം ദിനാർ ചെലവഴിക്കുന്നതായി സാമ്പത്തിക ഗവേഷകൻ മുഹമ്മദ് റംദാൻ വെളിപ്പെടുത്തി. പൊതുമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾ വെറും 6.8 ശതമാനം മാത്രമേയുള്ളൂ എന്ന അവസ്ഥയുമാണ്. സ്വദേശികൾക്കു വേണ്ടി സർക്കാർ ചെലവഴിക്കുന്നത് 773 ദശലക്ഷം ദിനാറാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ആശുപത്രികളിൽ ജനസംഖ്യാനുപാതികമായി കിടക്കകളുടെ എണ്ണം കുറവാണ്. ആയിരം സ്വദേശികൾക്ക് രണ്ടു കിടക്കയാണുള്ളത്. ജപ്പാനിൽ ആയിരം പേർക്ക് 13.7 കിടക്കയും യു‌എസിൽ ആയിരം പേർക്ക് 3.1 കിടക്കയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഇന്നത്തെ അവസ്ഥ തുടർന്നാൽ 2022ന് അകം കുവൈത്തിൽ ഗാർഹികത്തൊഴിലാളികളുടെ എണ്ണം സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടുതലാകുമെന്നു സാലെ അൽ അഷൂർ എം‌പി പ്രസ്‌താവിച്ചു. 13 ലക്ഷം സ്വദേശികളും ഏഴു ലക്ഷത്തോളം ഗാർഹികത്തൊഴിലാളികളുമാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജനസംഖ്യാ നിരക്ക് നിയന്ത്രിച്ചില്ലെങ്കിൽ സമീപഭാവിയിൽ ഇന്ത്യ, ഈജിപ്‌ത്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ളവർ സ്വദേശികളുടെ എണ്ണം മറികടക്കുമെന്നും സാലെ അൽ അഷൂർ അഭിപ്രായപ്പെട്ടു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.