Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിൽ തൊഴിൽ തേടുന്നതിന് പൗരന്മാരെ വിലക്കി ഫിലിപ്പീൻസ്

കുവൈത്ത് സിറ്റി ∙ പൗരന്മാരെ തൊഴിലിനായി കുവൈത്തിലേക്ക് അയയ്ക്കുന്നതു ഫിലിപ്പീൻസ് പൂർണമായി നിരോധിച്ചേക്കും. ഇതു സംബന്ധിച്ചു തൊഴിൽവകുപ്പു സെക്രട്ടറി സിൽ‌വസ്റ്റർ ബെല്ലോയുടെ ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നു തൊഴിൽവകുപ്പു വക്താവ് റൌൾ ഫ്രാൻസ്യ മനിലയിൽ അറിയിച്ചു.

പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ടിന്റെ തീരുമാനപ്രകാരം ഏതാനും ദിവസമായി കുവൈത്തിൽ തൊഴിൽ തേടി പോകുന്നവർക്ക് ഓവർസീസ് എം‌പ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് നൽകുന്നതു ഫിലിപ്പീൻസ് നിർത്തിവച്ചിരിക്കുകയാണ്. നടപടി കടുപ്പിച്ചു മൊത്തം നിരോധനമാകും നാളെ പുറത്തിറങ്ങുന്ന ഉത്തരവിലുണ്ടാവുക എന്നാണു സൂചന. കഴിഞ്ഞകാലങ്ങളിൽ കുവൈത്തിൽ ഏതാനും ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളികൾ കൊല്ലപ്പെട്ടതാണു ഫിലിപ്പീൻസ് പ്രകോപിതമാകാൻ കാരണം. തൊഴിലിനായി ആളെ അയയ്ക്കുന്നതു മരവിപ്പിച്ചു പ്രസിഡന്റിന്റെ തീരുമാനം വന്നശേഷവും ഫിലിപ്പീൻസ് യുവതിയുടെ മൃതദേഹം അടച്ചിട്ട ഫ്ലാറ്റിനകത്തു ഫ്രീസറിൽ സൂക്ഷിച്ചനിലയിൽ കാണപ്പെട്ടു.

കുവൈത്തിനെതിരെ രൂക്ഷവിമർശനമാണു വെള്ളിയാഴ്ച ഒരു പ്രസംഗത്തിൽ ഫിലിപ്പീൻസ് പ്രസിഡന്റ് നടത്തിയത്. നേരത്തേ സർട്ടിഫിക്കറ്റ് നൽകുന്നതു മരവിപ്പിച്ച നടപടിക്കു പകരം പൂർണ നിരോധനം ഏർപ്പെടുത്താൻ പ്രസിഡന്റ് തൊഴിൽ സെക്രട്ടറിക്കു നിർദേശം നൽകുകയായിരുന്നുവെന്നു വക്താവ് പറഞ്ഞു. ദുരിതത്തിലായ ഫിലിപ്പീൻസുകാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടായിരത്തോളം പേരുണ്ടെന്നാണു കണക്ക്. അവരെ സ്വദേശത്ത് എത്തിക്കാൻ രാജ്യത്തെ രണ്ടു പ്രധാന വിമാനക്കമ്പനികൾ സന്നദ്ധത അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.