Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിനെ ഭീതിയിലാഴ്ത്തി ഭൂകമ്പം

Kuwait-earth-quake

കുവൈത്ത് സിറ്റി● ആദ്യം ഒരു അനക്കം പോലെയായിരുന്നു, പിന്നെയത് അൽ‌പം കൂടിയെന്ന തോന്നൽ. നിമിഷം മാത്രം നീണ്ടുനിന്ന പ്രതിഭാസമാണെങ്കിലും ആശങ്കയും അങ്കലാപ്പും വെപ്രാളത്തിന് വഴിമാറിയതോടെ രക്ഷപ്പെടാനുള്ള തിടുക്കമായി. ഇറാൻ- ഇറാഖ് അതിർത്തിയിലുണ്ടായ ഭൂചലനം കുവൈത്തിനെയും നടുക്കിയത് നിമിഷനേരം മാത്രമാണെങ്കിലും കുവൈത്ത് ജനത കഴിച്ചുകൂട്ടിയത് ഭയപ്പാ‍ടിന്റെ മണിക്കൂറുകൾ. ‌

പ്രാദേശിക സമയം രാത്രി ഏതാണ്ട് ഒൻപതരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ പലരും പലയിടങ്ങളിലായിരുന്നു അപ്പോൾ. എന്തോ സംഭവിക്കുന്നുവെന്ന ഭീതിയിൽ ബഹുനിലക്കെട്ടിടങ്ങളിൽനിന്നും ആളുകൾ പുറത്തേക്കോടി. ലിഫ്റ്റിനു പകരം കോണിപ്പടികളിൽ ചാടിയിറങ്ങി എല്ലാവരും കെട്ടിടത്തിനു പുറത്തേക്ക്. ഞായറാഴ്ചത്തെ ഭൂചലനം കുവൈത്തിനെ അക്ഷരാർഥത്തിൽ ഞടുക്കി. വൻ ദുരന്തമോ ആളപായമോ സംഭവിച്ചില്ലെങ്കിലും വിറങ്ങലിച്ച പ്രതീതിയായി. കെട്ടിടങ്ങളിൽ ഇളക്കം അനുഭവപ്പെട്ടതോടെ പുറത്തേക്കോടുകയായിരുന്നു ജനങ്ങൾ.

കെട്ടിടങ്ങൾക്ക് താഴെ ജനക്കൂട്ടങ്ങളായി. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചു വിവരങ്ങൾ കൈമാറിയും പരസ്പരം ആശ്വസിപ്പിച്ചും മണിക്കൂറുകൾ കെട്ടിടങ്ങൾക്ക് വെളിയിൽ അവർ കഴിച്ചുകൂട്ടി. ഭൂചലനത്തിനു തുടർചലനവും സ്വാഭാവികമെന്നതിനാൽ കെട്ടിടത്തിലേക്കു തിരിച്ചുകയറാൻ പലരും വൈമുഖ്യം കാണിച്ചു. മണിക്കൂറുകൾക്കൊടുവിൽ വീണ്ടെടുത്ത ധൈര്യവുമായാണ് പലരും വീടുകളിലേക്കു തിരിച്ചുകയറിയത്. എങ്കിലും ഉറങ്ങാനായില്ലെന്നു പലരും പറഞ്ഞു. ഒരുനിമിഷത്തെ നേരിയ ചലനം എല്ലാവരെയും അത്രമാത്രം അസ്വസ്ഥരാക്കിയിരുന്നു.

സബാഹ് അൽ സാലെം മേഖലയിൽ അപാർട്മെന്റുകൾക്ക് വിള്ളൽ

കുവൈത്ത് സിറ്റി● ഞായറാഴ്ചയുണ്ടായ ഭൂചലനത്തിൽ സബാഹ് അൽ സാലെം മേഖലയിൽ ബഹുനില അപ്പാർട്ട്മെന്റിന്റെ ചുമരുകൾക്ക് വിള്ളൽ. കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചതായി ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചയോടെയാണ് കെട്ടിടത്തിൽ താമസിക്കുന്നവരെ സുരക്ഷ മുൻ‌നിർത്തി ഒഴിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.