Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഖാമ പുതുക്കാൻ യഥാർഥ ബിരുദ സർട്ടിഫിക്കറ്റ്: നിയമം ഈ മാസം തന്നെ

education-degree

കുവൈത്ത് സിറ്റി ∙ ബിരുദധാരികളായ വിദേശികൾ ഇഖാമ (തൊഴിലനുമതി) പുതുക്കാൻ യഥാർഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം കുവൈത്തിൽ ഈ മാസം തന്നെ നടപ്പിൽവരും. നടപടിക്രമങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽജാറ അൽ സബാഹും സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹും തമ്മിൽ ധാരണയായി.

ബിരുദധാരികളെന്ന നിലയിൽ വീസയും ജോലിയും നേടിയവർ യഥാർഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ഇഖാമ പുതുക്കി നൽകേണ്ടെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ ആർക്കും ഇളവ് നൽകില്ല. തൊഴിൽ തേടുമ്പോൾ ഹാജരാക്കുന്ന സർട്ടിഫിക്കറ്റും ഇഖാമ പുതുക്കാൻ ഹാജരാക്കുന്ന സർട്ടിഫിക്കറ്റും വ്യത്യസ്തമാണെങ്കിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരും. വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്തിയാകും കേസ്.

വിദേശികൾക്കെതിരെ കരുതിക്കൂട്ടിയുള്ള നടപടിയല്ല ഇതെന്ന് അധികൃതർ അറിയിച്ചു. യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണ്. വിദേശികളിൽ ചിലർ തൊഴിൽ നേടാൻ ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു സംശയം പ്രചരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ജനസംഖ്യാ അസന്തുലനം കുറയ്ക്കുന്നതിനും നടപടി സഹായകമാകുമെന്നാണ് സർക്കാർ കരുതുന്നത്. അവിദഗ്ധരുടെ എണ്ണം കുറയ്ക്കുകയും വ്യാജ ബിരുദധാരികളെ ഒഴിവാക്കുകയും ചെയ്യാനാകും. ഗൾഫിൽ ജോലി സമ്പാദിച്ചവരിൽ വ്യാജ ബിരുദധാരികളുമുണ്ടെന്ന് രണ്ടുവർഷം മുൻ‌പു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അത്തരക്കാരെ കണ്ടെത്താൻ നടപടി തുടങ്ങിയത്.

യു‌എസിലെ അനധികൃത സർവകലാശാലകളിൽനിന്നു ബിരുദം നേടിയ 3142 പേർ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു ന്യൂയോർക്ക് ടൈംസ് വാർത്ത. അത്തരക്കാരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ തീരുമാനം. നിലവിൽ ഉന്നത തസ്‌തികകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ ഒട്ടേറെപ്പേരെ പുതിയ വ്യവസ്ഥ വലയ്ക്കുമെന്നാണു കരുതുന്നത്. ജോലിയിൽ പ്രവേശിച്ചശേഷം സ്ഥാനക്കയറ്റത്തിനും മറ്റുമായി ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയവരുമുണ്ട്.

കുവൈത്തിൽ ജോലിയിൽ തുടരുകയും അക്കാലയളവിൽ തന്നെ വിദേശത്തെ ഏതെങ്കിലും സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് സമ്പാദിച്ചു നൽകുകയും ചെയ്‌തവരാണ് ചിലർ. റഗുലർ കോഴ്സിലൂടെ നേടേണ്ട ബിരുദം മറ്റു മാർഗങ്ങളിലൂടെ നേടിയവരുമുണ്ടെന്ന് കുവൈത്ത് അധികൃതർ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.