Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരമ്പര്യേതര ഊർജോൽപാദനം ലക്ഷ്യം സാമ്പത്തിക നേട്ടം, മലിനീകരണ നിയന്ത്രണം

FRANCE-WIND-TURBINES-FARM

കുവൈത്ത് സിറ്റി∙ പാരമ്പര്യേതര ഊർജോൽപാദനം സാമ്പത്തിക നേട്ടത്തിനൊപ്പം മലിനീകരണ നിയന്ത്രണത്തിനും പ്രയോജനപ്പെടുമെന്നു വിലയിരുത്തൽ. എണ്ണയിൽ നിന്നുള്ള ഊർജോൽപാദനത്തിനു പകരം സൂര്യപ്രകാശത്തിൽ നിന്നും കാറ്റിൽ നിന്നുമുള്ള വൈദ്യുതി ഉൽപാദനത്തിലൂടെ അങ്ങനെ ഇരട്ടനേട്ടമാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് അധികൃതർ. രാജ്യത്തെ പ്രധാന വിഭവമായ എണ്ണ ഉപയോഗിച്ചാണ് നിലവിൽ വൈദ്യുതി ഉൽപാദനം.

പരമ്പരാഗത രീതിയിൽ നിന്നു മാറി ബദൽ സംവിധാനം ആലോചിക്കണമെന്ന ചിന്ത 1980കളിൽ തന്നെ ഉയർന്നെങ്കിലും എണ്ണയുടെ ലഭ്യത ഉയർന്ന രീതിയിലായതിനാൽ അതു സംബന്ധിച്ച തുടർ നടപടികളൊന്നും ഉണ്ടായില്ല. 2010ൽ പ്രഖ്യാപിച്ച ദേശീയ സാമ്പത്തിക വികസന രേഖയിലാണ് പാരമ്പര്യേതര ഊർജോൽപാദനം സ്ഥാനം പിടിച്ചത്. 2035നകം രാജ്യം ഉപയോഗിക്കുന്ന ഊർജത്തിന്റെ 15 ശതമാനം പാരമ്പര്യേതര സ്രോതസ്സുകളിൽ നിന്നായിരിക്കണമെന്ന അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻെറ കാഴ്ചപ്പാട് സൂര്യപ്രകാശത്തിൽനിന്നും കാറ്റിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കാ‍നുള്ള ചിന്തകൾക്ക് ശക്തി പകർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ സോളർ പാനലുകൾ കാണാം. പാർക്കുകളിലും വഴിയോരങ്ങളിലും വൈദ്യുതിക്കാലുകളിൽ പാനൽ ഘടിപ്പിച്ച് അത്യാവശ്യം വിളക്കുകൾ പ്രകാശിപ്പിക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ വൻ‌കിട പദ്ധതി അൽ ഷഖായ പാരമ്പര്യേതര വൈദ്യുതി പദ്ധതിക്കും സർക്കാർ രൂപം നൽകി.

അൽ ഷഖായ പദ്ധതി പ്രാവർത്തികമായാൽ എണ്ണ ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന രീതി കുറയ്ക്കാൻ കഴിയും. എണ്ണ ബാരലിന് 45 ഡോളർ കണക്കാക്കിയാൽ തന്നെ പ്രതിവർഷം 250 കോടി ഡോളറാണ് ലാഭിക്കാൻ സാധിക്കുക. അൽ ഷഖായ പദ്ധതി സ്വകാര്യ നിക്ഷേപകർക്കും അവസരം നൽകുംവിധമാണ്. സോളർ, കാറ്റിൽനിന്നും വൈദ്യുതി എന്നീ രണ്ട് പദ്ധതികൾ ഉൾപ്പെട്ടതാണ് അൽ ഷഖായ കോം‌പ്ലക്സ്. അവിടെനിന്നും വൈദ്യുതി ഉൽപാദനത്തിന് ആറുമാസത്തേക്ക് ആവശ്യമായി വരിക നാലുലക്ഷം ദിനാറാണ്. എണ്ണയിൽ നിന്നുള്ള വൈദ്യുതി ഉൽപാദന ചെലവിനെക്കാൾ 1,60,000 ദിനാർ കുറവാണ് ഈ തുക. എണ്ണ ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനംവഴി 15,000 ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലുണ്ടാക്കുന്ന മലിനീകരണവും സോളർ/കാറ്റിൽ നിന്നുള്ള വൈദ്യുതി വഴി ഇല്ലാതാക്കാൻ സാധിക്കും. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (കെ‌എൻപിസി)യും കുവൈത്ത് ശാസ്‌ത്ര ഗവേഷണ സ്ഥാപന(കിസ്‌ർ)വും ചേർന്നാണ് പുനരുപയോഗ വൈദ്യുതി പദ്ധതി നടപ്പാക്കുന്നത്.

2013ൽ തുടങ്ങിയ പദ്ധതിയുടെ അവസാന ഘട്ടം 2030ലാകും പൂർത്തിയാക്കുക. പദ്ധതി പുർത്തിയാകുന്നതോടെ പ്രതിവർഷം 12.5 ദശലക്ഷം ബാരൽ എണ്ണയാണ് ലാഭിക്കാൻ കഴിയുക. 44 ലക്ഷം ജനസംഖ്യയുള്ള കുവൈത്തിൽ പ്രതിദിനം 3,50,000 ബാരൽ എണ്ണ ഉപയോഗിക്കുന്നുണ്ട്.

നിലവിൽ 20 മെഗാവാട്ട് ആണ് പുനരുപയോഗ വൈദ്യുതി ഉൽപാദനം. 2018ൽ 50 മെഗാവാട്ടും 2020ൽ 1000 മെഗാവാട്ടും 2025ൽ 2000 മെഗാ‍വാട്ടുമാകും. രാജ്യത്തെ ജനസംഖ്യ 2035 ആകുമ്പോഴേക്കും 55 ലക്ഷം കവിയുമെന്നാണ് കണക്ക്. അപ്പോൾ എണ്ണയുടെ പ്രതിദിന ഉപഭോഗം 10 ലക്ഷം ബാരൽ ആകും. നിലവിൽ പ്രതിദിന വൈദ്യുതി ഉൽപാദനം 16,700 മെഗാവാട്ട് ആണ്. കഴിഞ്ഞമാസം 13,800 മെഗാവാട്ട് ഉപയോഗിക്കേണ്ടിവന്ന സമയമുണ്ട്. അതുകൊണ്ടു തന്നെ വൈദ്യുതി ഉൽപാദനത്തിന് സാധ്യമായ ബദൽ സംവിധാനത്തിന് കരുത്തേകാനുള്ള ശ്രമത്തിലാണ് അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.