Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ പ്രകോപനം നിർത്തണം: അറബ് ലീഗ് വിദേശമന്ത്രിമാർ

kuwait കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല കയ്‌റോയിൽ അറബ് ലീഗ് വിദേശമന്ത്രിമാരുടെ യോഗത്തിൽ.

കുവൈത്ത് സിറ്റി ∙ മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന പ്രകോപനങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്ന് അറബ് ലീഗ് വിദേശമന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളിലെ ആഭ്യന്തരകാര്യങ്ങളിൽ ഇറാൻ ഇടപെടുന്നതായും അതു രാജ്യാന്തര ഉടമ്പടികളുടെ ലംഘനവും നല്ല അയൽ‌പക്ക ബന്ധങ്ങൾക്കു വിഘാതവും രാജ്യങ്ങളുടെ പരമാധികാ‍രത്തിനു വില കൽ‌പിക്കാത്തതുമാണെന്നു കെയ്‌റോയിൽ ചേർന്ന യോഗം കുറ്റപ്പെടുത്തി. ഇറാനും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല അയൽ‌ക്കാർ എന്ന നിലയിലുള്ളതാണ്. ശക്തികാണിച്ചുള്ള ഭീഷണി ഒഴിവാക്കുകയാണു വേണ്ടതെന്നും യോഗം നിർദേശിച്ചു.

അബ്‌ദലി ചാരക്കേസുമായി ബന്ധപ്പെട്ടു കുവൈത്ത് സ്വീകരിച്ച നടപടികൾക്കു യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന പ്രസ്‌താവനകളെ യോഗം അപലപിച്ചു. അറബ്/ഗൾഫ് രാജ്യങ്ങളിൽ വിഭാഗീയത വളർത്താൻ സഹായിക്കുന്ന പ്രചാരണങ്ങളിൽനിന്ന് ഇറാൻ വിട്ടുനിൽക്കണം. സിറിയൻ വിഷയത്തിൽ ഇറാൻ നടത്തുന്ന ഇടപെടൽ സിറിയയുടെ ഭാവിയിൽ വൻ വെല്ലുവിളിയായിത്തീരുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇറാൻ ഇടപെടൽ മേഖലയിലെ സുരക്ഷയ്ക്കു ഭീഷണി: കുവൈത്ത്

കുവൈത്ത് സിറ്റി ∙ അറബ് രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടൽ മേഖലയിലെ സുരക്ഷയ്ക്കു ഭീഷണിയാകുന്നുവെന്നു കുവൈത്ത്. അറബ്/ഗൾഫ് രാജ്യങ്ങളും അയൽ‌രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ആശയവിനിമയത്തിനു കുവൈത്ത് പരിശ്രമിക്കുമ്പോൾ ഇറാൻ നടത്തുന്ന ഇടപെടലുകൾ വിപരീതഫലം ഉളവാക്കുന്നതായി കുവൈത്ത് വിദേശകാര്യസഹമന്ത്രി ഖാലിദ് അൽ ജാറല്ല പറഞ്ഞു.

കയ്‌റോയിൽ അറബ് ലീഗ് മന്ത്രിതല യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ എല്ലാ രാജ്യങ്ങളും ഈ ഇടപെടലിന്റെ പ്രശ്നങ്ങൾ സഹിക്കേണ്ടിവരുന്നുണ്ട്. ഏറ്റവും ഒടുവിൽ കുവൈത്തിലെ അബ്‌ദലി ചാരക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതിനു തെളിവാണ്.

ഖാലിദ് അൽ ജാറല്ല അവതരിപ്പിച്ച നിർദേശങ്ങൾ:

∙ ഇറാൻ കയ്യടക്കിവച്ച മൂ‍ന്നു യു‌എ‌ഇ ദ്വീപുകളുടെ കാര്യത്തിൽ രാജ്യാന്തര മാധ്യസ്ഥ്യം ഇറാൻ അംഗീകരിക്കണം.

∙ ഇസ്രയേൽ തുടരുന്ന നിയമലംഘനങ്ങൾക്കെതിരെ പലസ്‌തീൻ ജനതയോട് അനുഭാവം കാട്ടണം.

∙ യെമനിലെ പ്രശ്നപരിഹാരത്തിനു രാഷ്ട്രീയ സംവാദം പുനരാരംഭിക്കണം.

∙ ഐ‌എസിനെതിരായ പോരാട്ടത്തിൽ തകർന്ന ഇറാഖ് നഗരങ്ങൾ പുനർനിർമിക്കുന്നതിനായി സമ്മേളനം വിളിക്കണം. പലസ്‌തീനിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ കാര്യം ചർച്ച ചെയ്യാൻ നവംബർ 12,13 തീയതികളിൽ കുവൈത്തിൽ യോഗം ചേരും. സിറിയയിൽ രാഷ്ട്രീയമാറ്റം സാധ്യമാകുംവിധം സമവായത്തിനായി ശ്രമിക്കുന്ന യു‌എൻ പ്രത്യേക പ്രതിനിധിക്കു പിന്തുണ നൽകുന്നതായും ജാറല്ല അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.