Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എതിർപ്പ്: വാറ്റും സെലക്ടീവ് ടാക്സും നടപ്പാക്കില്ലെന്ന് സൂചന

VAT

കുവൈത്ത് സിറ്റി ∙ പാർലമെന്റ് നിരാകരിക്കുകയാണെങ്കിൽ വാറ്റും സെലക്ടീവ് ടാക്സും നടപ്പാക്കാൻ സർക്കാർ തുനിയില്ലെന്നു സൂചന. ഓർഡിനൻസിലൂടെ നിയമം നടപ്പാക്കാൻ സർക്കാരിനു താൽപര്യമില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ചു പ്രാദേശികപത്രം റിപ്പോർട്ട് ചെയ്‌തു. വാറ്റും സെലക്ടീവ് നികുതിയും നടപ്പാക്കാൻ ജിസിസി തലത്തിലുള്ള തീരുമാനത്തിനു മന്ത്രിസഭായോഗം കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു.

അതു സംബന്ധിച്ച കരടുബില്ലിനു മന്ത്രിസഭ അംഗീകാരം നൽകിയതോടെ അനവധി എം‌പിമാർ എതിർപ്പുമായി രംഗത്തു വന്നിരിക്കുകയാണ്. നിയമപ്രകാരം കരടുബിൽ ഇനി പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. പാർലമെന്റിൽ ബില്ലിനെ എതിർക്കുമെന്ന് എം‌പിമാർ പ്രഖ്യാപിച്ചുകഴിഞ്ഞു.

വാറ്റും സെലക്ടീവ് നികുതിയും ജനപ്രിയമല്ലെന്നതിനാൽ കരടുബിൽ പാർലമെന്റിൽ അംഗീകരിക്കാൻ സാധ്യതയില്ല. അത്തരമൊരവസ്ഥയിൽ ആവശ്യമെങ്കിൽ വിജ്ഞാപനത്തിലൂടെ നികുതി പ്രാവർത്തികമാക്കുക എന്നതാണു സർക്കാരിനുള്ള മാർഗം.

ജനവിരുദ്ധമെന്നു വിശേഷിപ്പിക്കാവുന്ന നടപടിയുമായി മുന്നോട്ടു പോകാൻ സർക്കാർ തയാറാകില്ല എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഭരണഘടനാ വ്യവസ്ഥയ്ക്കകത്തു നിന്നുള്ളതല്ലാത്ത ഒരു നടപടിയും വേണ്ടെന്ന നിലപാടാണു സർക്കാരിനുള്ളതെന്നു പ്രസ്തുത കേന്ദ്രങ്ങൾ വ്യക്തമാക്കി. കരടുബിൽ അംഗീകരിക്കലും നിരാകരിക്കലുമെല്ലാം പാർലമെന്റിന്റെ അധികാര പരിധിയിലാണ്.

അതേസമയം, എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക സാഹചര്യം പരിഗണിച്ച് എന്തെങ്കിലും ബദൽ സംവിധാനം എന്നതു സർക്കാരിനു പരിഗണിക്കേണ്ടിവരും. അങ്ങനെയെങ്കിൽ വാറ്റ് ഉപേക്ഷിക്കുകയും സെലക്ടീവ് നികുതിയുടെ കാര്യത്തിൽ അനുകൂല നിലപാടു സ്വീകരിക്കാൻ പാർലമെന്റിനെ പ്രേരിപ്പിക്കുകയും ചെയ്യാമെന്ന ആലോചന സർക്കാർ പക്ഷത്തുണ്ട്. അത് എത്രകണ്ടു വിജയിക്കുമെന്നതിനെക്കുറിച്ചു ധാരണയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.