Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാറ്റ്: അന്തിമ തീരുമാനം കുവൈത്ത് പാർലമെന്റിന്റേതെന്ന് ധനമന്ത്രാലയം

persentage

കുവൈത്ത് സിറ്റി∙ മൂല്യവർധിത നികുതി (വാറ്റ്), സെലക്ടീവ് നികുതി എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം പാർലമെന്റിന്റേതായിരിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജിസിസി അംഗീകരിച്ച വാറ്റ് നിയമത്തിന്റെ കരടിന് കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.

ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന വാറ്റ് നിയമത്തെ പാർലമെന്റിൽ എതിർക്കുമെന്ന് ചില എം‌പിമാർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. വാറ്റ്, സെലക്ടീവ് നികുതി എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പാർലമെന്റ് തന്നെയാണെന്ന് ധനമന്ത്രാലയം ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച കരടുബിൽ പാർലമെന്റിന്റെ അനുമതിക്കായി അയച്ചിട്ടുമുണ്ട്.

രാജ്യാന്തരതലത്തിലുള്ള കരാറുകൾ ആദ്യം മന്ത്രിസഭ അംഗീകരിച്ചശേഷം പാർലമെന്റിന്റെ അനുമതിക്കായി അയയ്ക്കുക എന്ന ഭരണഘടനാ‍പരമായ നടപടി സ്വീകരിക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ. ബിൽ തള്ളാനും കൊള്ളാനുമുള്ള അധികാരം പാർലമെന്റിനുണ്ട്. രണ്ടു ബില്ലുകളും സംബന്ധിച്ച് പാർലമെന്റിന്റെ ബന്ധപ്പെട്ട സമിതികൾ സമഗ്ര പഠനം നടത്തിയശേഷമാകും ബിൽ പാർലമെന്റിൽ ചർച്ചയ്ക്ക് വരിക. ജിസിസിയുമായി ബന്ധപ്പെട്ട സം‌യുക്ത സമിതി പഠനം നടത്തിയ ശേഷമാണ് കരാറിന് ജിസിസി അംഗീകാരം നൽകിയതെന്നും ധനമന്ത്രാലയം അറിയിച്ചു.

അതേസമയം വാറ്റ് ഏർപ്പെടുത്തുമ്പോൾ ചില മേഖലകളെ നികുതിയിൽനിന്ന് ഒഴിവാക്കാൻ നിർദേശമുള്ളതായി ഉന്നത കേന്ദ്രങ്ങൾ അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, റിയൽ എസ്റ്റേറ്റ്, പൊതുഗതാഗതം, എണ്ണ-വാതകം, അവയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ തുടങ്ങിയവയാണ് വാറ്റിൽനിന്ന് ഒഴിവാക്കാൻ ആലോചിക്കുന്ന മേഖലകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.