Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയയ്ക്കെതിരെ സാമ്പത്തിക ഉപരോധവുമായി കുവൈത്തും

FILES-GERMANY-POLITICS-STEINMEIER

കുവൈത്ത് സിറ്റി ∙ ഉത്തരകൊറിയയ്ക്കെതിരായ സാമ്പത്തിക ഉപരോധ നടപടികളിലേക്കു കുവൈത്തും. യു‌എൻ പ്രഖ്യാപിച്ച ഉപരോധത്തിൽ പങ്കാളികളാകുമെന്നു കുവൈത്ത് വിദേശമന്ത്രാലയം അറിയിച്ചു. യു‌എൻ സാമ്പത്തിക ഉപരോധം നിലവിലുണ്ടെങ്കിലും വടക്കൻകൊറിയയിൽനിന്നുള്ളവർക്കു കുവൈത്ത് യഥേഷ്ടം വീസ അനുവദിക്കുന്നുവെന്ന യു‌എസ് മാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണു വിദേശമന്ത്രാലയത്തിന്റെ വിശദീകരണം.

വീസ അനുവദിക്കില്ലെന്നു വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. യു‌എൻ പ്രമേയത്തിന് അനുസൃതമായി ഉത്തരകൊറിയയ്ക്കെതിരായ സാമ്പത്തിക ഉപരോധം പ്രാവർത്തികമാക്കുന്നതിനു ദേശീയ സമിതിയുണ്ട്. ആവശ്യമായ നടപടികൾ സമിതിയുടെ മേൽനോട്ടത്തിലാണു പ്രാവർത്തികമാക്കുക. ഉത്തരകൊറിയയിലേക്കു നേരിട്ടുള്ള വിമാന സർവീസ് നിർത്തലാക്കുക, ഉത്തരകൊറിയയിലേക്കുള്ള പണമിടപാടും വാണിജ്യലൈസൻസ് വിതരണവും നിർത്തിവയ്ക്കുക, കുവൈത്ത് നിധിയിൽനിന്നും അറബ് സാമ്പത്തിക വികസന നിധിയിൽനിന്നും ഉത്തരകൊറിയയ്ക്കു സാമ്പത്തിക സഹായം നൽകുന്നത് ഒഴിവാക്കുക, ചരക്കുനീക്കം ഉപേക്ഷിക്കുക, നയതന്ത്രാലയത്തിലെ പ്രാതിനിധ്യം കുറയ്ക്കുക തുടങ്ങിയ നടപടികളാണു സ്വീകരിക്കാവുന്നത്.

രാജ്യാന്തര നിയമങ്ങളോടു കുവൈത്തിനുള്ള പ്രതിബദ്ധതയാണു യു‌എൻ പ്രമേയവുമായി സഹകരിക്കാൻ കുവൈത്തിനു പ്രേരകം. അടുത്തവർഷംതൊട്ടു യു‌എൻ രക്ഷാസമിതിയിൽ താൽക്കാലിക അംഗത്വംകൂടി വഹിക്കേണ്ടിവരുന്ന കുവൈത്തിനു യു‌എൻ പ്രമേയം കൃത്യമായി നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തത്തെക്കുറിച്ചു ബോധ്യമുണ്ടെന്നും പ്രസ്‌താ‍വനയിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.