Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സിങ് റിക്രൂട്മെന്റിൽ ക്രമക്കേട് അനുവദിക്കില്ലെന്ന് കുവൈത്ത്

nurse-syringe

കുവൈത്ത് സിറ്റി ∙ നഴ്സിങ് റിക്രൂട്മെന്റുമായി ബന്ധപ്പെട്ട്  ക്രമക്കേടുകൾ അനുവദിക്കില്ലെന്നു കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി വ്യക്തമാക്കി. റിക്രൂട്മെ‌ന്റുമായി ബന്ധപ്പെട്ടുള്ള എല്ലാപരാതിയും സമഗ്രമായി അന്വേഷിച്ചു ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

രോഗികൾക്കുള്ള സേവനമാണു മന്ത്രാലയത്തിനു പ്രധാനം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല. ഗുണമേന്മയുള്ള പരിചരണത്തിനു മെച്ചപ്പെട്ട നഴ്സുമാരെയാണ് ആവശ്യം. റിക്രൂട്മെന്റിൽ ക്രമക്കേടുണ്ടായാൽ ഗുണനിലവാരം പാലിക്കാൻ കഴിയാത്തതിനാൽ ഇതിനെ ഗൗരവമായി കാണും.

വിദേശത്തുനിന്നുള്ള നഴ്സിങ് റിക്രൂട്മെന്റിനു കൃത്യമായ സംവിധാനമുണ്ട്. റിക്രൂട്മെന്റ് കമ്പനികൾക്കു സാങ്കേതിക, ഭരണനിർവഹണ, നിയമ, സാമ്പത്തിക കരാറുകൾ അനിവാര്യമാണ്. പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും യോഗ്യത സംബന്ധിച്ചു കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. 

രാജ്യത്ത് 23,000 നഴ്സുമാരാണു ജോലിചെയ്യുന്നത്. സ്വദേശികൾ ആയിരം പേരുണ്ട്. കൂടുതൽ ആശുപത്രികളും ക്ലിനിക്കുകളും സ്ഥാപിക്കുന്ന സാഹചര്യത്തിൽ നഴ്സിങ് റിക്രൂട്മെന്റ് നിർത്തിവയ്ക്കാൻ കഴിയില്ല.

വിദേശികളുടെ ചികിത്സാഫീസ് വർധന ന്യായമായ തോതിലാണെന്ന് മന്ത്രി പറഞ്ഞു. വർധന ഈമാസം പ്രാബല്യത്തിൽ വരുത്താനാണ് ആലോചിക്കുന്നത്. സ്വകാര്യമേഖല ഈടാക്കുന്നതിനെക്കാൾ കുറവായിരിക്കും വർധിപ്പിച്ച നിരക്കെന്നും അദ്ദേഹം പറഞ്ഞു. ജിസിസിയിലെ മറ്റു രാജ്യങ്ങളിലെ ചികിത്സാഫീസുമായി തുലനം ചെയ്‌താൽ ഏറ്റവും കുറവ് ഫീസ് ഈടാക്കുന്നത് കുവൈത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 

ഷെയ്ഖ് ജാബർ ആശുപത്രി നാലുമാസത്തിനകം പ്രവർത്തനസജ്ജമാകും. ഭരണനിർവഹണ വിഭാഗവും ഔട്ട് പേഷ്യന്റ് വിഭാഗവുമാണു തുടക്കത്തിൽ ഉണ്ടാവുക. മറ്റു വിഭാഗങ്ങളും വൈകാതെ പ്രവർത്തിച്ചുതുടങ്ങും. മന്ത്രാലയത്തിലെ ഒഴിവുകൾ ഉടൻ നികത്തുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.