Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിസന്ധി: റെക്സ് ടില്ലേഴ്സൻ ഗൾഫ് പര്യടനം തുടങ്ങി

qtr

കുവൈത്ത് സിറ്റി ∙ ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ ഗൾഫ് പര്യടനം ആരംഭിച്ചു. ഇന്നലെ കുവൈത്തിൽ നിന്നാണു ടില്ലേഴ്സന്റെ ഗൾഫ് പര്യടനം ആരംഭിച്ചത്. ഇതിനു മുന്നോടിയായി തുർക്കിയിലും ടില്ലേഴ്സൻ സന്ദർശനം നടത്തിയിരുന്നു.

ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾക്കു മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണമനുസരിച്ചാണു ടില്ലേഴ്സൻ കുവൈത്തിലെത്തിയത്. കുവൈത്തിനു ശേഷം ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും ടില്ലേഴ്സൻ സന്ദർശനം നടത്തും. വ്യാഴാഴ്ച വരെയാണു ടില്ലേഴ്സന്റെ ഗൾഫ് സന്ദർശനമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ആർ.സി. ഹാമണ്ട് പറഞ്ഞു. ഖത്തറും സൗദിയുൾപ്പെടെയുള്ള രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ നീക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു ടില്ലേഴ്സന്റെ സന്ദർശനമെന്ന് ഹാമണ്ട് വ്യക്തമാക്കി.

ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ജർമൻ വിദേശകാര്യമന്ത്രി സിഗ്‌മർ ഗബ്രിയേൽ, ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ എന്നിവർ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണു ടില്ലേഴ്സനും ഗൾഫ് പര്യടനം നടത്തുന്നത്. ഉപരോധം നീക്കണമെന്ന നിലപാടാണു സിഗ്‌മർ ഗബ്രിയേലും ബോറിസ് ജോൺസും പങ്കുവച്ചത്. ടില്ലേഴ്സനും സമാനമായ നിലപാട് നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ടില്ലേഴ്സന്റെ ഗൾഫ് പര്യടനത്തെ ഏറെ പ്രതീക്ഷയോടെയാണു ലോക രാജ്യങ്ങൾ കാണുന്നത്.

ഇതിനിടെ യുകെയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാർക്ക് സെ‍‍‍‍‍‍ഡ്‌വിൽ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജറാ അൽ സബാഹും മാർക്ക് സെഡ്‌വിലുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് മേഖലയിലെ സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ചും സുരക്ഷാ വൈദഗ്ധ്യത്തിന്റെ കൈമാറ്റത്തെക്കുറിച്ചും ചർച്ചകൾ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.