Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് നിരക്കുവർധന ഉടനില്ല

medical

കുവൈത്ത് സിറ്റി ∙ വിദേശികളിൽനിന്ന് ഈടാക്കുന്ന ആരോഗ്യ ഇൻഷുറൻസ് ഫീസ് 2020 വരെ നിലവിലുള്ള നിരക്കിൽ തുടരും. 50 ദിനാറാണ് നിലവിൽ പ്രതിവർഷ ഫീസ്. വിദേശികൾക്കു ചികിത്സാ സൗകര്യം ഒരുക്കുന്നതിനുള്ള ഹെൽത്ത് ഇൻഷുറൻസ് ആശുപത്രികളുടെ നിർമാണം പൂർത്തീകരിച്ചതിനുശേഷം മാത്രം വർധിപ്പിച്ച നിരക്ക് ഈടാക്കാമെന്ന് അധികൃതർ ധാരണയിൽ എത്തിയതിനെ തുടർന്നാണിത്.


വരുന്നു, ഇൻഷുറൻസ് ആശുപത്രികൾ



‘ഇൻഷുറൻസ്’ എന്ന പേരിലാകും നിർദിഷ്ട ആശുപത്രികൾ അറിയപ്പെടുക. ആദ്യഘട്ടമായി അടുത്തവർഷം ആദ്യപാദത്തിൽ രണ്ടു ഹെൽത്ത് സെന്ററുകൾ ഈ സംവിധാനത്തിനു കീഴിൽ ആരംഭിക്കും. തുടർന്നു ജഹ്‌റയിലും അഹമ്മദിയിലും 600 കിടക്കകളോടുകൂടിയ രണ്ട് ആശുപത്രികൾ പണിയും. അടുത്ത ഘട്ടത്തിൽ മൂന്നു ഹെൽത്ത് സെന്ററുകളും പിന്നീട് അഞ്ച് ഹെൽത്ത് സെന്ററുകളും സ്ഥാപിക്കും. സർക്കാരിൽനിന്നോ സ്വകാര്യമേഖലയിൽ നിന്നോ വിലയ്ക്കെടുക്കുന്നതോ വാടകയ്ക്കെടുക്കുന്നതോ ആകും ഹെൽത്ത് സെന്ററുകൾ.

രാജ്യത്തു സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 18 ലക്ഷത്തോളം വിദേശികൾക്കു പ്രയോജനം ലഭിക്കുന്നതാകും ഹെൽത്ത് ഇൻഷുറൻസ് ആശുപത്രികൾ എന്നാണ് അധികൃതർ കണക്കാക്കുന്നത്. ഹെൽ‌ത്ത് ഇൻഷുറൻസ് ആശുപത്രികൾ പൂർത്തിയാകുന്നതോടെ സർക്കാർ ആശുപത്രികൾ സ്വദേശികൾക്കു മാത്രമായിരിക്കും. അതേസമയം ഇൻഷുറൻസ് ആശുപത്രികളിലും മെച്ചപ്പെട്ട ചികിത്സാ സംവിധാനം തന്നെയാകുമെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ നിലവിലുള്ള തിരക്കു കുറച്ചുകൊണ്ടുവരികയാണ് ഇൻഷുറൻസ് ആശുപത്രി സ്ഥാപിക്കുന്നതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി വിവിധതലങ്ങളിൽ ചർച്ച നടത്തുന്നുണ്ട്. ഈ ചർച്ചയിലാണ് ഇൻഷുറൻസ് ഫീസ് വർധന ആശുപത്രി നിർമാണം പൂർത്തിയായശേഷം എന്നു ധാരണയായിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.