Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികഫീസ് വാങ്ങി ഇഖാമ അനുമതി

Visa-Seal-2-col---Copy

കുവൈത്ത് സിറ്റി ● മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരെ കുടുംബവീസയിൽ കൊണ്ടുവരുന്നതിനുള്ള ചെലവേറും. ഭാര്യ, ഭർത്താവ്, മക്കൾ എന്നിവരൊഴിച്ചുള്ള ബന്ധുക്കൾക്കു സന്ദർശക വീസ നൽകേണ്ടതില്ലെന്നു കഴിഞ്ഞയാഴ്ചയാണു തീരുമാനിച്ചത്. നിലവിൽ കുവൈത്തിൽ ഉള്ളവരുടേതു പുതുക്കേണ്ടതില്ലെന്നും തീരുമാനമുണ്ടായിരുന്നു. വിമർശനം ഉയർന്ന സാഹചര്യത്തിൽ അധികൃതർ നടത്തിയ പുനരവലോകനത്തിലാണ് ഹെൽ‌ത്ത് ഇൻഷുറൻസ് ഫീസായി 300 ദിനാർ ഈടാക്കി വീസ നൽകുന്നതിനെ കുറിച്ച് ആലോചനയുണ്ടായത്. വീസാ ഫീസായി നിലവിലുള്ള 200 ദിനാറിനു പുറമെയാകും ഹെൽ‌ത്ത് ഇൻഷുറൻസ് ഫീസ്.

രക്ഷിതാക്കളെയും സഹോദരങ്ങളെയും കുടുംബവീസയിൽ കുവൈത്തിൽ എത്തിക്കുകയും സർക്കാർ ആശുപത്രികളിൽ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് വീസാ നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാൽ അത് മനുഷ്യത്വരഹിതമാണെന്നു പിന്നീട് വിമർശനം ഉണ്ടായി. കാലങ്ങളായി കുവൈത്തിൽ തൊഴിലെടുത്തു ജീവിച്ച്, ജീവിത സായാഹ്നത്തിൽ അവരുടെ കുവൈത്തിലുള്ള മക്കൾക്കൊപ്പം വിശ്രമജീവിതം നയിക്കുന്നവർ വീസാ നിയന്ത്രണത്തിൽ പ്രയാസപ്പെടുമെന്നാണു പരാതി. ചില എം‌പിമാരും അക്കാര്യം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിലെ പാസ്പോർട്ട്-പൗരത്വ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് മസാൻ അൽ ജാറ അൽ സബാഹ് ഉന്നതതല യോഗം വിളിച്ചുചേർത്തത്. ഇൻഷുറൻസ് കമ്പനി മുഖേന ഫീസ് പിരിക്കാമെന്നാണ് ആലോചിക്കുന്നത്. അതിനായി ഇൻഷുറൻസ് കമ്പനിയുമായി കരാറുണ്ടാക്കും. കരാർ നിലവിൽ വരുന്നതോടെ ഹെൽത്ത് ഇൻഷുറൻസ് നൽകാൻ തയാറുള്ളവർക്ക് വീസ നൽകാമെന്നാണ് ആലോചിക്കുന്നത്. 12000 പേർക്ക് ഈ ആനുകൂല്യം പ്രയോജനം ചെയ്യുമെന്നാണു പ്രാഥമിക കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.