Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്ത് എംബസി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ വൈകുന്നു; ഉദ്യോഗാർഥികൾ പ്രതിസന്ധിയിൽ

kuwait-attestation

മലപ്പുറം ∙ കുവൈത്ത് എംബസി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ വൈകുന്നതിനാൽ കേരളത്തിൽനിന്നുള്ള  ഉദ്യോഗാർഥികൾ പ്രതിസന്ധിയിൽ. നാട്ടിൽ നോർക്ക വഴി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ കൊടുത്ത്, തിരിച്ചുകിട്ടുമെന്നു കരുതി കുവൈത്തിലേക്കു തിരിക്കുകയും അവിടെയെത്തിയിട്ടും ലഭിക്കാതിരിക്കുകയും  ചെയ്യുന്ന അവസ്ഥയാണെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. സാക്ഷ്യപ്പെടുത്തൽ മൂന്നുമാസം വരെ വൈകുന്നത് തെക്കൻ ജില്ലകളിൽനിന്നുള്ള നഴ്സുമാർ ഉൾപ്പെടെയുള്ളവരെ ബാധിച്ചിട്ടുണ്ട്. വൈകുന്നതിന്റെ കാരണം വ്യക്തമല്ല.

കുവൈത്തിൽ ജോലി ചെയ്യുന്നതിനായി വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഡൽഹിയിൽ അയച്ച് സാക്ഷ്യപ്പെടുത്തണം. നോർക്ക കേന്ദ്രങ്ങൾ വഴി അയയ്ക്കുന്ന സർട്ടിഫിക്കറ്റുകൾ ആദ്യം മാനവശേഷിമന്ത്രാലയത്തിലും  തുടർന്ന് കുവൈത്ത് എംബസിയിലുമെത്തും. എന്നാൽ, എംബസിയിലെത്തുന്ന സർട്ടിഫിക്കറ്റുകളിൽ സാക്ഷ്യപ്പെടുത്തൽ വൈകുകയാണ്. സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും ഉള്ളടക്കം അറബിക്കിലേക്ക് പരിഭാഷപ്പെടുത്തുകയും  വേണം. ഇതു ഹാജരാക്കിയാൽ മാത്രമേ നിയമനം ലഭിക്കൂ. പ്രഫഷനൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ് പ്രതിസന്ധിയിലായവരിൽ അധികവും.

കുവൈത്ത് അറ്റസ്റ്റേഷൻ വൈകുന്നതായി നോർക്ക കോഴിക്കോട് മേഖലാ ഓഫിസിലെ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. മൂന്നുമാസം മുൻപ് അയച്ച സർട്ടിഫിക്കറ്റ് പോലും തിരിച്ചുവരാനുണ്ട്. തിരിച്ചുകിട്ടാൻ വൈകുമെന്നു ബോധ്യപ്പെടുത്തിയാണ് ഇപ്പോൾ നോർക്ക ഓഫിസിൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നത്. പ്രശ്നം ഡൽഹിയിലെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും  പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും നോർക്ക ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.