Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറം ഫലം: യുഡിഎഫിന് ഉത്തേജക ഔഷധമെന്ന് സണ്ണി ജോസഫ് എംഎൽഎ

malapuram സണ്ണി ജോസഫ് എം‌എൽ‌എ കുവൈത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു. ഒഐസിസിയുടെയും കണ്ണൂർ ജില്ലാ യൂത്ത് വിങ്ങിന്റെയും നേതാക്കൾ സമീപം.

കുവൈത്ത് സിറ്റി∙ മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം യു‌ഡി‌എഫിന് ആത്മവിശ്വാസം നൽകുന്ന ഉത്തേജക ഔഷധമാണെന്ന് സണ്ണി ജോസഫ് എം‌എൽ‌എ. കേന്ദ്ര/സംസ്ഥാന ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങൾക്കെതിരായ വിധിയെഴുത്താണ് മലപ്പുറത്തേതെന്നും അദ്ദേഹം പറഞ്ഞു.

ഒഐസിസി യൂത്ത് വിങ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംബന്ധിക്കാൻ കുവൈത്തിൽ എത്തിയതായിരുന്നു അദ്ദേഹം. വർഗീയതയെ പരാജയപ്പെടുത്തിയ തിരഞ്ഞെടുപ്പാണ് മലപ്പുറത്തു നടന്നത്. കേരളം പിടിക്കുമെന്ന ബി‌ജെപി പ്രചാരണത്തിന് തുടക്കത്തിൽ തന്നെ തടയിടാൻ കഴിഞ്ഞു. വർഗീയതയുടെ വിജയമാണെന്ന പ്രചാരണം തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന കോടിയേരിയുടെയും വി‌എസിന്റെയും അഭിപ്രായത്തെ തിരുത്താനോ അംഗീകരിക്കാനോ വയ്യാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം വർഗീയതയുടെ പ്രദേശമാണെന്ന മന്ത്രി കടകം‌പള്ളിയുടെ പ്രസ്‌താവന സിപി‌എമ്മിന്റെ മനസിലിരുപ്പാണ് വെളിപ്പെടുത്തുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിലെ കോൺ‌ഗ്രസിൽ ഗ്രൂപ്പിസം ഇത്രയും കുറഞ്ഞ കാലഘട്ടം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. കോൺ‌ഗ്രസിൽനിന്ന് ബിജെപിയിലേക്ക് കളം മാറുന്നത് അവസരവാദികളും സ്ഥാനമോഹികളുമാണ്.

വിമാന യാത്രക്കൂലി, പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ സജീവമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ സംസ്ഥാന നിയമസഭയും കേരളത്തിൽ നിന്നുള്ള എം‌പിമാരും നിരന്തരം ഉന്നയിക്കാറുണ്ടെങ്കിലും ദേശീയതലത്തിൽ അവ നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരുകളുടെ ഭാഗത്തുനിന്നു ജനഹിത നടപടികൾ അല്ല ഉണ്ടാകുന്നത് എന്നതാണ് വസ്‌തുത. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിനുമായി ചർച്ച നടത്തിയതായി സണ്ണി ജോസഫ് പറഞ്ഞു.

ഇ.അഹമ്മദിന്റെ വിയോഗം ചില വിഷയങ്ങളിൽ വലിയ അഭാവമായി അനുഭവപ്പെടുന്നുവെന്ന് സ്ഥാനപതി പ്രത്യേകം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഐസിസി ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്റ് ചാക്കോ ജോർജ് കുട്ടി, കണ്ണൂർ ജില്ലാ യൂത്ത് വിങ് നേതാക്കളായ അകിലേഷ് മാലൂർ, ഇല്യാസ് പൊതുവാച്ചേരി, ബിജു ചാക്കോ, ശോഭിൻ സണ്ണി എന്നിവരും വാ‍ർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.