Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ വില വർധന: അപ്പീൽ കോടതി വിധി 23ന്

petrol

കുവൈത്ത് സിറ്റി∙ പെട്രോൾ വില വർധന റദ്ദാക്കിയ കീഴ്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ അപ്പീൽ കോടതി 23ന് വിധിപറയും. പെട്രോൾ വില വർധിപ്പിച്ച സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന വാദവുമായി അഭിഭാഷകനായ അലി അൽ അലിയാണ് കീഴ്കോടതിയെ സമീപിച്ചത്.

തുടർന്ന് വില വർധിപ്പിച്ച നടപടി കോടതി റദ്ദാക്കുകയായിരുന്നു. വില വർധിപ്പിച്ച തീരുമാനം കോടതി റദ്ദാക്കിയെങ്കിലും മേൽക്കോടതികളിൽ അപ്പീൽ നൽകാവുന്ന സാഹചര്യത്തിൽ വിധി പ്രാബല്യത്തിൽ വന്നിരുന്നില്ല. വില വർധിപ്പിക്കാനുള്ള അവകാശം കുവൈത്ത് പെട്രോളിയം കമ്പനിക്കാണെന്നും അക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് നിയമവ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നുമാണ് ഹർജി.

എന്നാൽ തെറ്റായ വ്യാഖ്യാനങ്ങളാണ് ഹർജിക്കാരന്റേത് എന്നാണ് സർക്കാറിന്റെ വാദം. അതിനിടെ എണ്ണയുൽപാദനം കുറച്ച നടപടി ദീർഘിപ്പിക്കുന്നതിന് കുവൈത്തും സൗദി അറേബ്യയും താത്പര്യം പ്രകടിപ്പിച്ചു. വിലനിലവാരം പിടിച്ചു നിർത്തുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി ആറു മാസത്തേക്ക് ഉൽപാദനം കുറയ്ക്കാൻ ഒപെക്-ഒപെക് ഇതര രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ജൂണിൽ പ്രസ്‌തുത കാലാവധി അവസാനിക്കാനിരിക്കെയാണ് ഉൽപാദനം കുറയ്ക്കൽ ദീർഘിപ്പിക്കുന്നതിനുള്ള നീക്കം.

എന്നാൽ അത് സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ലെന്ന് സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് അറിയിച്ചു. ഒപെക് ഇതര രാജ്യങ്ങളുമായും ആശയവിനിമയം നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉൽപാദനം കുറയ്ക്കുന്നതു സംബന്ധിച്ച് ഒപെക് ഇതര രാജ്യങ്ങളിൽനിന്ന് അനുകൂല സൂചനകളാണ് ലഭിക്കുന്നതെന്ന് കുവൈത്ത് എണ്ണമന്ത്രി ഇസാം അൽ മർസൂഖും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.