Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പിണറായിയും മനോന്മണീയം പിള്ളയും പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സും

ഡി. ബാബു പോള്‍
pinarayi-sundaram

പിണറായി പിടിച്ച പുലിവാല്‍ ആണ് മനോന്മണീയം സുന്ദരം പിള്ള. ആ പേര് പറഞ്ഞ് വടക്കേ മലബാറുകാരെ അത്ഭുതപ്പെടുത്തിക്കളയാം എന്ന് വിചാരിച്ചാണ് അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടത്. സംഗതി വിനായകം പ്ര കുര്‍വാണോ രചയാ മാസ വാനരം എന്ന് പണ്ട് ആരാണ്ട് പറഞ്ഞത് മാതിരി ആയി. ഗണപതിയെ വരയ്ക്കാനാണ് പുറപ്പെട്ടത്. നിര്‍മ്മിതി പൂര്‍ത്തിയായപ്പോള്‍ വിനായകന് പകരം വാനരന്‍.

അത് പിണറായിയുടെ ഒരു ദുരോഗ്യമാണ് അല്ലെങ്കിലും സത്യസന്ധനായ പിണറായി ലാവലിന്‍ കമ്പനിയില്‍ നിന്ന് പത്ത് പന്ത്രണ്ട് കോടി അടിച്ചുമാറ്റി എന്നാണ് കഥ. കോടികള്‍ മാറിയെന്നും അത് അഞ്ച് നദികള്‍ അനുഗ്രഹിക്കുന്ന ഉത്തരദേശത്തെ കഥാവശേഷനായ താടിക്കാരന്റെ അപ്രത്യക്ഷനായ മകന്‍ അടിച്ചു എന്നും ഇന്ദ്രപ്രസ്ഥത്തില്‍ കരക്കമ്പിയുണ്ട്. അത് എങ്ങനെ ഇരുന്നാലും 1996 ലെ പയ്യന്‍ പിണറായിക്ക് പണം അടിച്ചുമാറ്റാന്‍ കഴിയുമായിരുന്നില്ല എന്ന യുക്തി ബദ്ധ ചിന്ത ആരെയും സ്വാധീനിച്ചു കാണുന്നില്ല. 1996 ലെ പിണറായി 2006 ലെ എ. കെ. ബാലനെയും 2016 ലെ കടകംപള്ളി സുരേന്ദ്രന്‍, എം. എം. മണി എന്നിവരെയും പോലെ ഒരു പയ്യനായിരുന്നു. മുഖ്യമന്ത്രി നായനാരും നായനാരെ നിയന്ത്രിച്ച പാര്‍ട്ടി സെക്രട്ടറി അച്യുതാനന്ദനും അറിയാതെ ഒരു ജൂനിയര്‍ മന്ത്രി രായ്ക്കുരാമാനം കാനഡയില്‍ പോയി കച്ചവടം നടത്തി എന്ന് പറഞ്ഞാല്‍ യുക്തി ബോധം ഉള്ളവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുകയില്ല.

ആ യുക്തിയൊന്നും ആരും ആലോചിച്ചില്ല. ഇതിനാണ് സത്യാനന്തര സമൂഹം എന്ന് പറയുന്നത്. പോസ്റ്റ് ട്രൂത്ത് സൊസൈറ്റി.

നുണകള്‍ പ്രചരിപ്പിക്കുന്നതും രാഷ്ട്രീയവും സാമൂഹികവും ആയ ചര്‍ച്ചകളില്‍ ഇല്ലാക്കഥകള്‍ കയറ്റിവിടുന്നതും വിശകലന വിധേയമാക്കിയ ഒരു ചിന്തകന്‍ ഉണ്ട്. ഹാരി ഗോര്‍ഡണ്‍ ഫ്രാങ്ക്ഫുര്‍ട്ട് എന്ന് പേര്. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്പിനെ സ്വാധീനിച്ച യുക്തിചിന്തകള്‍ സംബന്ധിച്ച ഗവേഷണത്തിനാണ് പ്രസിദ്ധി. ഫ്രാങ്ക്ഫുര്‍ട്ടിന്റെ ഈ ചിന്തകള്‍ കെയിസ്, ആള്‍ട്ടര്‍മാന്‍, ക്രൗച്ച് തുടങ്ങിയ ബുദ്ധിജീവികള്‍ ഏറ്റെടുത്തു. സത്യാനന്തരം അഥവാ പോസ്റ്റ് ട്രൂത്ത് എന്ന പദം ആദ്യം പ്രയോഗിച്ചത് സ്‌ടോജന്‍ സ്റ്റീവ് ടെസിക്(1942-96) എന്ന എഴുത്തുകാരന്‍ 'ദ് നേഷന്‍' എന്ന വാരികയില്‍ 1992 ല്‍ എഴുതിയ ഒരു ലേഖനത്തില്‍ ആയിരുന്നു എന്നാണ് കാര്‍ലോ മരിയ പൊല്‍വാണി പറഞ്ഞുതരുന്നത്.

''... We, as a free people, have freely decided that we want to live in some post- truth World' എന്ന് ടെസിക് എഴുതിയത് അമേരിക്കന്‍ പൊതുജനാഭിപ്രായം സീനിയര്‍ ബുഷിന്റെ ഓപ്പറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം വിജയിച്ചതിന്റെ പേരില്‍ അമിതാവേശം കൊണ്ടപ്പോള്‍ ആയിരുന്നു.

വസ്തുതകള്‍ അവഗണിച്ചും വികാരങ്ങള്‍ക്ക് അധീനപ്പെട്ടും നടക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയ സാംസ്‌ക്കാരിക വ്യവഹാരങ്ങളാണ് ഇന്ന് സത്യാനന്തര രാഷ്ട്രീയം എന്ന പദം സൂചിപ്പിക്കുന്നത്.

പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സ് ലോ അക്കാദമി വിഷയത്തില്‍ കടന്നു വരുന്നത് എങ്ങനെയാണ് എന്ന് പറയാന്‍ ശ്രമിക്കാം.

വസ്തുതകള്‍ എന്തൊക്കെയാണ് ? (ക) മനോന്മണീയം സുന്ദരം പിള്ളയ്ക്ക് ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തൊണ്ണൂറേക്കര്‍ പതിച്ചു കൊടുക്കുന്നു. (ഖ) സുന്ദരം പിള്ളയുടെ മകന്‍ പി. എസ്. നടരാജപിള്ള പില്‍ക്കാലത്ത് ശ്രീചിത്തിര തിരുനാളിന്റെ ദിവാനെതിരെ സമരം നയിക്കുന്നു. ദിവാന്‍ പഴയ ദാനം റദ്ദാക്കുന്നു. ഒരു ജപ്തിക്കേസും ഉണ്ടാകുന്നു. (ഗ) നടരാജ പിള്ളയുടെ പ്രസ്ഥാനം അധികാരത്തിലെത്തുന്നു. ആ സര്‍ക്കാര്‍ സ്ഥലം അദ്ദേഹത്തിന് തിരിച്ചു കൊടുക്കാന്‍ ഉത്തരവ് ഇടുന്നു. ആദര്‍ശധീരനും ത്യാഗധനനും ആയ നടരാജപിള്ള അത് നിഷേധിക്കുന്നു. തല്‍ഫലമായി രണ്ട് കാര്യങ്ങള്‍ സംഭവിക്കുന്നു. ഒന്ന് സര്‍ക്കാര്‍സ്ഥലം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടരുന്നു. രണ്ട്, നടരാജ പിള്ളയുടെ പിന്‍തലമുറയ്ക്ക് കാരണവര്‍ ചെയ്തത് അബദ്ധമായി എന്ന് തോന്നുന്നു. (ഘ) സമാധാനം നാരായണന്‍ നായര്‍ സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വേണ്ടി ലോകസമാധാനത്തിന് പരിശ്രമിക്കുന്നത് മതിയാക്കി തിരിച്ചെത്തുന്നു. വിദ്യാഭ്യാസം ഉള്ള രാഷ്ട്രീയക്കാരെ സൃഷ്ടിക്കാനായി ഒരു ലോ കോളജ് തുടങ്ങാന്‍ നിശ്ചയിക്കുന്നു. ഇ.എം.എസ്, അച്യുതമേനോന്‍, എം.എന്‍ തുടങ്ങി ആരും ഒരുനാളും കുറ്റം പറഞ്ഞിട്ടില്ലാത്തവരുടെയൊക്കെ ഭരണകാലത്തായി ഒരു ട്രസ്റ്റിന് രൂപം കൊടുക്കുന്നു. ആ ട്രസ്റ്റിന് സര്‍ക്കാര്‍ സ്ഥലം നേടിയെടുക്കുന്നു. ഒരു പാരലല്‍ കോളജ് തുടങ്ങുന്നു. അതിന് അഫിലിയേഷന്‍ നേടുന്നു. പാരലല്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ സര്‍വ്വകലാശാല ഭരിക്കുന്നയാളായി ഉയരുന്നു. (ങ) ഇടവപ്പാതികള്‍ പലത് പെയ്‌തൊഴിയുന്നു. മഴ പെയ്യാതിരുന്ന ഇക്കൊല്ലവും ലക്ഷ്മീ നായര്‍ എന്ന ബഹുമുഖ പ്രതിഭ വിവാദ കേന്ദ്രമാവുന്നു.

ഈ വസ്തുതകള്‍ അങ്ങനെ നില്‍ക്കട്ടെ. വിദ്യാര്‍ത്ഥികള്‍ ലക്ഷ്മീ നായര്‍ക്കെതിരെ സമരം നടത്തി. ലക്ഷ്മിയുടെ വിദ്യാഭ്യാസവും ജീവിതരീതിയും പ്രവര്‍ത്തനശൈലിയും ഒക്കെ ചര്‍ച്ചാ വിഷയം ആയി. അത് സ്വാഭാവികം; ക്ഷന്തവ്യം. അപ്പോള്‍ നടരാജ പിള്ളയുടെ പിന്‍മുറക്കാര്‍ നടരാജപിള്ളയുടെ ത്യാഗബുദ്ധി കൊണ്ട് നഷ്ടപ്പെട്ടുപോയ സ്വത്ത് തിരിച്ചുപിടിക്കാന്‍ പറ്റിയ സന്ദര്‍ഭമായി ഈ വിദ്യാര്‍ത്ഥി സമരത്തെ കാണുന്നു. അതോടെ ചര്‍ച്ച ലോ അക്കാദമി ഇരിക്കുന്ന സ്ഥലം എന്ന വിഷയത്തിലേയ്ക്ക് പരിമിതപ്പെട്ടു. ഇവിടെ നടരാജപിള്ളയോടുള്ള ബഹുമാനം വിഷയമേ അല്ല. വിഷയം ലക്ഷ്മീ നായരുടെ നടപടികളും നടപടിപ്പിശകുകളും ആണ്. അക്കാര്യം മറന്നിട്ട്, സുന്ദരം പിള്ളയ്ക്ക് സ്മാരകമില്ല, നടരാജപിള്ളയോട് അനീതി ചെയ്തു എന്നൊക്കെ പറഞ്ഞാണ് ബഹളം.

ഇവിടെ അന്വേഷിക്കേണ്ടത് ലക്ഷ്മി എങ്ങനെ നിയമ ബിരുദം നേടി, അതിന് മുന്‍പ് അധ്യാപികയായത് എങ്ങനെ, സകലമാന വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഏറിയും കുറഞ്ഞും സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടായിരിക്കെ നാരായണന്‍ നായര്‍ക്ക് മാത്രം എങ്ങനെ സമാധാനം കിട്ടുന്നു. എയ്ഡഡോ സ്വാശ്രയമോ അല്ലാത്ത ഈ കോളേജ് എങ്ങനെ നിലനില്‍ക്കുന്നു എന്നൊക്കെയാണ്. പകരം നമ്മള്‍ വേട്ടയാടുന്നത് മനോന്മണീയം സുന്ദരം പിള്ളയുടെ -പി.എസ്. നടരാജപിള്ളയുടെയല്ല-പേര് മറന്നു പോയ വടക്കെ മലബാറുകാരനെയാണ്. എ. കെ. ആന്റണിക്കറിയാമോ സുന്ദരംപിള്ളയെ മനോന്മണീയം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ? സുധീരനറിയാമോ സുന്ദരംപിള്ള ആലപ്പുഴക്കാരനായിരുന്നുവെന്ന് ? പിണറായിയെ പിടിച്ചിരിക്കയാണ്.

ഇതാണ് ടെസിക് പറഞ്ഞ പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സ്. ഡോക്ടര്‍ കെ.എം. ഏബ്രഹാമിനെ പോലെ സുപ്രീം കോടതിയുടെ വരെ പ്രശംസയ്ക്ക് പാത്രമായ, യു.പി.എ. ഭരണകാലത്ത് ധനമന്ത്രി പ്രണബിനെ വെല്ലുവിളിച്ച, വിദ്യാര്‍ത്ഥി ജീവിതകാലത്ത് ഇടതുപക്ഷ ദര്‍ശനത്തിന്റെ പേരില്‍ ജയിലില്‍ പോയ ഒരാളെ വേട്ടയാടുന്നതും പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സ് തന്നെ.

സര്‍ക്കാരും പൊതുസമൂഹവും ആലോചിക്കേണ്ട സംഗതികളുടെ പേരില്‍, ഭാരതീയ ജനതാപാര്‍ട്ടി തുടങ്ങിയതും മറ്റ് കക്ഷികള്‍ ഏറ്റെടുത്തതുമായ സമരം ശ്രദ്ധിക്കണം. ലോ അക്കാദമി നടത്തുന്ന ട്രസ്റ്റ് എങ്ങനെ ഇപ്പോഴത്തെ പരുവത്തിലായി എന്ന് അന്വേഷിക്കണം. അത് ജില്ലാ രജിസ്ട്രാറോട് ചോദിച്ചാല്‍ അറിയാവുന്നതേയുള്ളൂ. അവിടെ ധര്‍മ്മച്യുതിയോ നിയമ ലംഘനമോ ഉണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ലോ അക്കാദമി ഏറ്റെടുക്കണം. അതിന് പി.എസ്. നടരാജപിള്ളയുടെ പേര് നല്‍കണം. ആ വളപ്പ് ആസ്ഥാനമായി ഒരു നിയമ സര്‍വ്വകലാശാല (നടരാജപിള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്) സ്ഥാപിക്കണം.

അതിന് പിണറായി മടിച്ചാല്‍ കാര്യകാരണസഹിതം എതിര്‍ക്കുക തന്നെ വേണം. എന്നാല്‍ പിണറായിയുടെ നാവ് പിഴച്ചത് തിരുവാ എതിര്‍വാ വക്രദൃഷ്ടി, ചിത്രം വിചിത്രം തുടങ്ങിയ പരിപാടികള്‍ കൊണ്ടു നടക്കുന്നവര്‍ക്ക് വിട്ടുകൊടുക്കുക. പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സ് ജനാധിപത്യത്തെ നിര്‍വ്വീര്യമാക്കുന്ന അര്‍ബ്ബുദമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.