Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ട്രംപിനു കീഴില്‍ അശാന്തരായി അമേരിക്കന്‍ ഇന്ത്യക്കാര്‍

ടി.പി. ശ്രീനിവാസന്‍
617578342

പ്രവാസികളായ ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ പ്രാമുഖ്യമുളളത് അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ക്കാണ്. അമേരിക്കന്‍ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമേയുള്ളെങ്കിലും വിദ്യാഭ്യാസപരമായും സാമ്പത്തികമായും രാഷ്ട്രീയ സ്വാധീനത്തിന്റെ കാര്യത്തിലും മറ്റു രാജ്യങ്ങളിലുള്ള ഇന്ത്യക്കാരേക്കാള്‍ ഒരുപടി മുന്നിലാണ് അമേരിക്കയിലെ ഇന്ത്യക്കാര്‍. ജീവിതം അമേരിക്കയിലും സമ്പത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലും ഹൃദയം ഇന്ത്യയിലും എന്നാണ് അവരെക്കുറിച്ചു പൊതുവായി പറയാറുള്ളത്. അടുത്ത കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുടെ ആവശ്യങ്ങളോട്  അമേരിക്കയിലെ പ്രവാസികള്‍ കുറച്ചുകൂടി വൈകാരികമായി പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പലരും താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനു പുറമേ പലരും നാട്ടില്‍ മടങ്ങിയെത്തി ജോലി ചെയ്യുന്നതിനും തയാറാകുന്നു. 1998-ല്‍ ഇന്ത്യ ആണവപരീക്ഷണം നടത്തിയതു മുതല്‍ 2008-ല്‍ ഇന്ത്യ-അമേരിക്ക ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നതുവരെയുള്ള വിഷയങ്ങളില്‍ ഇന്ത്യക്ക് അനുകൂലമായി അമേരിക്കയില്‍ അഭിപ്രായസമന്വയമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കു കഴിഞ്ഞുവെന്നതും ശ്രദ്ധേയം. 

അമേരിക്കയിലെ തദ്ദേശീയരായിരുന്ന അമേരിക്കന്‍ ഇന്ത്യന്‍സ്, റെഡ് ഇന്ത്യന്‍സ് എന്നിവരില്‍നിന്നു വ്യത്യസ്തരായി ഏഷ്യന്‍ ഇന്ത്യന്‍സ് അഥവാ 'ദേശീസ്' എന്നിങ്ങനെയാണ് അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ അറിയപ്പെടുന്നത്. അമേരിക്കന്‍ പൗരത്വം നേടിയവര്‍, ഗ്രീന്‍ കാര്‍ഡുള്ളവര്‍, എച്ച്1-ബി വിസ നേടി എത്തിയര്‍, ഹൃസ്വകാല സന്ദര്‍ശകര്‍, അനധികൃത കുടിയേറ്റക്കാര്‍ തുടങ്ങി ഏതാണ്ട് നാല്‍പതു ലക്ഷത്തോളം ഇന്ത്യക്കാരാണ് അമേരിക്കയിലുള്ളത്. ഇതില്‍ 87 ശതമാനം പേരും വിദേശത്തു ജനിച്ചവരാണ്. 56 ശതമാനത്തിനു മാത്രമാണ് അമേരിക്കന്‍ പൗരത്വമുള്ളത്. മികച്ച വിദ്യാഭ്യാസയോഗ്യതയും സമ്പത്തുമുള്ള ഇക്കൂട്ടര്‍ക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയോടാണ് കൂടുതല്‍ ആഭിമുഖ്യം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ അമേരിക്കയിലെ തങ്ങളുടെ ഭാവിയെക്കുറിച്ച് അമേരിക്കന്‍ പൗരത്വം നേടിയവര്‍ ഒഴികെയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും കടുത്ത ആശങ്കയാണ് നിലവിലുള്ളത്. 

hillary-clinton

2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ഹിലരി ക്ലിന്റനാണ് വോട്ട് ചെയ്തത്. ഡൊമോക്രാറ്റ് അനുഭാവികള്‍ എന്നതിനപ്പുറം ക്ലിന്റണ്‍ കുടുംബത്തോട് ഇന്ത്യക്കാര്‍ക്കുള്ള വൈകാരിക ബന്ധമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ബില്‍ ക്ലിന്റനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ജോര്‍ജ് ബുഷും റിപ്പബ്ലിക്കന്‍ സര്‍ക്കാരും ഇന്ത്യക്കാര്‍ക്കു വേണ്ടി ചെയ്തിട്ടുണ്ടെങ്കിലും ഭൂരിഭാഗത്തിനും ആഭിമുഖ്യം ഇപ്പോഴും ക്ലിന്റനോടാണ്. എന്നാല്‍ ചില ഇന്ത്യന്‍ കുടുംബങ്ങളില്‍ എല്ലാവരും ഒരേ പാര്‍ട്ടിക്കല്ല വോട്ട് ചെയ്തത്. ചിലര്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ചിലര്‍ റിപ്പബ്ലിക്കന്‍സിനെയാണു പിന്തുണച്ചത്. 


അതേസമയം സമ്പന്നരായ ഇന്ത്യക്കാര്‍ പൊതുവേ ട്രംപ് മുന്നോട്ടുവച്ച നികുതി പരിഷ്‌കരണങ്ങളിലും വ്യവസായ സൗഹൃദനയങ്ങളിലും ആകൃഷ്ടരായിരുന്നു. ഭീകരതയ്‌ക്കെതിരെ ട്രംപ് കര്‍ശന നിലപാടു സ്വീകരിക്കുമെന്നും മുസ്ലിംകളെ നിരോധിക്കുമെന്നും ചൈനയെ എതിര്‍ക്കുമെന്നും ഇന്ത്യയുമായി മെച്ചപ്പെട്ട വ്യാപാരബന്ധം സൃഷ്ടിക്കുമെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. വിദേശത്തുനിന്നുള്ള ജോലിക്കാര്‍ക്ക് അമേരിക്കയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും ഇന്ത്യന്‍ കമ്പനികളെയും തൊഴില്‍ ശക്തിയേയും ഒഴിവാക്കി യുഎസിലെ ഐടി വ്യവസായും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന ആത്മവിശ്വാസവും ഇന്ത്യക്കാര്‍ക്കുണ്ട്. 

donald-trump

ഭൂരിപക്ഷവിഭാഗമായ വെളുത്ത വര്‍ഗക്കാരുടെ അവകാശങ്ങളെക്കുറിച്ചും പുറമേനിന്നുള്ളവര്‍ അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം നേടാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും സംസാരിച്ച് അമേരിക്കാരുടെ അസ്തിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ പൊതുധാരയിലെത്തിക്കുകയാണ് പ്രധാനമായും ട്രംപ് ചെയ്തത്. എല്ലാ ഘടകങ്ങളും ചേര്‍ത്തിളക്കിയ ഒരു 'സാലഡ് ബൗളി'നേക്കാള്‍ വ്യതസ്ത സ്വഭാവമുള്ള വിഭവങ്ങള്‍ ആവശ്യത്തിനു മാത്രം ചേര്‍ത്തിണക്കുന്ന 'ഇന്ത്യന്‍ താലി'യായാണ് അമേരിക്ക കാണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വര്‍ണത്തിന്റെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ വളര്‍ന്നുവരുന്ന ഫാസിസ്റ്റ് പ്രവണതകളുടെ ഇരകളായി തങ്ങള്‍ മാറുമോ എന്ന ആശങ്കയാണ് ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ പൗരന്മര്‍ക്കുള്ളത്. ട്രംപ് ഭരണകൂടം സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സാധ്യതയുള്ള ഇന്ത്യയില്‍നിന്നുള്ള മുസ്്‌ലിംകളാണ് ഏറ്റവും കൂടുതല്‍ ഭീതിതമായ അവസ്ഥയില്‍ കഴിയുന്നത്. എല്ലാ പൗരന്മാര്‍ക്കും തുല്യഅവകാശമാണ് അമേരിക്കയിലുളളത്. എന്നാല്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പ്രാമുഖ്യം തങ്ങള്‍ക്കുണ്ടെന്നാണ് വെളുത്തവര്‍ഗക്കാരുടെ അവകാശവാദം. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതു പൗരത്വത്തിനു തുല്യമാണെങ്കിലും ഭാവിയില്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കുക ഏറെ ദുഷ്‌കരമാകുമെന്നാണു സൂചന. 

h1b-visa


ട്രംപിന്റെ പുത്തന്‍ തീരുമാനങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എച്ച്1-ബി വീസക്കാരെയാണ്. വീസാ കാലാവധി കഴിയുന്നതോടെ ഇവര്‍ക്കു നാട്ടിലേക്കു മടങ്ങേണ്ടിവരും. തദ്ദേശീയരില്‍നിന്നു തൊഴില്‍ അവസരങ്ങള്‍ തട്ടിയെടുത്തുവെന്ന ആരോപണം നേരിടുന്ന ഇത്തരക്കാരായ വിദേശതൊഴിലാളികളെയാണ് ട്രംപ് പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. എച്ച്1-ബി വീസാ ദുരുപയോഗം ഉണ്ടായിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും വീസയുടെ എണ്ണം വെട്ടിക്കുറച്ച് തൊഴില്‍ അവസരങ്ങള്‍ തദ്ദേശീയര്‍ക്കു നല്‍കുകയെന്നതാണ്് ട്രംപിന്റെ മനസിലിരിപ്പ്. ഐടി മേഖലയിലുള്ള എല്ലാ ഇന്ത്യക്കാരേയും ഒഴിവാക്കാന്‍ ഏതാണ്ട് ഏഴു മുതല്‍ ഒമ്പതു വര്‍ഷം വരെ വേണ്ടിവരുമെന്നതിനാല്‍ ഭരണകൂടത്തെ സംബന്ധിച്ച് ഇത് ഏറെ ശ്രമകരമായ ദൗത്യമായിരിക്കും. യഥാര്‍ഥത്തില്‍ എച്ച്1-ബി വീസാ പ്രശ്‌നം ഇന്ത്യയുമായുള്ള ട്രംപിന്റെ സൗഹൃദത്തിന്റെ 'ലിറ്റ്മസ്' പരീക്ഷണമായി മാറുമെന്ന് ഉറപ്പാണ്. അധികാരത്തിലെത്തിയതിനു ശേഷം ആദ്യം ട്രംപ് പരിഗണിച്ചതും ഈ വിഷയം തന്നെയാണ്. എച്ച്1-ബി വീസയിലെത്തുന്ന വിദേശ ജീവനക്കാരന്റെ കുറഞ്ഞ ശമ്പളം ഇരട്ടിയാക്കിക്കൊണ്ടാണ് ട്രംപ് ആദ്യ ആണിയടിച്ചത്. ഇതോടെ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിലുള്ള ആകര്‍ഷണീയത കമ്പനികള്‍ക്കു നഷ്ടമാകും. ഐടി വിദഗ്ധന്മാരുടെയും കമ്പനികളുടെയും തലയ്ക്കു മുകളില്‍ തൂങ്ങുന്ന വാളാണ് അവ്യക്തമായ എച്ച്1-ബി വീസാ ഉത്തരവ്. 

പുതിയ ഉത്തരവുകളുടെ പേരില്‍ സമര്‍ഥരായ വിദ്യാര്‍ഥികളും തൊഴില്‍ വൈദഗ്ധ്യമുള്ളവരും അമേരിക്ക വിട്ടുപോകണമെന്നു താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും ഹൃസ്വകാല വീസയിലെത്തിയവര്‍ക്കും അനധികൃതമായി കുടിയേറിയവര്‍ക്കും നിയമപരമായി നിലനില്‍ക്കാനുള്ള സാധ്യത തീരെ വിരളമാണ്.  

Narendra-Modi

ഇന്ത്യന്‍ ജീവനക്കാരെ കൂടാതെ നിലനിർത്താന്‍ കഴിയില്ലെന്നു കൃത്യമായി തിരിച്ചറിയുന്ന അമേരിക്കന്‍ കമ്പനികളില്‍നിന്നുള്ള സമ്മര്‍ദത്തിന്റെ ഫലമായി ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്കെതിരായ നീക്കങ്ങള്‍ക്കു താല്‍ക്കാലിക വിരാമമുണ്ടാകുമെന്നാണ് പലരും കരുതുന്നത്. ട്രംപും നരേന്ദ്രമോദിയും തമ്മില്‍ ഏറ്റവുമടുത്തു കൂടിക്കാഴ്ച നടക്കുമെന്നും വിഷയം ചര്‍ച്ച ചെയ്യപ്പെടുമെന്ന പ്രതീക്ഷയും ഇക്കൂട്ടര്‍ നിലനിര്‍ത്തുന്നുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ചൈനാ വിരുദ്ധ നിലപാടുകളിലും വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിലും ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കുകയാണെങ്കില്‍ വീസാ പ്രശ്‌നത്തിനു കൂടുതല്‍ പ്രാമുഖ്യം ലഭിക്കുമെന്നു വേണം വിലയിരുത്താന്‍. 

ട്രംപിന് ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ പ്രഖ്യാപിക്കുകയും ട്രംപ് പങ്കെടുത്ത ഇന്ത്യന്‍ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്ത അമേരിക്കന്‍ ഇന്ത്യക്കാരനായ ശലഭ് കുമാര്‍ കേന്ദ്രസര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ട്രംപ് ഭരണത്തില്‍ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നാണ് ശലഭ് ഉറപ്പിച്ചു പറയുന്നത്. ട്രംപിന്റെ പ്രധാന ഉപദേശകരില്‍ ഒരാളാണെന്ന് അവകാശപ്പെടുന്ന ശലഭ് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തിയാണ്. ഇതിനു പുറമേ പെപ്‌സികോ മേധാവി ഇന്ദ്ര നൂയി ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ട്രംപിന്റെ ഉപദേശകസംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതും ശുഭസൂചകമാണ്. യുഎന്നിലെ അമേരിക്കന്‍ അംബാസഡറായി നിയോഗിക്കപ്പെട്ട ഇന്ത്യന്‍ വംശജ നിക്കി ഹാലെയ്ക്കു ക്യാബിനറ്റ് പദവിയാണുള്ളത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ട്രംപിന്റെ വിശ്വസ്തരുടെ പട്ടികയില്‍ പല ഇന്ത്യക്കാരും ഇടംപിടിച്ചു കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായി യുഎസ് കോണ്‍ഗ്രസില്‍ അഞ്ച് ഇന്ത്യക്കാര്‍ അംഗങ്ങളായതും ആഭ്യന്തരവിഷയങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കും. 

ഓസ്‌ട്രേലിയയുടെയും തായ്‌വാന്റെയും പ്രസിഡന്റുമാരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ നാടകീയത തീര്‍ത്തും ഒഴിവാക്കപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. തീവ്രവാദത്തെക്കുറിച്ചും ചൈനീസ് പ്രശ്‌നങ്ങളെക്കുറിച്ചും ്രതിരോധ സഹകരണത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. അമേരിക്ക സന്ദര്‍ശിക്കാന്‍ ട്രംപ് മോദിയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയോട് ട്രംപിനുള്ള മമത സംശയാതീതമാണെന്നതും ഇരുനേതാക്കളും തമ്മിലുള്ള സമാനതകളും ഇന്ത്യ-യുഎസ് ബന്ധത്തില്‍ മുതല്‍ക്കൂട്ടാകുമെന്നു തന്നെ കരുതാം. അതേസമയം ട്രംപിന്റെ പല നീക്കങ്ങളിലും ഇന്ത്യ പങ്കാളിയാകുമെന്നതിന് ഉറപ്പിച്ചു പറയാനും കഴിയില്ല. എന്നാല്‍ ഇന്ത്യ-യുഎസ് ബന്ധം അതിവേഗത്തില്‍ മെച്ചപ്പെടുമെന്നും തങ്ങളുടെ ആശങ്കാകുലമായ ദിനങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കുടിയേറ്റക്കാരുടെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കേണ്ട ബാധ്യത ഇന്ത്യന്‍ സര്‍ക്കാരിനുണ്ട്. ട്രംപിന്റെ അമേരിക്കയ്ക്ക് ഇന്ത്യയില്‍ നിര്‍ണായക താല്‍പര്യങ്ങള്‍ ഉണ്ടുതാനും. ഈ അവസ്ഥയില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ആശ്വാസകരമായ സാഹചര്യം സംജാതമാകാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. പല വിഷയങ്ങളിലും സ്വീകരിച്ചിരുന്ന ഒറ്റയാന്‍ നിലപാടുകളില്‍ ട്രംപ് അയവു പ്രകടിപ്പിച്ചു തുടങ്ങിയതിന്റെ സൂചനകള്‍ പുറത്തുവരുന്നതും ശുഭകരമാണെന്നു പ്രതീക്ഷിക്കാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.